സമയം തെറ്റിയ മയക്കവും മാറിമറിയുന്ന വ്യക്തിത്വങ്ങളും

Spread the love

എഴുത്ത്: അമൽ ദാസ് സി (ചലച്ചിത്ര ഗവേഷകൻ)

മനുഷ്യജീവിതത്തിന് അർത്ഥം നൽകുന്ന കാര്യങ്ങളെന്തൊക്കെയാണെന്ന ലളിതമായൊരന്വേഷണമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രമായ ‘നൻപകൽ നേരത്തു മയക്കം’. വീട്, നാട്, കുടുംബം, സ്വത്ത്, സാമൂഹിക ജീവിതം, ഭാഷ, ഭക്ഷണം തുടങ്ങിയ ഈ ഘടകങ്ങളെ സിനിമാഖ്യാനത്തിന്റെ നാടകീയതക്കായി ഇവിടെ പ്രശ്നവൽക്കരിക്കുന്നുണ്ട്. അതേ സമയം വലിയ രീതിയിലുള്ള തത്വചിന്താന്വേഷണത്തിനോ ആഖ്യാന സങ്കേതങ്ങളുടെ ദുർവ്യയത്തിനോ നിൽക്കാതെ ലളിതമായി കഥ പറയാനും ലിജോ ശ്രദ്ധിച്ചിരിക്കുന്നു. ഇതിനു മുന്നോടിയായി (ആമേനു ശേഷം) വന്ന തന്റെ മറ്റു ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കയ്യൊതുക്കത്തോടെ സിനിമയെന്ന മാധ്യമത്തെ ഉപയോഗിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

NANPAKAL NERATHTH MAYAKKAM

വേളാങ്കണ്ണിയിൽ നിന്ന് തീർത്ഥാടനം കഴിഞ്ഞുവരുന്ന ഒരു നാടകട്രൂപ്പിലെ അംഗങ്ങൾ യാത്രക്കിടെ ഉച്ചമയക്കത്തിലേക്ക് പോകുന്നതും പിന്നീട് ഉണരുമ്പോൾ സംഭവിക്കുന്ന വിചിത്രമായ ചില കാര്യങ്ങളുമാണ് ഇതിന്റെ കഥാപരിസരം. ട്രൂപ്പിന്റെ നടത്തിപ്പുകാരനായ ജെയിംസിനുണ്ടാകുന്ന ചില മാറ്റങ്ങളാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. മയക്കത്തിൽ നിന്നുണരുന്ന ജെയിംസ് ബസ് നിർത്തിച്ച് തൊട്ടടുത്ത തമിഴ് ഗ്രാമത്തിലേക്ക് നടന്നുപോവുന്നു. അവിടെയുണ്ടായിരുന്ന പാൽക്കച്ചവടക്കാരന്റെ ആത്മാവ് ആവേശിച്ച പോലെ അയാളെന്ന വ്യക്തിയായി ജെയിംസ് പെരുമാറാൻ തുടങ്ങുകയാണ്. സുന്ദരം എന്ന് പേരുള്ള ആ വ്യക്തി രണ്ടു വർഷങ്ങൾക്ക് മുൻപ് ഗ്രാമത്തിൽ നിന്ന് കാണാതായതാണത്രേ. സുന്ദരത്തിന്റെ വീട്ടിലേക്ക് കയറിപ്പോയി പൂർണമായും അയാളായി പെരുമാറുന്ന ജെയിംസ്, യാത്രയിൽ കൂടെയുള്ളവരെയും, ആ ഗ്രാമത്തിലുള്ളവരെയും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.

