ഞങ്ങൾ എല്ലാവരും ഷോക്കിലാണ്; അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല

Spread the love

അഭിമുഖം; മാത്യുക്കുട്ടി സേവ്യർ/ അർജുൻ ഉണ്ണി

ദേശീയ അവാർഡ്

ആക്ച്വലി ഞങ്ങൾ എല്ലാവരും ഷോക്കിലാണ്. കാരണം ഇത്രയധികം നല്ല സിനിമകളുള്ള വർഷം ഇത്തരത്തിൽ ഒരു അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല.നമ്മടെ തലയിൽ എപ്പോഴും നമ്മുടേതിനെക്കാളും വലിയ സിനിമകൾ ആണല്ലോ. അപ്പോ എന്റെ മനസ്സിൽ എപ്പോഴും വലിയ സിനിമകൾക്ക് കിട്ടും എന്നുള്ളതായിരുന്നു. ഇത് ചിന്തിച്ചിട്ടു പോലും ഇല്ലായിരുന്നു. സ്റ്റേറ്റ് അവാർഡ് കിട്ടിയത് കൊണ്ട് അന്നയ്ക്കും രഞ്ജിത്തേട്ടനും ചെലപ്പോ കിട്ടുമെന്ന്‌ വിചാരിച്ചിരുന്നു.

അവാർഡ് മൊമെന്റ്

രഞ്ജിത്തേട്ടന്റെ വിവരം ഞങ്ങൾ അറിഞ്ഞിരുന്നു. അപ്പോഴാണ് ആളുകൾ വിവരം അറിഞ്ഞു വിളിക്കുന്നത്. ഞങ്ങൾ, ഞാനും ആൽഫ്രെഡും നോബിളേട്ടനും വേറൊരു വർക്കിന്റെ ഇടയിലായിരുന്നു. അടുത്ത സിനിമയുടെ ആലോചനക്കിടയിലാണ് ഈ വിവരം അറിയുന്നത്.

സിനിമയിലേക്ക്

അപ്പൻ വർക്ക് ചെയ്തിരുന്നത് തീയറ്റർ സ്ലൈഡ്‌സുമായി ബന്ധപ്പെട്ടായിരുന്നു. പണ്ടത്തെ പരസ്യങ്ങൾ. അപ്പൊ അന്ന് കൂടെ കൊണ്ടുപോവുമായിരുന്നു. അവിടുന്നാണ് തുടക്കം. സിനിമ എന്ന മീഡിയത്തെ അറിയുന്നത് അവിടുന്നാണ്. പിന്നെ അപ്പൻ ഒത്തിരി സിനിമകൾ കാണുമായിരുന്നു. പിന്നെ സ്‌കൂളിൽ പഠിക്കുമ്പോ സാധാ സിസ്റ്റത്തിൽ പ്രീമിയർ ബേസ് വേർഷൻ ഒക്കെ ഇൻസ്റ്റാൾ ചെയ്ത്. ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ഷോർട്ട് ഫിലിംസ് ചെയ്യുമായിരുന്നു. കോളേജിൽ എത്തിയപ്പോ കുറച്ചുകൂടെ സീരിയസ് ആയി. അവിടെ സിനിമ സംസാരിക്കാൻ പത്തുപേരടങ്ങുന്ന ഒരു ഗ്യാങ് ഉണ്ടായിരുന്നു. പിന്നീട് അത് കഴിഞ്ഞ് ജോലിയിൽ കേറേണ്ടി വന്നു. അപ്പോഴാണ് സീരിയസ് ആയിട്ട് എഴുതുന്നത്. ഒന്നര വർഷം ജോലി ചെയ്തു. ജോലിയുടെ കൂടെ എഴുത്ത് നടന്നില്ല. അങ്ങനെയാണ് റിസൈൻ ചെയ്യാൻ ആലോചിക്കുന്നത്. അങ്ങനെയാണ് ആൽഫ്രഡിനെ കാണുന്നത്. അങ്ങനെ  ഞങ്ങൾ ഒന്നിച്ചെഴുതിയ ഒരു സ്‌ക്രിപ്റ്റ് നോബിളേട്ടനെ കാണിക്കുന്നു. അപ്പൊ ഒരു കണക്ഷൻ ഫീൽ ചെയ്തിട്ടാണ് മൂന്ന് പേരും  ഒന്നിച്ചിരുന്ന് എഴുതുന്നത്. ആദ്യം കുറെ സ്ക്രിപ്റ്റ്സ് നോക്കി പിന്നെയാണ് ഹെലൻ സംഭവിക്കുന്നത്.

