മസായ് വാറിയേഴ്സ് ക്രിക്കറ്റ് ടീം

Spread the love

സുരേഷ് വാരിയത്ത്

കായിക മത്സരങ്ങൾക്ക് എല്ലായ്പ്പോഴും ഒരു പ്രത്യേകതയുണ്ട്…… ചില പ്രത്യേക വ്യവസ്ഥിതികളോടും ദുരാചാരങ്ങളോടും പൊരുതാൻ എതിരാളിയെക്കാൾ ദുർബലരായ മനുഷ്യർ പലപ്പോഴും കൂട്ടുപിടിക്കുന്നത് സ്പോർട്സിനെയാണ്. പുരാതന റോമാ സാമ്രാജ്യത്തിൽ ഗ്ലാഡിയേറ്റർമാരാവാൻ വിധിക്കപ്പെട്ട അഭ്യാസികളും, നമ്മുടെ മഹാഭാരത കഥയിൽ എന്നും രണ്ടാമനാവാൻ (അതോ യുധിഷ്ഠിരനും അർജുനനും പിന്നിൽ മൂന്നാമനോ?) ആവാൻ വിധിക്കപ്പെട്ട ഭീമസേനൻ തൻ്റെ രോഷവും സങ്കടവും സമ്പ്രദായങ്ങളോടുള്ള അവജ്ഞയും പ്രകടിപ്പിച്ചിരുന്നത് വർഷാവർഷം ഹസ്തിനപുരിയിൽ നടന്നിരുന്ന കായിക മത്സരങ്ങളിലാണെന്ന് എം ടി വാസുദേവൻ നായരുടെ “രണ്ടാമൂഴ” വും പറഞ്ഞു തരുന്നു…….. നാടിനെ വിഴുങ്ങുന്ന “കപ്പം( ലഗാൻ )” എന്ന ദുരാചാരം ഇല്ലായ്മ ചെയ്യാൻ ബ്രിട്ടീഷ് ക്യാപ്റ്റൻ ആൻഡ്രൂ റസ്സലിനെ വെല്ലുവിളിച്ച ഭുവനും കൂട്ടരും ആയുധമായി തെരഞ്ഞെടുത്തത് ക്രിക്കറ്റ് എന്നൊരു കായിക യിനത്തെയായിരുന്നു….. സുഹൃത്തുക്കളേ, വിൻഡീസ് ക്രിക്കറ്റ് ടീം എതിരാളികളെ ചവിട്ടി മെതിച്ച് നടന്നിരുന്ന കാലത്തെ മത്സരങ്ങളുടെ വീഡിയോ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അല്ലെങ്കിൽ ബ്രസീൽ ഫുട്ബോൾ ആരാധകരുടെ വിജയാഘോഷം? തങ്ങളെ രാഷ്ട്രീയപരമായും സാമ്പത്തികമായും കൊള്ളയടിച്ച രാജ്യങ്ങൾക്കെതിരെ കളിക്കളത്തിൽ നേടുന്ന ഓരോ വിജയവും അവർക്ക് നൽകിയിരുന്ന് ഒരു തരം ഉൻമാദമായിരുന്നു. ക്രിക്കറ്റിലൂടെ വ്യവസ്ഥിതികളെ വെല്ലുവിളിച്ച ഒരു കൂട്ടം ചെറുപ്പക്കാരുടെ വിജയകഥയാണ് മസായ് വാറിയേഴ്സിനു പറയാനുള്ളത്.

The Maasai Cricket Warriors

മസായ് മറാ…. വന്യ ജീവി പ്രേമികൾക്കും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർക്കും ഏറെ ഇഷ്ടമുള്ള പേരാണ്. കെനിയയിലും ടാൻസാനിയയിലുമായി ഏക്കറുകൾ കണക്കിന് പരന്നു കിടക്കുന്ന ഈ വന്യ ജീവി സംരക്ഷണ കേന്ദ്രം സന്ദർശിക്കുക എന്നത് ഏതൊരു ഫോട്ടോഗ്രാഫറുടെയും ജീവിതാഭിലാഷമാണ്. മസായ് എന്ന സ്ഥലത്തെ ആദിമ നിവാസികൾ പക്ഷേ പല വിധത്തിലുള്ള ദുരാചാരങ്ങൾക്കും അടിമകളാണ്. സ്ത്രീകൾക്ക് യാതൊരു സ്വാതന്ത്ര്യവുമില്ലാത്ത അന്നാട്ടിൽ, ലോകത്ത് ഏറ്റവുമധികം എയ്ഡ്സ് പടരുന്ന സ്ഥലവുമായിരുന്നു.സുഹൃത്ത് നിബിൻ ( Nibin Jincy )മുമ്പൊരിക്കൽ സോഷ്യൽ മീഡിയയിൽ എഴുതിയ ആർട്ടിക്കിളാണ് ആദ്യമായി മസായ് വാറിയേഴ്സിനെ പറ്റിപ്പറഞ്ഞു തന്നത്. അവിടത്തെ പെൺകുട്ടികൾക്കെതിരെ നടക്കുന്ന മനുഷ്യത്വരഹിതമായ FGM ( Female Genital Mutilation) എന്ന കൊടും ഭീകരമായ ദുരാചാരത്തിനെതിരെ പ്രതികരിക്കുകയും ഈ വിഷയത്തിലേക്ക് ലോക ശ്രദ്ധ തിരിക്കുകയുമായിരുന്നു മസായ് വാറിയേഴ്സ് എന്ന ക്രിക്കറ്റ് ടീമിൻ്റെ ഉദ്ദേശം.

