DINNU

ഹിമാലയം; വഴികളും വഴിയമ്പലങ്ങളും

Spread the love

ഹിമാലയശ്യംഖങ്ങളിലൊന്നായ പാർവതിപർവ്വതത്തിന്റെ താഴ്വരകളിലെ ആ ഗ്രാമങ്ങളി ലേക്ക് പ്രതീക്ഷിക്കാതെ ചെന്നെത്തിയതായിരുന്നു. കോഴിക്കോട്ടെ ഹോസ്റ്റൽ മുറിയിൽ നിന്ന് ബാഗും തൂക്കി ഇറങ്ങുമ്പോൾ ഇൗ യാത്രയ്ക്ക് മുൻപേ നിശ്ചയിച്ച വഴികളുണ്ടായിരുന്നു. വർഷങ്ങൾക്കു മുൻപ് ഏകാകിയുടെ ഭാണ്ഡവും തൂക്കി രാജൻ കാക്കനാടൻ ഹിമവാന്റെ മുകൾത്തട്ടിലേക്ക് നടന്നുകയറിയ പാത.തണുക്കുന്ന ഗംഗയുടെയും, മന്ദാകിനിയുടെയും ഒഴുക്കുകൾക്കരികിലൂടെ കേദാർനാദിലേക്കും ബദരീനാഥിലേക്കും നീണ്ടുപോകുന്ന ആ പാതയിലൂടെയാവും എന്റെ യാത്ര എന്ന് അനേകദൂരംചെല്ലുംവരെ ഞാൻ ചിന്തിച്ചിരുന്നു. എന്നാൽ യാത്ര ദൂരെയാരിടത്ത് വെച്ച് അനിശ്ചിതത്തിന്റെ മറ്റൊരു വഴിതിരിയുന്നു. എന്റെ യാത്ര മറ്റ് സ്ഥലങ്ങളിലേക്കും മനുഷ്യരിലേക്കുമെത്തുന്നു.

ഒന്ന്
ചിലപ്പോൾ ഉച്ചയുറക്കം തീർന്ന് കണ്ണ് മിഴിക്കുമ്പോൾ ചുമരിലൂടെ വൈകുന്നേരത്തെ മഞ്ഞവെയിന്റെ വെട്ടങ്ങൾ ജനലിനടുത്തേക്ക് അരിച്ചരിച്ച് നീങ്ങുന്നത് കാണാം. അത് ജനലിലൂടെ പുറത്തേക്കിറങ്ങുന്നു.എന്റെ മുറിയിൽ നിന്നും ഇറങ്ങിപോവുന്ന വെളിച്ചത്തിന്റെ ആ യാത്ര ദൂരെ പടിഞ്ഞാറൻ ദിക്കിൽ എനിക്കപരിചിതമായ മുറികളിൽ ചെന്നുകയറുകയും ഇറങ്ങുകയും ചെയ്യുന്നു.അടച്ചിരിപ്പിന്റെ കോവിഡ് നാളുകളിൽ കഴിയാതെപോകുന്ന യാത്രകളെപറ്റി ഒാർത്താണ്ഞാൻ ഏറെയും അസ്വസ്ഥപ്പെട്ടത്. എങ്ങുമെത്താതെ വർഷങ്ങൾ വെറുതെ തീർന്നുപോകുന്നു.
2021 സെപ്തംബർ,
ദൂരേയ്ക്കു പോകുന്ന തീവണ്ടികൾ ഇപ്പോൾ ഒാടിതുടങ്ങിയിട്ടുണ്ട്.ഹോസ്റ്റൽ വരാന്തയിലെ മരബെഞ്ചിൽ, അപ്പോൾ വന്നുവീഴുന്ന ഉച്ചയുടെ വെയിലിൽ ആരുമില്ലാതെ ഇരിക്കുമ്പോൾ എനിക്ക് പെട്ടെന്ന് പോകണമെന്ന് തോന്നി. ഹിമാലയം എന്ന് മനസ്സ് കൊതിക്കുന്നു.ഒരുപാട് അകലത്തിൽ മഞ്ഞുവീണുകൊണ്ടിരിക്കുന്ന ആ പർവ്വതദേശത്തേക്ക് എത്രയും വേഗം എത്താനായി മനസ്സ് തിടുക്കപ്പെട്ടുകൊണ്ടിരുന്നു. വായിച്ച ചില പുസ്തകങ്ങളിൽ നിന്നനുഭവിച്ച, ചാർധാം എന്നറിയപ്പെടുന്ന ഉത്തരാഗണ്ഡിലെ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ സ്ഥലങ്ങ
ളാണ് ഹിമാലയ യാത്രയ്ക്കായി എന്നെ ആഗ്രഹിപ്പിക്കുന്നത്. ഇവിടെ എത്തിപ്പെടുന്നതിനുള്ള
ആദ്യത്തെ പ്രവേശനകവാടമായി അറിയപ്പെടുന്നത് ഹരിദ്വാറാണ്.ട്രെയിനുകളിലെ സെക്കന്റ് ക്ലാസ് മുറികളിലുള്ള യാത്രയ്ക്കും ഇപ്പോൾ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മൂൻകൂട്ടിയുള്ള ബുക്കിങ് ആവശ്യമാണ്. യാത്ര ചെയ്യുക എന്ന ഇൗ നിമിഷത്തിന്റെ തോന്നലിനെ എനിക്ക് നഷ്ടമാകും മുൻപ് വേഗം ഇവിടെ നിന്നും ഇറങ്ങണം. പരപ്പനങ്ങാടി സ്റ്റേഷനിൽ നിന്ന് ഹരിദ്വാറിലേക്ക് നേരിട്ട് ട്രെയിനുകളില്ല. ഡൽഹിയിലെത്തിയാൽ അവിടെ നിന്ന് ഒരു രാത്രിയുടെ ദൂരത്തിനപ്പുറം ഹരിദ്വാറിലെത്താം. പിറ്റേന്ന് പുറപ്പെടുന്ന മംഗള-ലക്ഷ്യദ്വീപ് എക്സ്പ്രസിലെ ഒരു സെക്കന്റ് ക്ലാസ്മുറിയിൽ സീറ്റ് തരപ്പെട്ടു. ഇനി മൂന്ന് ദിവസങ്ങൾ കഴിഞ്ഞുള്ള ഒരു ഉച്ചനേരം ഞാൻ ഡൽഹിയിലെത്തും. അവിടെ നിന്നും ഒരു രാത്രി തീർന്നു വരുന്ന പ്രഭാതത്തിൽ ഹരിദ്വാറിലും.

