സോൾ ഓഫ് കടുവ
അഭിമുഖം: അതുൽ നറുകര/ ഷിദിൻ
സോൾ ഓഫ് ഫോക്?
ലോക്ഡൗൺ സമയമാണ് പുതിയ ചിന്തകൾക്ക് വഴിതെളിച്ചതെന്നു പറയാം.
സമൂഹ മാധ്യമങ്ങളെ ഫലപ്രഥമായി ഉപയോഗിച്ചത് ആ ദിവസങ്ങളിലാണ്. നറുകരയിലെ കഴിവുള്ള കൂട്ടുകാരെയെല്ലാം കൂടെ കൂട്ടി ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലൈവായി പാട്ടുകൾ പാടുകയും കഥപറയുകയും ചെയ്യാൻ തുടങ്ങിയത് അപ്പോഴാണ്. സുഭാഷ് പി കെ, പ്രജിൻ തിരുവാലി, നിലീഷ് കടുങ്ങല്ലൂർ, സായൂജ്, ജിബിൻ, ബിനൂപ്, നീരജ്, സായൂജ്, കാർത്തിക, അഭിനവ് കൃഷ്ണ, ശ്രീഹരി,ഷിജിൻ, സഞ്ജയ്, നിരഞ്ജൻ തുടങ്ങിയ കൂട്ടുകാരാണ് ഇപ്പോൾ കൂടെയുള്ളത്. ചെറിയ രീതിയിൽ ലൈവ് വേദികളിൽ പിന്നീട് പാടിത്തുടങ്ങുകയും ‘ഇതിലുമേറെ’ എന്ന പാട്ട് ഞങ്ങൾ സ്വന്തമായി നിർമിക്കുകയും ചെയ്തു.
സിനിമയെന്ന സ്വപ്നം മനസിലുണ്ടായിരുന്നോ?
സിനിമ സ്വപ്നങ്ങളിലുണ്ടായിരുന്നുവെങ്കിലും അതെത്തിപ്പിടിക്കാനാവാത്തൊരു ലോകമാണെന്നായിരുന്നു കരുതിയിരുന്നത്. അതുകൊണ്ട് തന്നെ സിനിമ ഒരു പ്രതീക്ഷയായി മനസ്സിൽ ഉണ്ടായിരുന്നില്ല. ക്ലബ് ഹൗസിൽ ഞാൻ പാടുന്നത് കേട്ടാണ് സന്തോഷ് ശിവൻ സർ വിളിക്കുന്നത്. അതൊരു വല്ലാത്ത നിമിഷമായിരുന്നു.
നെറ്റ്ഫ്ലിക്സ് -നു വേണ്ടി എം ടി വാസുദേവൻ നായരുടെ പത്തു തിരക്കഥകൾ ആന്തോളജി സിനിമയായി വരുന്നുണ്ട്. അതിൽ സന്തോഷ് ശിവൻ സർ സംവിധാനം ചെയ്യുന്ന അഭയം തേടി വീണ്ടും എന്ന ചിത്രത്തിനു വേണ്ടി പാട്ടു പാടാൻ ആയിരുന്നു അദ്ദേഹം വിളിച്ചിരുന്നത്. സന്തോഷ് ശിവൻ സാർ ആണ് ജെക്‌സ് ബീജോയ് സാറിനു മുന്നിൽ എന്നെ പരിചയപ്പെടുത്തന്നത്. പുഴുവിലും ഇപ്പോൾ കടുവയിലും അവസരം തന്നതിൽ അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും വളരെ വലുതാണ്.
ഒൻപത് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസിന്റെ തിരിച്ചു വരവുള്ള പ്രിത്വിരാജ് എന്ന വലിയൊരു നടന്റെ വലിയ പ്രൊഡക്ഷന്റെ ഭാഗമായ ഒരു സിനിമയുടെ ഭാഗമായി…എന്ത് തോന്നുന്നു?
ഒരിക്കൽ സന്തോഷ് ശിവൻ സാറിന് മുന്നിൽ ഈ ഗാനം പാടിയപ്പോൾ ജെക്‌സ് ബിജോയ് സാറിന് ഇഷ്ടപ്പെടുകയും കടുവയിലേക്ക് എടുക്കാമെന്നും അദ്ദേഹം പറയുകയുണ്ടായി.പിന്നീട് ഗാനം സിനിമയ്ക്ക് വേണ്ടി ജെക്‌സ് ബീജോയ് സർ റെക്കോർഡ് ചെയ്യുകയാണുണ്ടായത്. ട്രൈലെറിനു പകരമായി പ്രോമോ വീഡിയോ ആയി ഞങ്ങൾ പാടുന്ന വീഡിയോ ഇറങ്ങിയപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.തിയേറ്ററിൽ നിന്നും ഞങ്ങളുടെ ശബ്ദം കേട്ടപ്പോൾ കൂടെയുള്ള എല്ലാവർക്കും സന്തോഷമായിരുന്നു.

ഫോക് ലോറിന്റെ സിനിമ സാധ്യതകൾ എത്രത്തോളമാണ്?
മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഫോക് ലോറിനെ പരിമിതമായിമാത്രമേ ഉപയോഗിച്ചിട്ടുള്ളു. അത് പാട്ടുകളിൽ ആയാലും കഥാപരിസരങ്ങളിൽ ആയാലും അങ്ങിനെതന്നെയാണ്. തമിഴ്, ബംഗാളി സിനിമകളിൽ അവരുടെ ഫോക്ലറുകൾ നമുക്ക് കാണുവാൻ സാധിക്കുന്നുണ്ട്. ഏറ്റവും വലിയ ജനപ്രിയ കലയായ സിനിമയിൽ ഫോക് ലോറിനെ ഉപയോഗപ്പെടുത്തുമ്പോൾ ഇന്നും അറിയപ്പെടാതെ പോകുന്ന ഒരുപാട് കലാകാരന്മാർക്ക് അതൊരു പ്രചോദനമാണ്. ഞങ്ങൾ അതിനൊരു കാരണമാവുന്നതിൽ ഏറെ സന്തോഷമുണ്ട്.
ഫോക് ലോറിനെ ആക്കാദമികമായി തിരഞ്ഞെടുത്തത് ബോധപൂർവ്വമായിരുന്നോ?
ആക്കാദമികമായി ഫോക് ലോർ പഠന മേഖലയായും ഗവേഷണ മേഖലയായും തിരഞ്ഞെടുത്തത് ബോധപൂർവ്വമായി തന്നെയാണ്. ഫോക് ലോർ പ്രചാരകർ ആവുന്നതിനോടൊപ്പം തന്നെ അതിനെ അക്കാദമികമായി സമീപിക്കുമ്പോൾ കൂടുതൽ അറിവുകൾ നേടാനും ഉൽപ്പാദിപ്പിക്കാനും സാധിക്കുന്നു. ഇനിയും ഒരുപാട് അറിയാനുണ്ട്…പുതിയ പാട്ടുകൾക്കായുള്ള അന്വേഷണത്തിലാണിപ്പോൾ.

ഭാവി… പ്രതീക്ഷകൾ…?
പുതിയ പ്രൊജക്ടുകൾ വരുന്നുണ്ട്…
വലിയ ക്യാൻവാസിൽ സ്വന്തമായി പാട്ടുകൾ ചെയ്യണമെന്നും കഴിവുള്ള കലാകാരന്മാരെയും കലാകാരികളെയും കണ്ടെത്തണമെന്നും വേദിയിലെത്തിക്കണമെന്നും ആഗ്രഹമുണ്ട്… അതിനായുള്ള അന്വേഷങ്ങളിലാണ്…