‘മോഡിഫൈ’ ചെയ്ത ചരിത്രം

Spread the love

സുധാ മേനോൻ

അമേരിക്കൻ എഴുത്തുകാരനും പ്രൊഫസറുമായിരുന്നു നോർമൻ കസിൻസ്. ജവാഹർലാൽ നെഹ്റുവുമായുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ അദ്ദേഹമെഴുതിയ ‘Talks with Nehru’ എന്ന പുസ്തകം ഏറെ വായിക്കപ്പെട്ട ഒന്നാണ്. നോർമൻ കസിൻസ് എഴുതിയ ഒരു ലേഖനത്തിൽ, സ്വാതന്ത്ര്യം കിട്ടിയ ആദ്യനാളുകളിൽ ദില്ലിയിലെ തെരുവുകളെ പ്രക്ഷുബ്ധമാക്കിയ വർഗീയലഹളകളിൽ എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ നെഹ്രു ചേർത്ത് പിടിച്ച കഥ സൂചിപ്പിക്കുന്നുണ്ട്.
അന്ന്, യോർക്ക് റോഡിലെ നെഹ്രുവിന്റെ വസതി ഒരു അഭയാർഥിക്യാമ്പ് കൂടിയായിരുന്നു. എല്ലാം നഷ്ടപ്പെട്ട് പഞ്ചാബിൽ നിന്നും, സിന്ധിൽ നിന്നും ഓടിയെത്തിയ ഹിന്ദുക്കൾക്ക് ടെന്റ് കെട്ടി താമസിക്കാൻ ഔദ്യോഗികവസതിയിലെ മുറ്റവും പുൽത്തകിടിയും വിട്ടു നല്കി, ഇന്ത്യയുടെ പ്രധാനമന്ത്രി. ആ അഭയാർഥികളിൽ രണ്ടുപേര്- വിമലസിന്ധിയും, മോഹനും- അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ആയി ഏറെനാൾ ജോലി ചെയ്തു.
പിന്നീട്, സെപ്റ്റംബർ മാസത്തിൽ, പഞ്ചാബിഹിന്ദുക്കളുടെ കൂട്ടക്കുരുതിക്ക് പകരംവീട്ടാനിറങ്ങിയ ദില്ലിയിലെ ഹിന്ദുക്കൾ, മുസ്ലിങ്ങളുടെ കടകൾ വ്യാപകമായി കൊള്ളയടിക്കുകയും തീയിടുകയും ചെയ്തപ്പോൾ നെഹ്രു യോർക്ക് റോഡിലെ പതിനേഴാം നമ്പർ വസതിയിൽ അവർക്ക് വേണ്ടി റിലീഫ് ക്യാമ്പ് തുടങ്ങി. സ്വന്തം വീട്ടുമുറ്റത്ത് അവർക്ക് വേണ്ടി അടുപ്പുകൾ എരിഞ്ഞു.
മാത്രമല്ല, വെറുമൊരു ജീപ്പിൽ ഇന്ത്യയുടെ പ്രധാനമന്ത്രി തെരുവിൽ ഇറങ്ങി. ഒരു പൊലീസുകാരനെപ്പോലെ വടി ചുഴറ്റിക്കൊണ്ട് അദ്ദേഹം കലാപകാരികളെ നേരിട്ടു. ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമെഴുതിയ കാതറിൻഫ്രാങ്കും ഈ സംഭവം വിവരിക്കുന്നുണ്ട്. നെഹ്രു ചെന്നിടത്തൊക്കെ കലാപകാരികൾ ആയുധങ്ങൾ ഉപേക്ഷിച്ചു ചിതറിയോടി. ഒരിടത്ത് ഹിന്ദുക്കൾ ഒരു മുസ്ലിം കച്ചവടക്കാരനെ ആക്രമിക്കുന്നത് കണ്ടപ്പോൾ, അദ്ദേഹം അവർക്കിടയിൽ ചെന്ന്, ആ മനുഷ്യനെ ഒരു പരിചപോലെ പൊതിഞ്ഞുപിടിച്ചു. ‘ജവാഹർലാൽ ഇവിടെയുണ്ട്, ആരും അദ്ദേഹത്തെ ഉപദ്രവിക്കരുത്’ എന്ന് പരിഭ്രാന്തരായി വിളിച്ചുപറഞ്ഞുകൊണ്ടു കലാപകാരികൾ ഓടിപ്പോയി. അദ്ദേഹം എല്ലാവർക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു.
ദില്ലിയിലെ ന്യൂനപക്ഷമായ മുസ്ലീങ്ങൾ കടുത്ത ഭയത്തിലും അരക്ഷിതത്വത്തിലും ആണ്ടിരിക്കവേയാണ് പ്രധാനമന്ത്രി സ്വന്തം വസതിയുടെ ഗേറ്റുകൾ അവർക്ക് മുന്നിൽ തുറന്നിട്ടത്. അദ്ദേഹം എല്ലാ ദിവസവും രാവിലെ അവരെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു. പ്രധാനമന്ത്രിയുടെ വാക്കിൽ അവർ അഭയം കണ്ടെത്തി. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മകൾ ഇന്ദിരാ ഗാന്ധിയും, മൃദുലാ സാരാഭായിയും, സുഭദ്രാ ദത്തയും റിലീഫ് ക്യാമ്പുകളിൽ സജീവമായി. നീതിബോധത്തോടെയും, മതം നോക്കാതെയുള്ള കർശനനടപടിയിലൂടെയും ഒരു മതേതരരാഷ്ട്രത്തെ നയിക്കാൻ പ്രാപ്തനാണ് എന്ന് ജവാഹർലാൽ തെളിയിച്ചു.
പിന്നീട് മാസങ്ങൾക്ക് ശേഷം, 1948 ജനുവരി പതിനാലാം തീയതി, നെഹ്രു വീണ്ടും അക്രമാസക്തരായ ജനക്കൂട്ടത്തെ ഒറ്റയ്ക്ക് നേരിട്ടു. ദില്ലിയിലെ ബിർലാഹൌസിന് മുന്നിൽ വെച്ചായിരുന്നു അത്. ബാപ്പു ഉപവാസം ആരംഭിച്ച നാളുകൾ. ബാപ്പുവിനെ സന്ദർശിച്ചശേഷം, സന്ധ്യ നേരത്ത് പട്ടേലും ആസാദുമൊത്ത് തിരികെ വരുമ്പോഴാണ് ഏതാണ്ട് മുപ്പതോളം ഹിന്ദു വർഗീയവാദികൾ ‘ഗാന്ധിയെ മരിക്കാൻ അനുവദിക്കൂ’ എന്ന മുദ്രാവാക്യം ഉച്ചത്തിൽ മുഴക്കിക്കൊണ്ട് ഗേറ്റിനരികിൽ അണിനിരന്നത്. രോഷാകുലനായ നെഹ്രു കാറിൽ നിന്ന് ചാടിയിറങ്ങി. “വരൂ, അതിന് മുൻപ് എന്നെ ആദ്യം കൊല്ലൂ” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. അമ്പരന്നുപോയ ജനക്കൂട്ടം പെട്ടെന്ന് ഇരുളിൽ അപ്രത്യക്ഷമായി.


