അഭിമുഖം ; കനി കുസൃതി /അർജുൻ ഉണ്ണി
2019 ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയ കനി കുസൃതിയുമായി The Tongue സബ് എഡിറ്റർ അർജുൻ ഉണ്ണി നടത്തിയ അഭിമുഖം.
ബിരിയാണിയുടെ സംവാദം
സിനിമ പുറത്തിറങ്ങാനിരിക്കുന്നത് കൊണ്ട് ഒരു പരിധിയിൽകൂടുത്തൽ സിനിമയെക്കുറിച്ച് സംസാരിക്കാൻ സാധിക്കില്ല. രണ്ട് സ്‌ത്രീകളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ, അമ്മയും മകളും അവരുടെ സാമൂഹിക സാഹചര്യങ്ങൾ അവരെ എവിടെ എത്തിക്കുന്നു എന്നതാണ് സിനിമ ചർച്ച ചെയ്യുന്നത്. ഒട്ടും പ്രിവിലേജ്ഡ് അല്ലാത്ത അവർ ഏതുവിധത്തിൽ ജീവിക്കാൻ ശ്രമിക്കുമ്പോഴും അവർക്ക് സാഹചര്യങ്ങളെ അതിജീവിക്കാൻ സാധിക്കുന്നില്ല. അതിനോടുള്ള റിയാക്ഷനാണ് സിനിമ. എല്ലാ സ്ത്രീകൾക്കും ഈ കഥാപാത്രവുമായി ഇമോഷണലി കണക്ട് ചെയ്യാൻ സാധിക്കും.
ഇരുപത്തി ഒന്നോളം സെൻസർ കട്ടുകളാണ് ബിരിയാണിക്ക്, സെൻസറിംഗിനേയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും കുറിച്ച്..
ഒരു പരിധിയിൽ കവിഞ്ഞുള്ള സെൻസർ ബോർഡിന്റെ ഇടപെടൽ സിനിമയുടെ അന്തഃസത്ത നഷ്ടപ്പെടാൻ കാരണമാവും. അതിൽ തർക്കമില്ല.പക്ഷെ സെൻസർ ബോർഡിന്റെ പ്രസക്തിയെ പൂർണമായും തള്ളിക്കളയാനും സാധിക്കില്ല. ആർട്ടിസ്റ്റിക് ഫ്രീടത്തിനൊപ്പമാണെങ്കിലും നമ്മുടെ സാഹചര്യത്തിൽ സെൻസർ ബോർഡിന്റെ ആവശ്യകതയെ അപ്പാടെ റദ്ദ് ചെയ്യാൻ കഴിയില്ല. ബിരിയാണിയുടെ സെൻസർഡ് വേർഷൻ ഞാൻ കണ്ടിട്ടില്ല അതുകൊണ്ട് അത് ഈ സിനിമയെ എങ്ങനെ ബാധിച്ചു എന്നും പറയാൻ സാധിക്കില്ല.
സ്ത്രീകൾ; ഫ്രയിമിനുള്ളിലും പുറത്തും.. ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രധാനപ്പെട്ട സംഭവങ്ങൾ നമ്മൾ കണ്ടതാണ്. ഒന്ന്, വിവാദ യൂ ട്യൂബറുമായി ബന്ധപ്പെട്ട വിഷയം,മറ്റൊന്ന് ഇന്നലെ AMMA ഭാരവാഹി ഒരഭിമുഖത്തിൽ നടത്തിയ പരാമർശം. Memories of a Machine പുറത്തിറങ്ങിയ സമയത്ത് സമാന സ്വഭാവമുള്ള ആക്രമണം കനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെ എങ്ങനെ കാണുന്നു.?
സ്‌ത്രീകളെ സപ്രസ് ചെയ്യുന്ന തരം പ്രവണതകൾ പണ്ട് മുതൽക്കേ ഉള്ളതാണ് സോഷ്യൽ മീഡിയ ഉപയോഗം വ്യാപകമായപ്പോ അത് ഇങ്ങനെ പുറത്തു വരാൻ തുടങ്ങിയെന്നെ ഉള്ളൂ. മലയാളത്തിലെ ആദ്യ നായികയ്ക്കാണ് ഞാൻ ഈ പുരസ്‌കാരം സമർപ്പിക്കുന്നത്. അവർ ഇതിന്റെ ഇരയാണ്. ഒരു ഉയർന്ന ജാതിയിൽ പെട്ട സ്ത്രീയായി വേഷമിട്ടതിനാണ് അവർ നാടുകടത്തപ്പെട്ടത്. പിന്നീടും ദളിത് വിഭാഗത്തിൽ പെട്ട നായികമാരെയൊന്നും ഞാൻ അധികം കണ്ടിട്ടില്ല. എല്ലാവർക്കും ഒരു പോലെ കോ എക്സിസ്‌റ്റ് ചെയ്യാൻ സാധിക്കണം.
ഭാഗ്യലക്ഷ്മി മാംമും ശ്രീലക്ഷ്മിയും ദിയ സനയുമൊക്കെ ബന്ധപ്പെട്ടുള്ള സംഭവത്തിൽ അവർ അയാളെ ആക്രമിക്കണം എന്ന് മുൻകൂട്ടി പ്ലാൻ ചെയ്തതൊന്നുമാവില്ല. അത് ആ മൊമന്റിൽ സംഭവിച്ചതാണ്. റെസിസ്റ്റൻസിന്റെ മൊമന്റിൽ സംഭവിച്ച ആ സംഭവത്തെയും വളരെ മോശമായിട്ടാണ് ചിത്രീകരിച്ചത്. പ്രതിരോധത്തെ അങ്ങനെയാണ് നേരിടുന്നത്.
