Written by: Sahadevan K Negentropist
എണ്‍പതുകളുടെ അവസാനത്തിലാണ് ആദ്യമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. നഗരങ്ങളേക്കാള്‍, അക്കാലത്ത്, ഏറ്റവും കൂടുതല്‍ സഞ്ചരിച്ചത് ഗ്രാമീണ മേഖലകളിലേക്കായിരുന്നു.
ഏത് ഗ്രാമങ്ങളില്‍ ചെന്നാലും ജയ് സിയാറാം എന്നതായിരുന്നു അഭിവാദ്യരീതി. വൃദ്ധ ജനങ്ങള്‍തൊട്ട് കുട്ടികള്‍ വരെ വളരെ സ്വാഭാവികമായി ശീലിച്ച ഒന്ന്. നൂറ്റാണ്ടുകളായി അവരുടെ സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്നത്. നിങ്ങള്‍ വിശ്വാസികളോ അവിശ്വാസികളോ ആരുമായിക്കൊള്ളട്ടെ ആ അഭിവാദന രീതിയോട് അതേ സ്വരത്തില്‍ പ്രതികരിക്കാതിരിക്കാന്‍ സാധിക്കില്ല. ഇന്നും ഹരിയാനയിലെയോ, രാജസ്ഥാനിലെയോ, ഗുജറാത്തിലെയോ, ഉത്തര്‍പ്രദേശിലെയോ ഗ്രാമീണ മേഖലയിലേക്ക് ചെന്നാല്‍ അതേ സിയാറാം വിളി കേള്‍ക്കാന്‍ കഴിയും.
‘ജയ് സിയാറാം’ എന്നതിന്റെ പൂര്‍ണ്ണരൂപം, ‘സിയാ വര്‍ രാമചന്ദ്ര കീ ജയ്’ (സീതാ പതി രാമചന്ദ്രന് ജയ്) എന്നാണ്. ഏതൊരപരിചിതനെയും ഒരൊറ്റ അഭിവാദ്യത്തിലൂടെ തങ്ങളിലേക്ക് ചേര്‍ത്തുനിര്‍ത്തുന്ന ‘ജയ് സിയാറാം’ വിളി പതുക്കെ പതുക്കെ ആക്രോശത്തിന്റെയും അക്രമാഹ്വാനത്തിന്റെയും അഹങ്കാരത്തിന്റെയും ഭീഷണ സ്വരമായി മാറിയത് വളരെ അടുത്തകാലത്ത് മാത്രമാണ്.
എണ്‍പതുകളില്‍ ടെലിവിഷനുകളിലൂടെ ഇന്ത്യയെമ്പാടും പ്രക്ഷേപണം ചെയ്യപ്പെട്ട രാമായണം സീരിയലുകളിലൂടെ ജയ് ശ്രീറാം വിളിക്ക് കൃത്യമായ ദൃശ്യപരത നല്‍കാന്‍ കഴിഞ്ഞു.
അതേസമയം, 1990ല്‍ ലാല്‍ കൃഷ്ണ അഡ്വാനി ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്നും ഉത്തര്‍പ്രദേശിലെ അയോദ്ധ്യയിലേക്ക് നടത്തിയ രഥയാത്ര ‘ജയ് സിയാറാമി’ല്‍ നിന്നും ‘ജയ് ശ്രീറാമി’ലേക്കുള്ള ഉത്തരേന്ത്യന്‍ ജനതയുടെ പരിണാമ യാത്ര കൂടിയായിരുന്നു.
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മാത്രം നിലനിന്നിരുന്ന, സീതാ സമേതനായ രാമനില്‍ നിന്നും യുദ്ധ സന്നദ്ധനായ, മര്യാദാ പുരുഷോത്തമനായ, ശ്രീരാമനെ ദേശീയ പുരുഷനായി ഉയര്‍ത്തിക്കാട്ടാനും അതുവഴി തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയെ ഇന്ത്യയുടെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിലേക്ക് പ്രതിഷ്ഠിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള ലാല്‍ കൃഷ്ണ അദ്വാനിയുടെ രഥയാത്ര ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തിനേല്‍പ്പിച്ച പരുക്ക് അതീവ ഗുരുതരമായിരുന്നു.
സാധാരണ നിലയില്‍ അഭിവാദന വാക്കുകളായി ഉപയോഗിച്ചിരുന്ന ജയ് സിയാറാം വിളികള്‍ മതസ്വത്വ ചിഹ്്‌നങ്ങളായി മാറ്റിയെടുക്കാന്‍ രഥയാത്രയ്ക്ക് കഴിഞ്ഞു. ഏത് അതിക്രമങ്ങള്‍ക്കും മുമ്പുള്ള പോര്‍വിളിയായി ജയ് ശ്രീറാം മാറിക്കഴിഞ്ഞു.
ഹിന്ദു വിഭാഗത്തില്‍പ്പെട്ട സകല മനുഷ്യരെയും ജയ് ശ്രീറാം വിളിയിലൂടെ ഏകോപിപ്പിച്ചു നിര്‍ത്താനുള്ള ശ്രമമായിരുന്നു കഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായി സംഘപരിവാര്‍ നടത്തിക്കൊണ്ടിരുന്നത്.
ഈ നാല് പതിറ്റാണ്ട് കാലത്തിനിടയില്‍ സംഘപരിവാര്‍ ഇന്ത്യയില്‍ നടത്തിയ വര്‍ഗ്ഗീയ വിഭജനം സമാനതകളില്ലാത്തതാണ്.