ഹെലൻ

ഞങ്ങൾ സ്ക്രിപ്റ്റ് കറക്റ്റ് ചെയ്യാൻ വേണ്ടി വിനീതേട്ടനെ കാണിച്ചിരുന്നു. അങ്ങനെ ഒരു ദിവസം വിനീതേട്ടനാണ് മാത്യു ഞാൻ ഇത് പ്രൊഡ്യൂസ് ചെയ്യട്ടെ എന്ന് ചോദിക്കുന്നത്. അജു ചേട്ടൻ നോബിളേട്ടനൊപ്പം പഠിച്ചതാണ്. നിങ്ങൾ എന്ത് ചെയ്താലും കൂടെ ഉണ്ടാവും എന്ന് അജു ചേട്ടൻ പറയുമായിരുന്നു. പക്ഷെ പുള്ളിയെ ഏത് സ്പേസിലേക്ക് കൊണ്ടുവരും എന്ന ഡൗട്ട് ഉണ്ടായിരുന്നു അങ്ങനെ ആൽഫ്രഡ് ആണ് പുള്ളി ഇത് ചെയ്താൽ എങ്ങനെ ഉണ്ടാവും എന്ന് ചോദിക്കുന്നതും പുള്ളി പിക്ച്ചറിലേക്ക് വരുന്നതും.

സർവൈവൽ ത്രില്ലർ എന്ന ജോണർ

ആ ജോണറിനെക്കാൾ നമുക്ക് ടെൻഷൻ ആ അപ്പൻ മകൾ റിലേഷൻ വർക്ക് ഔട്ട് ചെയ്യുമോ എന്നതിൽ ആയിരുന്നു. അവരുടെ കെമിസ്ട്രി വർക്ക് ചെയ്യുന്ന സമയത്തും ഷൂട്ട് ചെയ്യുന്ന സമയത്തും ആയിരുന്നു നമുക്ക് ടെൻഷൻകാര്യം അത് വർക്ക് ആയില്ലെങ്കിൽ പിന്നെ ആര് അകത്തു കുടുങ്ങിയിട്ടും കാര്യമില്ല. ഫ്രീസറിനകത്തെ പാർട്ടിനെക്കാളും ടെൻഷൻ അതിലാണ് ഉണ്ടായിരുന്നത്. നമുക്ക് വേണ്ടപ്പെട്ട ഒരാൾ അതിനകത്ത് പെട്ടാൽ നമ്മൾ ഹുക്ഡ് ആവും. അങ്ങനെ വേണ്ടപ്പെട്ടവരാക്കി എടുക്കുന്നതിലാണ് നമ്മൾ ശ്രദ്ധിച്ചത്.

രാഷ്ട്രീയം

എനിക്ക് രാഷ്ട്രീയ നിലപാട് ഉണ്ട്. നമ്മുടെ ചിന്താഗതികളോട് ചേർന്ന് നിൽക്കുന്ന കാര്യങ്ങളോട് നമുക്ക് താൽപ്പര്യം ഉണ്ടാവുമല്ലോ. അത് പക്ഷെ ഇപ്പൊ ഞാൻ തുറന്ന് പറയുന്നില്ല.


Spread the love

Leave a Reply

Your email address will not be published. Required fields are marked *