സുന്ദരമെന്ന വ്യക്തിയുടെ നിത്യജീവിതത്തിലെ എല്ലാ പ്രവൃത്തികളും, വ്യവഹാരങ്ങളും, സാമൂഹികജീവിയെന്ന നിലയിലുള്ള എല്ലാ കർത്തവ്യങ്ങളും സ്വിച്ച് ഇട്ട പോലെ ചെയ്തു തുടങ്ങുകയാണ് ജെയിംസ്. അയാളെ സംബന്ധിച്ച് പറയുന്നതെല്ലാം, ചെയ്യുന്നതെല്ലാം തന്റെ സ്വത്വത്തെയും അസ്തിത്വത്തെയും അടയാളപ്പെടുത്താനുള്ളതാണ്. പുതിയൊരു വ്യക്തിത്വമായി താൻ മാറിയെന്ന് അയാൾക്ക് മനസ്സിലാകുന്നില്ല. സുന്ദരമെന്ന തമിഴ് പാൽക്കക്കച്ചവടക്കാരനാണ് താനെന്ന ഉറച്ച ബോധ്യമാണ് അയാൾക്കുള്ളത്. അയാൾ തമിഴ് സംസാരിക്കുന്നു, രാവിലെ എഴുന്നേറ്റ് പാൽ കറന്നു വിൽക്കാൻ പോകുന്നു, ഗ്രാമത്തിലൂടെയുള്ള തന്റെ നിത്യ സർക്കീട്ടിന് പോകുന്നു, നാട്ടുസദസ്സുകളിൽ ഇരുന്ന് സൊറ പറയുന്നു, കാഴ്ചയില്ലാത്ത അമ്മക്ക് പാക്ക് കൊടുക്കുന്നു, അവരുടെ മടിയിലിരുന്ന് സീരിയൽ കാണുന്നു, ഭാര്യയോടും മകളോടും കഥ പറയുന്നു, പിണങ്ങുന്നു, ചായക്കടയിലിരുന്ന് ദോശക്ക് കൂട്ടാൻ ചമ്മന്തി തന്ന കടക്കാരനോട് തർക്കിക്കുന്നു, അമ്പലത്തിൽ പോകുന്നു, കള്ളുഷാപ്പിലിരുന്ന് മദ്യപിച്ചു കലഹമുണ്ടാക്കുന്നു, അങ്ങനെ സുന്ദരമെന്നയാളുടെ നിത്യജീവിത ചക്രം ജെയിംസ് മുന്നോട്ടുകൊണ്ടുപോവുകയാണ്. ഇങ്ങനെ നിത്യവൃത്തികൾ നിർണയിക്കുന്ന സാംസ്‌കാരിക പരിസരം അയാളെ ഒരു തമിഴനാക്കുന്നു.

എന്നാൽ മറുഭാഗത്ത് ജെയിംസിന്റെ കുടുംബത്തിനും സഹയാത്രികർക്കും ഈ കാഴ്ച അസഹനീയമായി തീരുകയാണ്. അവരെ സംബന്ധിച്ച് ട്രൂപ്പിനെ മുന്നോട്ട് നയിക്കുന്ന, തങ്ങളുടെയെല്ലാം അടുത്ത സുഹൃത്താണ് ജെയിംസ്. ചെലവ് ചെയ്യുന്നതിനെല്ലാം കൃത്യമായി കണക്കുവെക്കുന്ന, മദ്യപാനമില്ലാത്ത, ഒരു സാത്വികജന്മം. ജെയിംസ്, ഭാര്യക്കും മകനും തങ്ങളുടെ കുടുംബനാഥനാണ്. തമിഴ് ഭാഷയോടും, ഭക്ഷണത്തോടും, അവരുടെ സിനിമയോടും, പാട്ടുകളോടുമെല്ലാം വൈമുഖ്യമുള്ളയാളാണത്രെ ജെയിംസ്. അങ്ങനെയൊരു ‘തികഞ്ഞ’ മലയാളിയായ വ്യക്തി കടകവിരുദ്ധമായ മറ്റൊരു സാംസ്‌കാരിക വ്യക്തിത്വമായി മാറുന്നത് അവരെ ഞെട്ടിക്കുകയാണ്.

ആ ഗ്രാമീണർ ജെയിംസിന്റെ പ്രവൃത്തികൾ തികഞ്ഞ അപരിചിതത്വത്തോടെ വീക്ഷിക്കുന്നു. ഈ കാഴ്ച ആദ്യമുണ്ടാക്കുന്ന അങ്കലാപ്പ്, പിന്നെ കൗതുകത്തിലേക്കും, പിന്നീട് അസ്വസ്ഥതയിലേക്കും നയിക്കുകയാണ്. ജെയിംസിന്റെ ഭാര്യയോടും മക്കളോടും ട്രൂപ്പിലുള്ളവരോടും വളരെ അനുഭാവപൂർവം മാത്രമേ അവർ പെരുമാറുന്നുള്ളൂ. പക്ഷെ, ജെയിംസിന്റെ ചില പ്രവൃത്തികൾ അതിരു വിട്ടുപോകുന്നു. തീർത്തും മറ്റൊരു സാഹചര്യത്തിൽ നിന്ന് വരുന്നൊരു വ്യക്തിക്ക് എങ്ങനെയിത് സാധിക്കുന്നുവെന്ന് അവർ ആശ്ചര്യപ്പെടുന്നുമുണ്ട്.