എന്താണീ FGM? – ഒരു പെൺകുട്ടിക്ക് പ്രായപൂർത്തിയാവുന്ന സമയത്ത് സമൂഹത്തിലെ നേതാക്കൾ ചേർന്ന് ആ കുട്ടിയുടെ ജനനേന്ദ്രിയ പരിച്ഛേദം യാതൊരു ശാസ്ത്രീയതയുടെയും അടിസ്ഥാനമില്ലാതെ നടത്തി തുന്നിക്കെട്ടി വയ്ക്കും. പിന്നീടൊരിക്കൽ കല്യാണ സമയത്ത് വധുവിൻ്റെയും വീട്ടുകാരുടെയും മുന്നിൽ വച്ചാണ് ഈ തുന്ന് അഴിക്കുന്നത്. പെൺകുട്ടി കല്യാണത്തിന് തയ്യാറായി എന്ന് അറിയിക്കാനുള്ള അത്യന്തം വേദനാജനകവും പൈശാചികവുമായ ഈ ദുരാചാരം തടയാൻ പക്ഷേ, ആ നാട്ടിലെ ചിന്തിക്കുന്ന ചെറുപ്പക്കാർക്ക് കഴിഞ്ഞിരുന്നില്ല. മസായ് വാറിയേഴ്സിൻ്റെ ക്യാപ്റ്റനായിരുന്ന സൊൺയാങ്ഗ ഒലേ ഗയ്സ്, തൻ്റെ മൂന്നു സഹോദരിമാർ അനുഭവിച്ച നരകതുല്യമായ വേദന കണ്ട് സഹിക്കാനാവാതെ FGMനെതിരെ പോരാടാനിറങ്ങിയ വ്യക്തിയാണ്.

The Maasai Cricket Warriors

സ്ത്രീകൾക്കെതിരെയുള്ള ദുരാചാരങ്ങളെ എതിർത്ത, സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി സംസാരിച്ച യുവതയുടെ ഇടയിലേക്കാണ് അലിയ ബ്യൂർ എന്ന കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷക 2007 ൽ കടന്നു വന്നത്. ക്രിക്കറ്റിൽ അതീ‌വ തൽപ്പരയായിരുന്ന ഈ ദക്ഷിണാഫ്രിക്കക്കാരി, ഇവരെ കളി പഠിപ്പിക്കാമെന്നേറ്റു. തങ്ങളുടെ വിനോദമായ വാരിക്കുന്തം എറിയുന്ന പോലെ വിദൂരസാദൃശ്യമുള്ള ക്രിക്കറ്റ് മസായ് യുവാക്കൾക്കും താൽപ്പര്യമായി. നാട്ടിൽ നിന്ന് കുറച്ച് ക്രിക്കറ്റ് ഗിയറുകൾ ആലിയ ഇതിനായി വരുത്തി.2009 ൽ ആറേഴ് ചെറുപ്പക്കാർ ചേർന്ന് ആലിയയെ കോച്ചാക്കി, മസായ് വാറിയേഴ്സ് എന്ന ടീം രൂപപ്പെടുത്തി.
ടീമിൻ്റെ സന്ദേശം വ്യക്തമായിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ തടയുക. ജനമധ്യത്തിൽ ഇതു പറയാൻ അവർ ക്രിക്കറ്റിനെ ഉപയോഗിച്ചു. ലോക ജനശ്രദ്ധയാകർഷിക്കാനായി കളിക്കുമ്പോൾ യൂണിഫോമായി അവരുടെ വിചിത്രമായി തോന്നുന്ന പരമ്പരാഗത വസ്ത്ര രീതി ഉപയോഗിച്ചു. കളി ജയിക്കുക എന്നതിലുപരി സന്ദേശം ലോകത്ത് പരത്തുക എന്ന രീതിയായിരുന്നു അവർ പിന്തുടർന്നത്.
2011 ൽ കെനിയൻ ഗവർമെൻ്റ് FGM നിയമം മൂലം നിരോധിച്ചെങ്കിലും അന്നാട്ടിൽ ഇത് നിർബാധം തുടർന്നു വന്നു. 2013 ൽ ലണ്ടനിലെ അമേച്വർ ചാമ്പ്യൻഷിപ്പായ Last Man Stands ൽ മത്സരിക്കാൻ വാറിയേഴ്സിന് അവസരം ലഭിച്ചത് അവരുടെ സ്വീകാര്യതയും ജനപ്രീതിയും കുത്തനെ ഉയർത്തി. കൂടുതൽ യുവാക്കളും കുട്ടികളും കളിയിലേക്കും സാമൂഹിക നവോത്ഥാനത്തിലേക്കും ആകൃഷ്ടരായി. സ്കൂളുകൾ സന്ദർശിച്ച് ആൺകുട്ടികളോടും പെൺകുട്ടികളോടും FGM നെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും HlV/ എയ്ഡ്സ് നെക്കുറിച്ചും ക്രിക്കറ്റിൻ്റെ ഭാഷയിൽ മസായ് വാറിയേഴ്സ് സംസാരിച്ചു. ഗോത്രത്തലവൻമാരുമായി ചർച്ചകളിലും സംവാദങ്ങളിലുമേർപ്പെട്ടു. ഒരു ജനതയെ പതിയെപ്പതിയെ അവർ സംസ്കാര സമ്പന്നരാക്കുകയാണ്. ഇന്ന് മസായ് വാറിയേഴ്സിന് രണ്ടു ടീമുകളുണ്ട്.കൂടാതെ പെൺകുട്ടികൾക്കായി ഒരു ടീം വേറെയും ……

whatsapp

Spread the love

Leave a Reply

Your email address will not be published. Required fields are marked *