Data Story : ത്രിപുര, നാഗാലാൻറ്, മേഘാലയ തെരഞ്ഞെടുപ്പ് ഫലം
എഴുത്ത് : ഷിജിൻ കെപി
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി ആശ്വാസ വിജയം നേടിയിരുന്നു. ത്രിപുരയിലും നാഗാലാൻഡിലും ഭരണത്തുടർച്ച ഉറപ്പിച്ച ബിജെപി മേഘാലയയിൽ എൻപിപിയ്ക്കൊപ്പം സർക്കാരിന്റെ ഭാഗമായേക്കും.
ത്രിപുരയിലെ ത്രികോണപ്പോരാണ് ബിജെപിയുടെ തുടർഭരണം ഉറപ്പാക്കിയത്. തിപ്രമോതയുടെ സാന്നിധ്യമാണ് ബിജെപിക്ക് ഗുണകരമായത്.
തിപ്രമോത ഇരുപക്ഷത്തെയും വോട്ടുകൾ ചോർത്തിയെങ്കിലും കൂടുതൽ തിരിച്ചടിയേറ്റത് സിപിഎം കോൺഗ്രസ് സഖ്യത്തിനാണ്. ഗോത്രവർഗ്ഗ മേഖലകളിലെ സീറ്റുകൾ വിജയിച്ച തിപ്ര മോത ബിജെപി കഴിഞ്ഞാൽ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയാണ് അധികാരം നിലനിര്‍ത്തുന്നത്. കഴിഞ്ഞ തവണ എട്ട് സീറ്റുകൾ നേടിയ ഐപിഎഫ്റ്റിക്ക് ഇത്തവണ ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ.
ത്രിപുര
ത്രിപുരയിൽ ബിജെപിക്ക് ഭരണം നിലനിർത്താൻ സാധിച്ചെങ്കിലും വോട്ട് ഷെയറും സീറ്റിന്റെ എണ്ണവും 2018 നേക്കാൾ കുറവാണ്. തിപ്ര മോതയുടെ സാന്നിധ്യമാണ് ഇക്കുറി ത്രിപുരയിൽ ത്രികോണ മത്സരം നടക്കാൻ കാരണം. കന്നി മത്സരത്തില്‍ തന്നെ 13 സീറ്റും 20 ശതമാനം വോട്ടും നേടാൻ തിപ്ര മോതക്കായി. പ്രതിപക്ഷ വോട്ടുകൾ തിപ്ര മോതയും സ്വതന്ത്രരും പിടിച്ചത് പത്തിലധികം സീറ്റുകളിൽ സിപിഎം സഖ്യത്തിന്റെ പരാജയത്തിന് ഇടയാക്കി. കഴിഞ്ഞ തവണ 16 സീറ്റിൽ ഒതുങ്ങിയെങ്കിലും സിപിഎമ്മിന് 42 ശതമാനം വോട്ട് നേടാൻ കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ഇടത് പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനും കൂടി ചേർന്ന് 33 ശതമാനം വോട്ട് നേടാനെ കഴിഞ്ഞുള്ളു. 2018 ൽ 41 ശതമാനം വോട്ട് നേടിയ ബിജെപിക്ക് ഇക്കുറി 39 ശതമാനം വോട്ടാണ് നേടാനായത്. ഐപിഎഫ്ടിയുടെ കോട്ടയായ തക്രജലയില്‍ വന്‍ ഭൂരിപക്ഷമാണ് തിപ്രമോത നേടിയത്.
വോട്ട് ഷെയർ
ത്രിപുരയിൽ ഭരണം നിലനിർത്തിയെങ്കിലും ബിജെപിക്ക് 11 ശതമാനം വോട്ട് നഷ്ടമായി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപി വോട്ട് ഒമ്പതു ശതമാനം ഇടിഞ്ഞു. ബിജെപി–ഐപിഎഫ്‌ടി സഖ്യത്തിന് 40.24 ശതമാനം വോട്ടാണുള്ളത്. ഇടതുമുന്നണി–കോൺഗ്രസ് സഖ്യം 36 ശതമാനം വോട്ട് നേടി. 40 സീറ്റിൽ മത്സരിച്ച തിപ്ര മോത കന്നി മത്സരത്തിൽ തന്നെ 20 ശതമാനം വോട്ട് നേടി. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 51 ശതമാനം വോട്ട് നേടിയാണ് ബിജെപി സഖ്യം അധികാരം പിടിച്ചത്. ഇടതുപക്ഷ സഖ്യത്തിന് 44.35 ശതമാനം വോട്ടാണ് ഉണ്ടായിരുന്നത്. തിപ്ര മോതയുമായി സിപിഎമ്മിന് സഖ്യമുണ്ടാക്കാൻ സാധിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ.

