യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിനെതിരേ പ്രൈസ് ടാഗ് പ്രതിഷേധം നടത്തിയ റഷ്യൻ കലാകാരിക്ക് ഏഴ് വർഷം തടവ് ശിക്ഷ. റഷ്യൻ കലാകാരിയും സംഗീതജ്ഞയും ആക്ടിവിസ്റ്റുമായ അലക്സാന്ദ്ര സാക്ഷ സ്‌കോച്ചിലെങ്കോയെയാണ് റഷ്യൻ കോടതി ശിക്ഷിച്ചത്.
സൂപ്പർ മാർക്കറ്റുകളിലെ സാധനങ്ങളുടെ പ്രൈസ് ടാഗുകൾക്ക് പകരം അധിനിവേശ വിരുദ്ധ മുദ്രാവാക്യങ്ങളും വാചകങ്ങളും എഴുതിവയ്ക്കുന്ന പ്രതിഷേധത്തിനെയാണ് പ്രൈസ് ടാഗ് പ്രതിഷേധമെന്ന് വിളിക്കുന്നത്. ഒരു സൂപ്പർമാർക്കറ്റിൽ അഞ്ച് പ്രൈസ് ടാഗുകൾ ഇത്തരത്തിൽ അലക്‌സാന്ദ്ര മാറ്റിവച്ചെന്നാണ് ആരോപണം.2022 മാർച്ചിലാണ് കേസിൽ അലക്‌സാന്ദ്രയെ അറസ്റ്റ് ചെയ്തത്. ’20 വർഷമായി ടെലിവിഷൻ സ്‌ക്രീനുകളിലൂടെ പുടിൻ ഞങ്ങളോട് കള്ളം പറയുകയാണ്: ഈ നുണകളുടെ ഫലം യുദ്ധത്തെയും വിവേകശൂന്യമായ മരണങ്ങളെയും ന്യായീകരിക്കാനുള്ള ഞങ്ങളുടെ സന്നദ്ധതയാണ്’,’റഷ്യൻ സൈന്യം മരിയപോളിലെ ഒരു ആർട്ട് സ്‌കൂളിൽ ബോംബെറിഞ്ഞു. നാനൂറോളം പേർ അതിനുള്ളിലുണ്ടായിരുന്നു’ തുടങ്ങിയ ടാഗുകളാണ് സൂപ്പർമാർക്കറ്റിൽ സ്ഥാപിച്ചിരുന്നത്.