ഈ പ്രതിസന്ധിയാണ് ചിത്രത്തിന്റെ കാതൽ. ഏതൊരു മനുഷ്യന്റെയും ഭൗതിക ജീവിതസാഹചര്യവും അതുവഴിയുണ്ടാകുന്ന സാംസ്‌കാരിക പരിസരവും അയാളുടെ വ്യക്തിത്വ രൂപീകരണത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നുള്ളത് വ്യക്തമാണ്. ഇവ മാത്രമാണോ ഇതിനു പിന്നിലുള്ളതെന്നാണ് ചിത്രം ഉയർത്തുന്ന ചോദ്യം. ഭാഷ, ഭക്ഷണം, വീട്, കുടുംബം, നാട് തുടങ്ങിയവ ഉണ്ടാക്കുന്ന സാംസ്‌കാരിക സവിശേഷതകൾക്കുമപ്പുറം മനുഷ്യജീവിതത്തെ അടയാളപ്പെടുത്താൻ മറ്റു കാര്യങ്ങളുണ്ടോ എന്നും ഇവിടെ സംശയങ്ങളുയരുന്നു.

സിഗ്മണ്ട് ഫ്രോയ്ഡിന്റെ മാനസികവ്യാപാരങ്ങളെ കുറിച്ചുള്ള ആശയങ്ങളും ഇവിടെ ഓർക്കാം. ഈ സിദ്ധാന്തപ്രകാരം. ബോധ (conscious), ഉപബോധ (subconscious), അബോധ (unconscious) തലങ്ങളിലായിട്ടാണ് മനസ്സ് പ്രവർത്തിക്കുന്നത്. ഇതിൽ ബോധമനസ്സ് നിലവിലെ ചിന്തകളെയും ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തികളെയും നിയന്ത്രിക്കുന്നു. ഉപബോധമനസ്സ് പെട്ടെന്ന് ഓർത്തെടുക്കേണ്ട ഓർമ്മകളെയും ചിന്തകളെയും ശേഖരിക്കുകയാണ് ചെയ്യുന്നത്. അബോധമനസ്സാകട്ടെ വർഷങ്ങൾ നീണ്ട ഓർമ്മകളെയും പഴയകാല അനുഭവങ്ങളെയും ഭാവനയെയുമെല്ലാം കൂട്ടിയിണക്കി പ്രവർത്തിക്കുന്നു. ഇത് മൂന്നിന്റേയും ഒത്തിണക്കത്തോടെയുള്ള പ്രവർത്തനമാണ് മനുഷ്യന്റെ മാനസികാരോഗ്യത്തെ നിർണയിക്കുന്നത്. ‘നൻപകൽ നേരത്ത്’ മയങ്ങുന്ന ജെയിംസ് ഉണർന്ന് കഴിയുമ്പോൾ വേറെ മനുഷ്യനായി സ്വയം കരുതുന്നത് അബോധമനസ്സിന്റെ പ്രവർത്തിയാവാം. യാത്രയുടെ ആദ്യനേരങ്ങളിൽ തമിഴ് ഭക്ഷണത്തോടും തമിഴ് പാട്ടുകളോടും സംസ്കാരത്തോടും ജെയിംസ് കാണിക്കുന്ന നീരസം മയക്കത്തിന് ശേഷം പുറത്തുവരുന്നത് ആ സ്വത്വത്തിലേക്കുള്ള അയാളുടെ പരകായപ്രവേശമായിട്ടാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ഈ വ്യക്തിത്വ പരിവർത്തനം എങ്ങനെ സംഭവിക്കുന്നുവെന്ന് ഇതിലെവിടെയും പറയുന്നില്ല. പക്ഷെ, ഇങ്ങനെ ഒരുപാട് കാര്യങ്ങൾ അതിനെ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ടെന്ന് സൂചിപ്പിച്ചുവെന്ന് മാത്രം.