നാഗാലാന്റ്
നാഗാലാൻഡിൽ ബിജെപി ഭരണം നിലനിർത്തി. എൻഡിപിപി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർടി) 25 സീറ്റും സഖ്യകക്ഷിയായ ബിജെപി 12 സീറ്റും നേടി. ബിജെപിക്ക് കഴിഞ്ഞ തവണയും 12 സീറ്റാണ് നേടിയത്. എൻസിപി ഏഴിടത്തും എൻപിപി അഞ്ചിടത്തും വിജയിച്ചു. ബാക്കി സീറ്റുകൾ സ്വതന്ത്രർക്കും ചെറുപാർട്ടികൾക്കുമാണ്. കോൺഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല. എൻഡിപിപിയിലെ നീഫ്യു റിയോ ഇവിടെ തുടർച്ചയായ അഞ്ചാം തവണ മുഖ്യമന്ത്രിയായേക്കും.
നാഗാലാന്‍ഡില്‍ ചരിത്രം
നാഗാലാന്‍ഡിൽ ചരിത്രം കുറിച്ച് നിയമസഭയിലേക്ക് ആദ്യ വനിതാ സാമാജികരെത്തുന്നു. ഹെകാനി ജഖാലുവും സല്‍ഹൗതുവോനുവോ ക്രൂസെയുമാണ് നിയമസഭയില്‍ എത്തിയ ആദ്യ വനിതകള്‍. എന്‍ഡിപിപി സ്ഥാനാര്‍ത്ഥികളായ ഹെകാനി ദിമാപൂര്‍ മൂന്നില്‍ നിന്നും സല്‍ഹൗതുവോനുവോ വെസ്റ്റ് അംഗമിയില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.1,536 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹെകാനി ലോക് ജനശക്തി പാര്‍ട്ടിയുടെ (റാം വിലാസ്) സ്ഥാനാര്‍ത്ഥിയായ അസെറ്റോ സിമോമിയെ പരാജയപ്പെടുത്തിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു കെനീസാഖോ നഖ്രോയെ ഏഴ് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സല്‍ഹൗതുവോനുവോ പരാജയപ്പെടുത്തിയത്. നാഗാലാന്‍ഡില്‍ നാല് വനിതകള്‍ മാത്രമാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചത്. കോണ്‍ഗ്രസിന്റെ റോസി തോംപ്‌സണ്‍, ബിജെപിയുടെ കഹുലി സെമ എന്നിവരാണ് മറ്റ് വനിതകള്‍.

മേഘാലയ
മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് സാങ്‌മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എൻപിപി 26 സീറ്റ് നേടി. യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി 11 സീറ്റിൽ വിജയിച്ചു. കോൺഗ്രസും തൃണമൂൽ കോൺഗ്രസും അഞ്ച് വീതം സീറ്റ് നേടി. ബിജെപിക്ക് രണ്ട് സീറ്റ് നേടാനെ സാധിച്ചുള്ളു.
ഇതര പ്രാദേശിക പാർട്ടികൾക്കും സ്വതന്ത്രർക്കുമായി 10 സീറ്റ് ലഭിച്ചു. സ്ഥാനാർത്ഥിയുടെ മരണത്തെതുടർന്ന് ഒരിടത്ത് വോട്ടെടുപ്പ് മാറ്റി വെച്ചിരുന്നു. കോൺറാഡ് സാങ്‌മ പുതിയ സർക്കാർ രൂപീകരിക്കാൻ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ സഹായം തേടിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ ട്വീറ്റ് ചെയ്‌തിരുന്നു. അഞ്ച് വർഷം ഒന്നിച്ച് ഭരിച്ചശേഷം എൻപിപിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് ബിജെപി തനിച്ച് മത്സരിക്കുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി
അഞ്ചു സംസ്ഥാനത്തായി നടന്ന 6 ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. ബിജെപി 28 വർഷം കൈവശംവച്ച മഹാരാഷ്‌ട്രയിലെ കസബപേട്ട് മണ്ഡലത്തിൽ മഹാസഖ്യ സ്ഥാനാർഥി കോൺഗ്രസിന്റെ രവീന്ദ്ര ധൻഗേക്കർ ജയിച്ചു. ചിഞ്ച്വാദ് സീറ്റ് ബിജെപി നിലനിർത്തി.ബംഗാളിൽ സാഗർദിഗി മണ്ഡലത്തിൽ ഇടതുമുന്നണി പിന്തുണയോടെ കോൺഗ്രസിലെ ബയ്‌റോൺ ബിശ്വാസ് ജയിച്ചു. തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റിൽ ഡിഎംകെ പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ഇവികെഎസ് ഇളങ്കോവനാണ് ജയിച്ചത്. ജാർഖണ്ഡിലെ സിറ്റിങ് സീറ്റായ രാംഗറിൽ കോൺഗ്രസ് തോറ്റു. അരുണാചൽപ്രദേശിലെ ലുംല മണ്ഡലത്തിൽ ബിജെപിയുടെ സെറിംഗ് ലാമു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
