ഗെറ്റ്‌ ഔട്ട് ഡെമോക്രസി

Spread the love

എംബി രാജേഷ്

ഈ വാര്‍ത്ത കേട്ടിട്ട് നിങ്ങള്‍ക്ക് അദ്ഭുതം തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ 2014ന് ശേഷമുള്ള ഇന്ത്യയിലെ സംഭവവികാസങ്ങളെക്കുറിച്ച് നിങ്ങള്‍ പരിപൂ‍ർണ അജ്ഞനാണ് എന്ന് മാത്രമാണ് അര്‍ഥം. സംഘപരിവാറും അവരാല്‍ നയിക്കപ്പെടുന്ന കേന്ദ്രസര്‍ക്കാരും അവരുടെ ലക്ഷ്യങ്ങള്‍ ഒന്നും മറച്ചുവച്ചിട്ടില്ല. ആദ്യമവർ പാര്‍ലമെന്റിന്റെ സെൻട്രൽ ഹാളിൽ മഹാത്മാഗാന്ധിക്ക് നേരെ എതിർവശത്തായി സവർക്കറുടെ ചിത്രം പ്രതിഷ്ഠിച്ചു. പിന്നീടവർ ചരിത്രത്തെ കണ്ടം തുണ്ടമാക്കി വെട്ടിമുറിച്ച് വികലവും വിലക്ഷണവുമാക്കി. പാഠപുസ്തകങ്ങളിലെ ചരിത്ര വസ്തുതകളെ നിർദാക്ഷിണ്യം അരിഞ്ഞുതള്ളി. നെഹ്റു തുടക്കത്തിലേ പുറത്തായി. ഗാന്ധി വധത്തിന്റെ അധ്യായം തന്നെ നീക്കം ചെയ്തു. അതായത് വരും തലമുറകള്‍ മനസിലാക്കേണ്ടത് ഗാന്ധിയെ ആരും കൊന്നിട്ടില്ല എന്നാണ്. സ്വന്തം കയ്യിൽ പുരണ്ട ഗാന്ധിവധത്തിന്റെ ചോരക്കറ കഴുകിക്കളയാൻ കഴിയാത്തതുകൊണ്ട് ആ ചരിത്ര വസ്തുത തന്നെ പാഠപുസല്തകത്തിൽ കുഴിച്ചുമൂടി.

മൗലാനാ അബ്ദുള്‍ കലാം ആസാദെന്ന സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസവകുപ്പ് മന്ത്രിയും, പേരുകൊണ്ട് തന്നെ സംഘപരിവാറിന്റെ കണ്ണിൽ ചരിത്രത്തിലിടം പിടിക്കാൻ ‘അയോഗ്യനാണ്’. ഭഗത് സിംഗിനെയും വിഴുങ്ങാൻ കഴിയാത്തതുകൊണ്ട് ചരിത്ര പുസ്തകത്തിൽ നിന്ന് പുറത്താക്കി. ശുദ്ധികലശം ചരിത്ര പുസ്തകത്തിൽ മാത്രം ഒതുങ്ങുന്നില്ല. ജീവശാസ്ത്രത്തിന്റെയും ആധുനിക മനുഷ്യ വിജ്ഞാനത്തിന്റെയും തന്നെ അടിത്തറയായ ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം ഒരു കൂസലുമില്ലാതെ വലിച്ചെറിഞ്ഞു. ഇപ്പോഴിതാ, സ്വാതന്ത്ര്യസമരവും ജനകീയ സമരങ്ങളും രസതന്ത്രത്തിലെ ആവര്‍ത്തന പട്ടികയും മാത്രമല്ല, ജനാധിപത്യം തന്നെ ഇനി ഇന്ത്യയിലെ കുട്ടികള്‍ പഠിക്കേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നു.
സംഘപരിവാറിന്റെ വീക്ഷണത്തിൽ അത് സ്വാഭാവികമായ ഒരു തീരുമാനമാണ്. കാരണം അവർ ജനാധിപത്യത്തിലോ ഭരണഘടനയിലോ ഒരിക്കലും വിശ്വസിച്ചിട്ടില്ല. അതിന് നേര്‍വിപരീതമായ മതരാഷ്ട്രത്തിന്റെ സ്ഥാപനത്തിന് വേണ്ടിയാണ് അവർ ശ്രമിച്ചുകൊണ്ടിരുന്നത്. “ഉദാരമതിയായ ഒരു ഏകാധിപതിയുണ്ടെങ്കിൽ ജനാധിപത്യത്തിന്റെ ആവശ്യമില്ല” എന്നാണ് സംഘഗുരു ഗോള്‍വള്‍ക്കര്‍ വിചാരധാരയിൽ എഴുതിവെച്ചിരിക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിലൂടെ നല്‍കിയ സന്ദേശവും ജനാധിപത്യത്തിന്റെ അന്ത്യത്തിന്റേതായിരുന്നു. സ്വാതന്ത്ര്യസമരത്തിന് പകരം വര്‍ഗീയ കലാപങ്ങളും, ജനാധിപത്യത്തിന് പകരം ഏകാധിപത്യത്തിന്റെ പ്രയോജനവും, ജനകീയ സമരങ്ങള്‍ക്ക് പകരം ചെങ്കോൽ ചരിത്രവും, പരിണാമസിദ്ധാന്തത്തിന് പകരം ദശാവതാര കഥയും മതാധിഷ്ഠിത ഇന്ത്യയിലെ കുട്ടികള്‍ പഠിക്കട്ടെ.

തൊട്ടടുത്ത് പാകിസ്താനിലും അതിനുമപ്പുറത്ത് അഫ്ഗാനിസ്ഥാനിലും ഇതുപോലൊരു തലമുറ ‘പഠിച്ചുവളരുന്നുണ്ടല്ലോ’. അവരോട് ഇന്ത്യയിലെ കുട്ടികള്‍ മത്സരിക്കട്ടെ. ശാസ്ത്രവും ചരിത്രവും കുഴിച്ചുമൂടി, മതചരിത്രവും മതഗ്രന്ഥങ്ങളിലെ വെളിപാടുകളും മാത്രം പഠിപ്പിക്കുന്ന താലിബാനെപ്പോലെ, അതിവേഗം മോദിയുടെ ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. അവിടുത്തെപ്പോലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് നിയന്ത്രണങ്ങള്‍ കൂടി വന്നാൽ ഒപ്പത്തിനൊപ്പമായി. ബാക്കിയെല്ലാത്തിലും നാം അവർക്കൊപ്പമെത്തിക്കഴിഞ്ഞിരിക്കുന്നു.
ലോകപ്രസിദ്ധ ശാസ്ത്ര ജേർണലായ ‘നേച്ചർ’, പരിണാമസിദ്ധാന്തവും അടിസ്ഥാന ശാസ്ത്ര തത്വങ്ങളും പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിനെതിരെ രംഗത്തുവന്നിരുന്നു. രണ്ടായിരത്തിലേറെ ലോകപ്രശസ്ത ശാത്രജ്ഞന്മാർ കേന്ദ്രസർക്കാരിന് സംയുക്തമായി കത്തയച്ചു. എന്ത് ഫലം? വിജ്ഞാന വിരോധികളുടെ പരിവാരത്തിന്റെ കയ്യിലാണ് ഇന്ത്യ അകപ്പെട്ടിരിക്കുന്നത്. അജ്ഞതയിലും ആധുനിക മൂല്യങ്ങളുടെ തിരസ്കാരത്തിലും അധിഷ്ഠിതമായ, നരകതുല്യമായ മതരാഷ്ട്രത്തിന്റെ അന്ധകാരത്തിലേക്ക് ഇന്ത്യ അതിവേഗം ചുവടുവെച്ചുകൊണ്ടിരിക്കുകയാണ്. ‘ജനാധിപത്യം ഓര്‍മ്മയായി’ എന്ന കുറിക്കുകൊള്ളുന്ന തലക്കെട്ടുമായി ഇത് ഒന്നാം പേജിൽ വാര്‍ത്തയാക്കിയ മലയാള മനോരമ അഭിനന്ദനം അര്‍ഹിക്കുന്നു.


Spread the love

Leave a Reply

Your email address will not be published. Required fields are marked *