ഈ ആഖ്യാനത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന കളറിങ് വളരെ പ്രശംസനീയമാണ്. ഉച്ചനേരത്തെ വെയിലിന്റെ നിറമാണ് ഫ്രെയിമുകൾക്ക്. ചിലയിടങ്ങളിൽ കറുപ്പിന്റെ പ്രസരം കാണാം. മയക്കം പിടിക്കുന്നതിന്റെ ഇരുട്ടാണത്. വളരെ ഹൈ കോൺട്രാസ്റ്റ് ഉള്ള വിഷ്വലുകളാണ് ചിത്രത്തിലുടനീളം. സംഭവിക്കാനിരിക്കുന്ന കാര്യങ്ങളുടെ അവിശ്വസനീയത ഇതിൽ നിന്ന് തിരിച്ചറിയാനാവും. നാടക ട്രൂപ്പ് നടത്തുന്ന യാത്രയാണല്ലോ ഇതിന്റെ കഥാപരിസരം. അവരുടെ നടത്തിപ്പുകാരൻ ജീവിതത്തിൽ നടത്തുന്ന അതിനാടകീയ പ്രകടനമാണ് ചിത്രം മുഴുവൻ. ഈ പ്രകടനവും കൂടെയുള്ളവരുടെ പല രീതിയിലുള്ള പ്രതികരണങ്ങളുമെല്ലാം ഒരു നാടകം പോലെയാണ് കാഴ്ചക്കാരന്റെ മുന്നിൽ ചുരുളഴിയുന്നത്. ഈ നിശ്ചലത കാഴ്ചക്കാർക്ക് അനുഭവവേദ്യമാകാൻ സ്റ്റിൽ ഷോട്ടുകളാണ് ചിത്രം മുഴുവൻ ഉപയോഗിച്ചിരിക്കുന്നത്. സംവിധായകൻ ലിജോയുടെ തനതു രീതികളായ ഹാൻഡ്‌ഹെൽഡ് ഷോട്ടുകളോ ലോങ്ങ് ടെയ്ക്കുകളോ ഒട്ടും തന്നെയില്ല. ഇത് വളരെ നിയന്ത്രിതവും കെട്ടുറപ്പുള്ളതുമായ ഒരു ആഖ്യാനത്തിന്റെ അനുഭവം കാഴ്ചക്കാർക്ക് നൽകുന്നു.

സൂക്ഷ്മമായ സൗണ്ട് ഡിസൈനും മെല്ലെയുള്ള ആഖ്യാനതാളവും നിറങ്ങളുടെ തെരഞ്ഞെടുപ്പിൽ കാണിച്ച ശ്രദ്ധയും കഥാപരിസരത്തെ കാഴ്ചക്കാർക്ക് നന്നായി അനുഭവവേദ്യമാക്കുന്നുണ്ട്. ഇതോടൊപ്പം കഥാപാത്രങ്ങളുടെ ബ്ലോക്കിങും (ക്യാമറക്ക് മുന്നിലെ വിന്യാസം), ഒഴുക്കുള്ള എഡിറ്റിംഗും, ചിത്രത്തിന്റെ അനുഭവം കൂടുതൽ ഹൃദ്യമാക്കുന്നു. തേനി ഈശ്വറിന്റെ ശ്രദ്ധാപൂർവവും നിയന്ത്രിതവുമായ സിനിമാറ്റോഗ്രാഫിയും ദീപു ജോസഫിന്റെ എഡിറ്റിംഗും എടുത്തു പറയേണ്ടതുണ്ട്. കുഴഞ്ഞുമറിഞ്ഞതും എന്നാൽ നിശ്ചലവുമായ ഒരു ലോകത്തെ കാഴ്ചക്കാരിലേക്കെത്തിക്കാൻ ഇവർക്ക് വലിയ പങ്കുവഹിക്കാൻ സാധിച്ചു. ഈ ലോകത്തെ മനുഷ്യരെ അടുത്ത് നിന്ന് കാണുകയും അവരിലൊരാളായി മാറുകയുമാണ് പ്രേക്ഷകർ.

