ബിജെപിക്ക് കുഴലൂതുന്ന മാധ്യമങ്ങൾ!
എഴുത്ത്: ഗായത്രി
ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും വിജയം നേടിയതിന്റെ ആവേശത്തിലാണ് ബിജെപി. അതിനിടയില്‍ തന്നെ ഹിമാചലിലെ ബിജെപിയുടെ തോല്‍വിയും ചര്‍ച്ചയാകേണ്ടതാണ്. എന്നാല്‍ വെള്ളിയാഴ്ചത്തെ പ്രമുഖ ദേശീയ പത്രങ്ങള്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹം വഹിച്ച പങ്കും എടുത്തുകാട്ടി പ്രമുഖ പത്രങ്ങള്‍.
വ്യാഴാഴ്ച തന്നെ പ്രഖ്യാപിച്ച ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിലെ കോണ്‍ഗ്രസിന്റെ വിജയത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രമുഖ പത്രങ്ങളുടെ മുന്‍ പേജുകളിലും വന്നിരുന്നു. എന്നിരുന്നാലും, ഗുജറാത്ത് തെരഞ്ഞെടുപ്പിലും ബിജെപിയുടെ വിജയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെ വിജയം കൂടുതലും അരികിലേക്ക് തരംതാഴ്ത്തപ്പെട്ടു.

അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബിജെപിയുടെ വിജയം വന്‍ തലക്കെട്ടാക്കി.സിംഗപ്പൂരിലെ സ്ട്രെയിറ്റ്സ് ടൈംസ്, നിക്കി ഏഷ്യ, അല്‍ ജസീറ, ഇന്‍ഡിപെന്‍ഡന്റ്, എബിസി ന്യൂസ്, ഗാര്‍ഡിയന്‍ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ബിജെപിയുടെ പ്രധാനമന്ത്രി മോദിയുടെ ജന്മസംസ്ഥാനത്തെ വിജയം വലിയ വാര്‍ത്തയായി.
ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോല്‍വിയും യുപി അടക്കം അഞ്ചു സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിലെല്ലാം ബിജെപിക്ക് തിരിച്ചിയായിരുന്നു.1985നു ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ലാത്ത ഹിമാചലില്‍ ബിജെപിയെ അട്ടിമറിച്ചാണ് കോണ്‍ഗ്രസിന്റെ വിജയം. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലംപരിശായെങ്കിലും ഹിമാചലിലെ വിജയം കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പൊന്‍തൂവലായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ‘ചാണക്യതന്ത്ര’വും ഹിമാചലില്‍ ബിജെപിയുടെ വിജയ ഫോര്‍മുല തീര്‍ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. സ്വന്തം സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടത് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്ക് കനത്ത തിരിച്ചടിയായി.എന്നിട്ടും മാധ്യമങ്ങള്‍ ബിജെപിയുടെ ഗുജറാത്ത് വിജയത്തില്‍ ശ്രദ്ധ ചെലുത്തുകയാണ്.

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ 15 വര്‍ഷത്തെ ഭരണത്തിന് വിരാമമിട്ടുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടി തിളക്കമാര്‍ന്ന വിജയം നേടിയത്. കോണ്‍ഗ്രസിന് കാര്യമായ മുന്നേറ്റത്തിന് സാധിക്കാതെ തകര്‍ന്നടിഞ്ഞു. 250 കൗണ്‍സിലുകളാണ് കോര്‍പറേഷനിലുള്ളത്. 134 സീറ്റ് എഎപി നേടി. ബിജെപിക്ക് 105 സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസ് 9 സീറ്റില്‍ ഒതുങ്ങി.കൂടാതെ, ഏഴ് ഉപതെരഞ്ഞെടുപ്പുകളില്‍ അഞ്ചിലും ബിജെപി പരാജയപ്പെട്ടു.അതിന്റെ ഫലവും വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ ലോക്സഭാ, നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍, ചില അപവാദങ്ങള്‍ ഒഴികെ, പ്രധാന ദേശീയ ദിനപത്രങ്ങളുടെ മുന്‍ പേജുകളില്‍ വലിയ വാര്‍ത്തകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു.

ഗുജറാത്തില്‍ ബിജെപി റെക്കോര്‍ഡ് സീറ്റുകള്‍ തൂത്തുവാരിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് അതിന്റെ മുഖപത്രത്തില്‍ പറഞ്ഞു.ഗുജറാത്തില്‍ ഭരണകക്ഷിയായ ബിജെപി 156 സീറ്റുകള്‍ നേടിയാണ് ചരിത്ര വിജയം നേടിയത്. ഒരു കക്ഷി ഗുജറാത്ത് നിയമസഭയില്‍ നേടുന്ന ഏറ്റവും വലിയ നേട്ടമായിരുന്നു ഇത്. ഗുജറാത്തില്‍ ബിജെപി നേടുന്ന തുടര്‍ച്ചയായ ഏഴാം നിയമസഭാ തിരഞ്ഞെടുപ്പ് വിജയം കൂടിയാണ് ഇത്.ചരിത്രപരമായ വിജയം രേഖപ്പെടുത്തിയതിനൊപ്പം കോണ്‍ഗ്രസിനെ തകര്‍ത്തെറിയാനും ആം ആദ്മി പാര്‍ട്ടിയുടെ പ്രവേശനം തടയാനും ബിജെപിക്ക് കഴിഞ്ഞു.