നെഹ്‌റുവിനെ നേരിൽ കണ്ടപ്പോൾ,എങ്ങനെയാണ് സ്വന്തം സുരക്ഷപോലും നോക്കാതെ കലാപകാരികൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് സമാധാനം സൃഷ്ടിച്ചത് എന്ന് നോർമൻ കസിൻസ് അദ്ദേഹത്തോട് അത്ഭുതത്തോടെ ആരാഞ്ഞു. അപ്പോൾ, തന്റെ നെഞ്ചിലെ റോസാപ്പൂവിൽ തിരുകിപ്പിടിച്ചുകൊണ്ട്, ഒരു ദാർശനികനെപ്പോലെ നെഹ്രു പറഞ്ഞു: ‘അതിശക്തമായ സാമുദായികവികാരം നിലനിൽക്കുന്ന സങ്കീർണ്ണമായ ഒരു രാജ്യം ഏത് നിമിഷവും അപകടകരമായ കലാപത്തിലേക്ക് വഴുതി വീഴാമെന്ന തിരിച്ചറിവ് ഉള്ള ഒരാൾക്ക് മാത്രമേ ഇന്ത്യയുടെ ഭരണാധികാരിയാകാൻ കഴിയൂ. ഏത് വിധേനയും അത് പടർന്നുപിടിക്കാതെ തടയേണ്ടത് നമ്മുടെ കടമയാണ്’.
അതായിരുന്നു നെഹ്രു. അദ്ദേഹം എല്ലായ്പ്പോഴും മുറിവുണക്കാൻ ആണ് ശ്രമിച്ചത്. വിടവുകൾ ഉണ്ടാക്കാൻ അല്ല. നെഹ്രു തഞ്ചാവൂരിൽ നിന്നെത്തിയ ശൈവസന്ന്യാസിമാർ നല്കിയ ചെങ്കോൽ വിനയപൂർവം ഏറ്റുവാങ്ങുകയും, അവർ നല്കിയ ഭസ്മക്കുറി തൊടുകയും ചെയ്തിരുന്നു. പക്ഷേ, ആ ‘ചെങ്കോൽ’ അധികാരത്തിന്റെ പ്രതീകമായി ഒരിക്കലും അദ്ദേഹം ഉയർത്തിക്കാട്ടിയില്ല. തനിക്ക് കിട്ടിയ അസംഖ്യം സമ്മാനങ്ങളെപ്പോലെ ആ ചെങ്കോലും മ്യൂസിയത്തിന് കൈമാറി. പകരം, ഒരു ചെറിയ വടിയുമായി അദ്ദേഹം തെരുവിൽ ഇറങ്ങി. കലാപം നിയന്ത്രിച്ചുകൊണ്ട് മനുഷ്യജീവനുകൾ സംരക്ഷിച്ചു. കലാപകാലത്ത് നിസ്സംഗനായി ഇരിക്കാനും, അതിൽ നിന്ന് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനും പലരേയും പോലെ അദ്ദേഹം ഒരിക്കലും ശ്രമിച്ചില്ല.
ജവാഹർലാൽ നെഹ്രു വ്യത്യസ്തനാകുന്നത് അവിടെയാണ്. ചരിത്രത്തിനു മേൽ വെള്ളപൂശി, പെയിന്റടിച്ച്‌, കാഴ്ചക്കാരന്റെ കണ്ണഞ്ചുന്ന വിധം ‘മോഡിഫൈ’ ചെയ്ത് ആ ചരിത്രത്തെ തന്നെ വിൽപ്പനക്ക് വെക്കുന്നവർക്ക് നെഹ്റുവിയൻ പാരമ്പര്യം പിന്തുടരാൻ കഴിയില്ല. അതുകൊണ്ടാണ്, അൻപത്തൊൻപത് വർഷം മുൻപ് ഈ ലോകം വിട്ടുപോയ നെഹ്രു ഇന്നും പലരെയും അസ്വസ്ഥമാക്കുന്നത്. പക്ഷേ, എത്രയേറെ അപമാനിക്കാനും,നിഷേധിക്കാനും ശ്രമിച്ചാലും അതിനെയെല്ലാം അതിലംഘിക്കുന്ന അനന്യമായ ‘സ്റ്റേറ്റ്സ്മാൻഷിപ്പിന്റെ രസതന്ത്രം’ ജവാഹർലാൽ നെഹ്രുവിന്റെ ഓർമകളെ ജനമനസിൽ സജീവമാക്കിക്കൊണ്ടിരിക്കും.


Spread the love

Leave a Reply

Your email address will not be published. Required fields are marked *