തെലങ്കാനയിൽ 70 ഇന ഉറപ്പുമായി കോൺഗ്രസ് പ്രകടനപത്രിക. ‘അഭയ ഹസ്തം’ എന്ന് പേരിട്ടിരിക്കുന്ന പത്രിക സ്ത്രീകളെയും കര്‍ഷകരെയും ലക്ഷ്യമിട്ടാണ് തയാറാക്കിയിരിക്കുന്നത്. രണ്ടു ലക്ഷം രൂപയുടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും. അധികാരത്തിലേറി ആറു മാസത്തിനുള്ളില്‍ ജാതി സെന്‍സസ് നടപ്പിലാക്കുമെന്നും പ്രകടനപത്രികയിലുണ്ട്. ഹിന്ദു പെണ്‍കുട്ടികളുടെ വിവാഹത്തിന് 10 ഗ്രാം സ്വര്‍ണവും ഒരു ലക്ഷം രൂപ ധനസഹായവും നൽകും. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുളള പെണ്‍കുട്ടികള്‍ക്ക് ഒരുലക്ഷത്തി അറുപതിനായിരം രൂപയുടെ ധനസഹായം നല്‍കുമെന്നും പറയുന്നു. ‘ഇന്ദിരാമ്മ ഗിഫ്റ്റ്’ എന്ന പേരിലുള്ള പദ്ധതി പ്രകാരമാണ് ധനസഹായം നല്‍കുന്നത്.
കര്‍ഷകര്‍ക്ക് തടസങ്ങളില്ലാതെ വൈദ്യുതി നല്‍കും. തെലങ്കാന സമരത്തിലെ രക്തസാക്ഷികളുടെ കുടുംബത്തിന് പ്രതിമാസം 25,000 രൂപ പെന്‍ഷനും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. ജാതി സെന്‍സസിനുശേഷം പിന്നാക്ക വിഭാഗത്തിന്റെ സംവരണം ഉയര്‍ത്തും.18 വയസിനു മുകളിലുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ നല്‍കും.