സോക്രട്ടീസ്‌ എന്ന ബ്രസീലിയൻ ഇതിഹാസ താരം

Spread the love

എഴുത്ത് :പിബി ജിജീഷ്

സോക്രട്ടീസ്‌,ഇതുപോലൊരു ഫുട്‌ബോളർ വേറെ ഉണ്ടായിട്ടില്ല. കാൽപ്പന്തിന്റെ അനന്യ സൗന്ദര്യംകൊണ്ടു ലോകത്തെ ഭ്രമിപ്പിച്ച 1982-ലെ ബ്രസീൽ ടീമിന്റെ കാപ്റ്റൻ. ജയിക്കാനായി മാത്രമായിരുന്നില്ല അയാൾക്ക് ഫുട്‌ബോൾ. 1982-ൽ ഇറ്റലിയോട് പരാജയപ്പെട്ട് സോക്രട്ടസിന്റെ ടീം പുറത്തായതിനു ശേഷം ബ്രസീലിയൻ ഫുട്‌ബോളിന്റെ ഭ്രമാത്മകസൗന്ദര്യം അതിന്റെ പൂർണതയിൽ ലോകം കണ്ടിട്ടില്ല. തോൽവിയിലും തന്റെ ടീമിനെയും ശൈലിയെയും അദ്ദേഹം തള്ളിപ്പറഞ്ഞില്ല. “ഞാൻ ഫുട്‌ബോളിനെ കാണുന്നത് ഒരു കലയായാണ്. ഇന്ന് പലരും അതൊരു മത്സരവും, ഏറ്റുമുട്ടലും, രണ്ടു എതിർ ചേരികൾ തമ്മിലുള്ള യുദ്ധവും ഒക്കെയായി കാണുന്നു… ആത്യന്തികമായി ഫുട്‌ബോൾ മഹത്തായ ഒരു കലാരൂപമാണ്.” അദ്ദേഹം പറഞ്ഞു.
കളിയിൽ മാത്രമല്ല, ജീവിതത്തിലും നിലപാടുകളുള്ള മനുഷ്യനായിരുന്നു സോക്രട്ടീസ്. അദ്ദേഹം ഇന്റർനാഷണൽ ഫുട്‌ബോൾ കളിക്കുന്നത് ബ്രസീലിൽ പട്ടാള ഭരണം നിലനിൽക്കുമ്പോഴാണ്. മിലിട്ടറി ഏകാധിപത്യത്തിനെതിരെ പരസ്യമായി നിലപാടെടുത്തു അദ്ദേഹം. മിലിട്ടറി ഭരണത്തെ ഭയന്ന്, ബോൾഷെവിക്ക് പുസ്തകങ്ങൾ കത്തിച്ചു കളയുന്ന പിതാവിനെ കണ്ടാണ് അദ്ദേഹം വളർന്നത്. പ്രഫഷണൽ ഫുട്‌ബോളർ അകണമെന്നായിരുന്നില്ല അദ്ദേഹത്തിന്റെ അന്നത്തെ ആഗ്രഹം. വൈദ്യശാസ്ത്ര ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ്, ആദ്യമായി ഒരു പ്രഫഷണൽ ക്ലബ്ബുമായി കരാർ ഒപ്പിടുന്നത്.

കൊറിന്ത്യൻസിൽ കളിക്കുമ്പോൾ, ക്ലബ്ബിൽ ജനാധിപത്യ മര്യാദകൾ വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധമുയർത്തി. കിറ്റ്മാൻ മുതൽ കാറ്ററിംഗ് സർവീസിൽ വരെ ഉള്ള എല്ലാ ജീവനക്കാർക്കും ഫുട്‌ബോൾ തരങ്ങൾക്കൊപ്പമുള്ള പരിഗണന വേണമെന്ന് നിലപാടെടുത്തു. ബോണസ് മറ്റു സ്റ്റാഫ് അംഗങ്ങൾക്കും പങ്കുവക്കണമെന്നു പറഞ്ഞു.
മിലിട്ടറി ഏകാധിപത്യം നൂറു കണക്കിന് പേരെ കൊന്നൊടുക്കിക്കൊണ്ടിരുന്ന നാളുകളിൽ കൊറിന്ത്യൻസിന്റെ ജേഴ്സിയിൽ “ഞങ്ങൾക്ക് പ്രസിഡന്റിനെ തെരഞ്ഞെടുക്കണം…” എന്ന മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടു. “ജയിച്ചാലും തോറ്റാലും ഞങ്ങൾ ജനാധിപത്യത്തിനൊപ്പം” എന്ന ബാനർ ആരാധകർ ഏറ്റെടുത്തു.
1982-ൽ ലുല ഡെ സിൽവയ്ക്കൊപ്പം ‘വർക്കേഴ്‌സ് പാർട്ടി’യിൽ അണിചേർന്നു. ജനാധിപത്യത്തിലേക്ക് മാറിയില്ലെങ്കിൽ ബ്രസീലിൽ കളിക്കില്ലെന്നു പ്രഖ്യാപിച്ചു. അടുത്ത വർഷം ഇറ്റാലിയൻ ക്ലബ്ബിലേക്ക് മാറി. ഒറിജിനൽ ഭാഷയിൽ ഗ്രാംഷിയെ വായിക്കാനും തൊഴിലാളി വർഗ ചരിത്രം മനസിലാക്കാനും കഴിയുമല്ലോ എന്ന ആഹ്ലാദം പങ്കുവയ്ക്കുന്ന സോക്രട്ടീസിനെ നമ്മൾ കണ്ടു.

socretaies

1986-ലെ മെക്സിക്കോ ലോകകപ്പ്. അമേരിക്ക ലിബിയയിൽ ബോംബ് വർഷിക്കുന്ന സമയം. ‘Yes to Love, No to Terror’ എന്നെഴുതിയ ബാൻഡും തലയിൽ അണിഞ്ഞാണ് സോക്രട്ടീസ് കളത്തിൽ ഇറങ്ങിയത്. തന്റെ നാട്ടിലെ പട്ടാള ഏകാധിപത്യത്തെ പിന്തുണയ്ക്കുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ നിലപാട് എടുക്കുന്നതിൽ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല.
ക്യൂബൻ വിപ്ലവത്തെ പിന്തുണച്ചിരുന്ന സോക്രട്ടീസ് തന്റെ മകന് ‘ഫിദൽ’ എന്നാണ് പേരിട്ടത്. ഫുട്‌ബോളിനെ തന്റെ രാഷ്ട്രീയത്തിൽ നിന്നും വേറിട്ട് കാണാൻ അദ്ദേഹം തയ്യാറായിരുന്നില്ല. വിശാല സോഷ്യലിസ്റ്റ് കര്മപദ്ധതിയുടെ ഭാഗമായാണ് അദ്ദേഹം തന്റെ കർമമണ്ഡലത്തെയും കണ്ടത്.


Spread the love

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: