അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബി ജെ പി മുന്നണിയെ പരാജയപ്പെടുത്തി പ്രതിപക്ഷം അധികാരത്തിലേറുമെന്ന പ്രതീക്ഷ പങ്കുവച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത്. എൻ ഡി എയെ പരാജയപ്പെടുത്തൽ വലിയ ശ്രമകരമായ കാര്യമല്ലെന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ ഇത് സാധ്യമാകുമെന്നാണ് അഖിലേഷ് പറയുന്നത്. എൻ ഡി എയെ പരാജയപ്പെടുത്താനുള്ള സൂത്രവാക്യം തന്‍റെ കയ്യിലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പി ഡി എ എന്നതാണ് ആ സൂത്രവാക്യം. പി ഡി എ എന്നാൽ പിച്ച്ലെ, ദലിത്, അൽപാസാംഖ്യക് (പിന്നാക്ക വിഭാഗങ്ങൾ, ദലിതുകൾ, ന്യൂനപക്ഷങ്ങൾ) എന്നും അഖിലേഷ് വിവരിച്ചു. ഈ മൂന്ന് ഘടകങ്ങളും ചേർന്ന പി ഡി എക്ക് 2024 ലെ തെരഞ്ഞെടുപ്പിൽ എൻ ഡി എയെ തോൽപ്പിക്കാനാകുമെന്നും എസ് പി അധ്യക്ഷൻ കൂട്ടിച്ചേർത്തു.