നൻപകൽ നേരത്ത് മയക്കം’ സിനിമ പ്രദർശനത്തിനു ശേഷം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

നായകകഥാപാത്രമായി മമ്മൂട്ടിയാണ് അഭിനയിച്ചിരിക്കുന്നത്. കൂടെ മലയാളത്തിലെയും തമിഴിലെയും പ്രധാന നടീനടന്മാരും കഥ നടക്കുന്ന ഗ്രാമത്തിലെ മനുഷ്യരുമുണ്ട്. കഥാപാത്രത്തിന് സംഭവിക്കുന്ന മാനസിക മാറ്റത്തെ പൂർണമായി ഉൾക്കൊണ്ട് വളരെ അവധാനതയോടെ അഭിനയിച്ചിരിക്കുന്ന മമ്മൂട്ടി പ്രശംസയർഹിക്കുന്നു. രണ്ട് വ്യത്യസ്ത സാംസ്‌കാരിക സാഹചര്യങ്ങളിലെ കഥാപാത്രങ്ങളെ അതിന്റെ എല്ലാ സൂക്ഷ്മഭേദങ്ങളോടെയും അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

തന്മയത്വമുള്ള കഥാപാത്രങ്ങളെ സിനിമാഖ്യാനത്തിൽ കൊണ്ടുവന്നാൽ മാത്രമേ ഇങ്ങനെയൊരു കഥാപരിസരത്തിന് മുന്നോട്ടു പോവാൻ സാധിക്കുകയുള്ളൂ. ലിജോയും സ്ക്രിപ്റ്റ് എഴുതിയ കഥാകാരൻ എസ്.ഹരീഷും അതിൽ വിജയിച്ചിട്ടുണ്ട്. വൈവിധ്യമാർന്ന ധാരാളം കഥാപാത്രങ്ങൾ അവരുടെ എല്ലാ സങ്കീർണ്ണതകളോടും കൂടെ ഈ ആഖ്യാനത്തിലേക്ക് കണ്ണിചേരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പല ചിത്രങ്ങളിലുമുണ്ടായിരുന്ന ആഴമില്ലാത്ത പാത്രസൃഷ്ടികളല്ല ഇവിടെയുള്ളതെന്നത് പരാമർശിക്കേണ്ട കാര്യമാണ്. അതേ പോലെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലുണ്ടായിരുന്ന ആഖ്യാന സങ്കേതങ്ങളുപയോഗിച്ചുകൊണ്ടുള്ള നാട്യങ്ങളും ‘നൻപകൽ ലില്ല. ചിത്രം വലിയ മാനങ്ങളുള്ള ഒരനുഭവമാക്കി മാറ്റുന്നതിൽ ഈ മാറ്റങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്.

ആയർത്ഥത്തിൽ വളരെ ലളിതമെങ്കിലും ഗൗരവമുള്ള പല ചോദ്യങ്ങളുമുയർത്തുന്ന നല്ല സിനിമയാണ് ‘നൻപകൽ നേരത്തു മയക്കം’. മനുഷ്യന്റെ വ്യക്തിത്വ രൂപീകരണത്തെയാണ് ഈ ചിത്രം പ്രശ്നവൽക്കരിക്കുന്നത്. അതിനായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സംഘവും ആവിഷ്കരിക്കുന്ന ഭൂമിക പുതുമയുള്ളതും സങ്കീർണവുമാണ്. സാങ്കേതികമായ കെട്ടുകാഴ്ചകളൊരുക്കി കൈയ്യടി നേടിയിരുന്ന ഒരു സംവിധായകനിൽ നിന്നും സിനിമയെന്ന കലാമാധ്യമത്തിന്റെ സാധ്യതകളെ അതിന്റെ പൂർണതയിലുപയോഗിക്കുകയും പുതുക്കുകയും ചെയ്യുന്ന നല്ലൊരു കലാകാരനായി ലിജോ പരിണമിച്ചിരിക്കുന്നുവെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ‘നൻപകൽ നേരത്തു മയക്കം’ മലയാള സിനിമക്ക് ഏറെ അഭിമാനിക്കാവുന്ന ഒരു കലാസൃഷ്ടി തന്നെയാണ്.


Spread the love

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: