Dr.Vasu AK
മലയാളത്തിലെ പര്യായത്തിന്റെ പൊരുൾ എന്ന ഒരു ലേഖനം വളരെ മുമ്പ് ഞാൻ എഴുതിയിരുന്നു അത് നഷ്ടപ്പെട്ടുപോയി. എങ്കിലും ലേഖനത്തിന്റെ ചുരുക്കം,
ഒരു പദത്തിന്റെ പര്യായങ്ങൾ എന്ന പേരിൽ മലയാളത്തിൽ പഠിപ്പിക്കുന്ന പല പദങ്ങളും പര്യായങ്ങളെല്ല മറിച്ച് ജാതി സൂചകങ്ങളോ അധികാര സൂചകങ്ങളോ ആയി വരാറുണ്ട് എന്നതായിരുന്നു. ഉദാഹരണത്തിന്
വീട്, മന്ദിരം ,ഗേഹം ,ഭവനം ,ഇല്ലം,ചാള തുടങ്ങിയവ വാസസ്ഥലം എന്ന അർത്ഥത്തിൽ പര്യായമായി പഠിപ്പിക്കുമ്പോഴും അത് വ്യത്യസ്ത ജാതിക്കാരുടെ ഭവനങ്ങളെയാണ് സൂചിപ്പിക്കുന്നത്. നമ്പൂതിരിയുടെ വാസസ്ഥലത്തെ വീട് എന്ന് പറയാറില്ല ,മറിച്ച് ഇല്ലമെന്നോ മനയെന്നോ ഒക്കെയാണ് പറയുക.
മരണത്തെ സൂചിപ്പിക്കാനുള്ള ചാവുക, മരിക്കുക, മയ്യത്താവുക, തെക്കോട്ട് പോവുക, നാടുനീങ്ങുക ,
അന്ത്യശ്വാസം വലിക്കുക,ദിവംഗതനാവുക, ഭൗതികശരീരം വെടിയുക ,കാലം ചെയ്യുക , തീപ്പെടുക ഇതെല്ലാം പര്യായങ്ങളല്ല മറിച്ച് ജാതിയന്തരങ്ങളെയോ പദവിയന്തരങ്ങളെയോ സൂചിപ്പിക്കുന്ന പദനിർമ്മിതികളാണ്.
ഭാഷ മലിനമായിപേറുന്ന ജാതി സൂചകങ്ങൾ തന്നെയാണ് ഇവയുടെ നിലനിൽപ്പിന് ആധാരം.
രാജ്ഞിന്മാർ പ്രസവിച്ചു എന്നല്ല തമ്പുരാട്ടി തിരുവയറൊഴിഞ്ഞു എന്നാവും പറയുക..ഇക്കാലത്ത് തമ്പുരാട്ടി തിരുവയറൊഴിഞ്ഞു എന്ന് പത്രത്തിൽ കണ്ടാൽ അവർക്കെന്തോ വയറിളക്കം പിടിപെട്ട് കഷ്ടപ്പെടുന്നു എന്നാവും നവഭാഷാ വ്യവഹാരത്തിൽ മനസ്സിലാക്കുക. “വയറൊഴിയലിന് ” അത് “തിരു” ആയാലും “വെറു” ആയാലും അർത്ഥ വ്യതിയാനം പൂർണമായും സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്.
അനാചാരങ്ങൾ മാത്രമല്ല, ഇത്തരത്തിൽ പദങ്ങൾ ഇല്ലാതായിത്തീരലും അർത്ഥവ്യതിയാനം സംഭവിക്കുന്നതും നവോത്ഥാനത്തിന്റെയും ആധുനികതയുടെയും ലക്ഷണമാണ്.
നമ്പൂതിരിയുടെ മുന്നിൽ നിൽക്കുന്ന നായർക്ക് “ഞാൻ “ഇല്ല ” അടിയൻ ” മാത്രമേയുള്ളൂ എന്ന് ജാതിവ്യവസ്ഥയും കേരളചരിത്രവും എന്ന പുസ്തകത്തിൽ പി കെ ബാലകൃഷ്ണൻ എഴുതിയിട്ടുണ്ട്.

എന്നാൽ ഇന്ന് അടിയൻ എന്ന പദം ദൈവത്തെ ഫ്യൂഡൽ ജന്മിയായും
ഭക്തരെ കീഴാളനായും കണ്ടുകൊണ്ടുണ്ടായ ഭക്തിഗാനങ്ങളിൽ മാത്രമേ നിലനിൽക്കുന്നുള്ളൂ.
(ഡോ.കെ.ആർ. സജിത നവോത്ഥാനത്തിന്റെ മലയാളം . )
പത്രവാർത്തയിലെ പരേതനായ വ്യക്തിയോടുള്ള മുഴുവൻ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ,തീപ്പെട്ടു പോലുള്ള പദപ്രയോഗങ്ങൾ പത്രഭാഷയുടെ പിൻനടത്തത്തിന്റെ സൂചകങ്ങൾ മാത്രമാണ് . തീപിടുത്തത്തിൽ പെട്ട് പൊള്ളലേറ്റെന്ന അർത്ഥത്തിനിപ്പുറം തീപ്പെട്ടു എന്ന പദം മറ്റൊരു ബോധവും
നവഭാഷാ വ്യവഹാരത്തിൽ ഉണർത്തുന്നില്ല.
നവോത്ഥാനത്തിന് ചാലകശക്തിയായ നിരവധി ജ്ഞാനമനുഷ്യർ തുടക്കമിട്ട
കേരള കൗമുദിയിൽ ഇങ്ങനെയൊരു പദപ്രയോഗം ഒളിഞ്ഞ് കയറുന്നത് അവർ ആ പത്രത്തിൻറെ ചരിത്രമറിയാത്ത ജേണലിസ്റ്റുകളെ തീറ്റിപ്പോറ്റുന്നതിനാലാണെന്ന് പറയാതെവയ്യ.