പിന്നെ AMMA ഭാരവാഹി നടത്തിയ പരാമർശം വളരെ മോശമായിപ്പോയി. ഒരിയ്ക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. അതിനോടുള്ള പാർവതിയുടെ റിയാക്ഷൻ അഭിനന്ദനാർഹമാണ്. എന്താ പറയാ.. I am proud of her. ആക്രമിക്കപ്പെട്ട ഒരാളുടെ കൂടെ നിൽക്കാൻ മുൻപും സംഘടന തയ്യാറായിട്ടില്ല. അതിനെ തുടർന്നുണ്ടായ പ്രതികരണങ്ങൾ വലിയ മുന്നേറ്റങ്ങളായിരുന്നു. മാറ്റത്തിന്റെ സമയത്താണ്, ആ റിയാക്ഷന്റെ മേലെയാണ് ഇന്നലത്തെ പരാമർശം വരുന്നത്.
പിന്നെ എന്റെ നേർക്കുണ്ടായ സംഭവം ഒന്നും എന്നെ അത്രത്തോളം ബാധിച്ചിട്ടില്ല. കാര്യം എന്നെ അറിയാവുന്നവർക്കും എന്റെ ഫ്രണ്ട് സർക്കിളിലും മറ്റുമൊക്കെ എനിക്ക് അത് ക്ലിയർ ചെയ്യാൻ സാധിച്ചു എന്നതാണ്.
അഭിനയകാലവും വളരെ ചെറിയ ഫിലിമൊഗ്രഫിയും
ഞാൻ അഭിനയത്തോടുള്ള ആഗ്രഹം കൊണ്ട് ഈ മേഖലയിൽ എത്തിയ ആളേയല്ല. നാടകത്തിലൊന്നും അഭിനയിക്കാൻ നടികളെ കിട്ടാനില്ലായിരുന്നു. അങ്ങനെ ട്രൈ ചെയ്തതാണ്. ആ സമയത്തൊന്നും സിനിമയിലേക്കൊന്നും വിളിച്ചാൽ പോവാറില്ലായിരുന്നു. കേരള കഫേയിലാണ് ആദ്യം അഭിനയിക്കുന്നത്. പിന്നെ നാടകത്തിനോടും അഭിനയത്തിനോടും ഇഷ്ടം തോന്നി. പുറത്തൊക്കെ നാടകങ്ങൾ ചെയ്‌തു. പതിയെ കുറച്ചു സിനിമകൾ ചെയ്തു. നാടകങ്ങൾ തന്നെയാണ് കൂടുതൽ ചെയ്തിട്ടുള്ളത്.ഇപ്പോഴും സംവിധായകരോട് എന്നെ കാസ്റ്റ് ചെയ്യണം എന്ന് ഞാൻ പറയാറില്ല. ഓഡിഷനും സ്ക്രീൻ ടെസ്റ്റും ഒക്കെ അറ്റൻഡ് ചെയ്ത് അഭിനയിക്കുന്നതാണ് എനിക്ക് ഇഷ്ടം. ഹിന്ദിയിൽ ഒരു സീരീസ് ചെയ്യുന്നുണ്ട് ‘ഓക്കെ കമ്പ്യൂട്ടർ’ എന്നാണ് പേര്. പിന്നെയൊരു സിനിമയും ചെയ്യുന്നുണ്ട്.
മലയാളത്തിൽ മുഴുനീള കഥാപാത്രം അവതരിപ്പിക്കുന്ന ആദ്യ സിനിമയ്ക്ക് അവാർഡ് ലഭിക്കുമ്പോൾ..
ഹാപ്പിയാണ്. തീർച്ചയായും എനിക്ക് അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ട്. ഇത് പ്രചോദനമാണ്. ഒപ്പം ഇത്തവണ എന്റെ കൂടെ നോമിനേറ്റ് ചെയ്യപ്പെട്ടവരൊക്കെയും അവാർഡിന് അർഹർ തന്നെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ബിരിയാണി ഇവിടെ വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടില്ല എന്നു തോന്നിയിട്ടുണ്ടോ?
അതിന് കൃത്യമായ ഉത്തരം തരാൻ സാധിക്കുക സജിനാണ്.
സിനിമ അതിരുകൾ താണ്ടുമ്പോൾ..
അത് ആർട്ടിസ്റ്റിക് തലത്തിൽ അല്ലാതെ ഡിജിറ്റൽ ബൂമിലൂടെ സംഭവിച്ച കാര്യമാണ്. കൊറച്ചൂടെ ടെക്‌നിക്കൽ ആണ് ആ മാറ്റം.
മൊബൈൽ ഫോണിൽ വരെ സിനിമ ചെയ്യാം എന്നായി. കാര്യങ്ങൾ കൊറച്ചൂടെ ഡെമോക്രാറ്റിക് ആയി. അതീ ഡിജിറ്റൽ മേഖലയിൽ വന്ന വിപ്ലവം കാരണം സംഭവിച്ചതാണ്.
വരാനുള്ള പ്രോജക്റ്റുകൾ
നേരത്തെ പറഞ്ഞ ഹിന്ദി സീരീസ് ‘ഓക്കേ കമ്പ്യൂട്ടർ’. മറ്റൊരു ഹിന്ദി സിനിമ പിന്നെ മലയാളത്തിൽ രണ്ട് സിനിമകൾ ഇത്രയുമാണ് വരാനിരിക്കുന്ന പ്രോജക്റ്റുകൾ.