വലിയ സ്റ്റേഷൻ.മഴ പൊടിയുന്നുണ്ടായിരുന്നു. ഒരു വലിയ മഴ തീരുന്നതിന്റെ ചാറ്റലുകൾ. പ്ലാറ്റ്ഫോമിലെ സിമന്റുബെഞ്ചുകളിലും മറ്റും അഴുക്കുവെള്ളം കെട്ടികിടക്കുന്നു. ആളുകൾ ഭാണ്ഡങ്ങളും മറ്റുമായി തിരക്കുപിടിച്ച് പാഞ്ഞു.ശരീരത്തിന് മുഷിപ്പും ക്ഷീണവുമുണ്ട്. ആദ്യമൊന്ന് കുളിക്കണം. സ്റ്റേഷനിലെ കാത്തിരിപ്പുമുറിയിൽ അതിനായി ഒരുക്കിയ സൗകര്യത്തിൽ കുളി കഴിച്ചു. പിറ്റേ ദിവസം പുലർച്ചെ 1.45 ന് പുറപ്പെടുന്ന വണ്ടിയിലാണ് എനിക്ക് ഹരിദ്വാറിലെത്തേണ്ടത്. അതുവരെയുള്ള സമയം ഞാൻ ഇൗ നഗരത്തിലാണ്.വീട്ടുകാരെ അറിയിക്കാതെയുള്ള യാത്രയായിരുന്നു ഇത്. രണ്ടുവർഷമായി സഹോദരി
യും പങ്കാളിയും ദൽഹിയിൽ താമസിക്കുന്നു. തിരക്കുപിടിച്ച ഇൗ നഗരത്തിൽ ആൾക്കൂട്ടങ്ങളുടെ വലിയ മ
റവുകളുണ്ടായിട്ടും ഞാൻ അവരുടെ മുന്നിൽ പെട്ടേക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു.ട്രെയിനിലായിരിക്കുമ്പോൾ കാര്യമായൊന്നും കഴിക്കാത്തതിനാൽ നന്നെ വിശക്കുന്നു. ബാഗുമെടുത്ത് വെളിയിലേക്ക് നടന്നു. സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന കവാടത്തിനടുത്ത് ടാക്സികളുമായി അനേകമനേകം റിക്ഷാവാലകൾ. പേടി തോന്നിക്കുന്ന ഒച്ചയിൽ അവർ ആളുകളെ തങ്ങളുടെ വണ്ടിയിൽ കയറാനായി നിർബന്ധിച്ചുകൊണ്ടിരുന്നു.

ഇൗ നഗരം എനിക്ക് വളരെ പരിചിതമാണ് എന്ന് എന്നെ കാണുന്നവർക്ക് തോന്നുവിധം ഭാവചലനങ്ങളുണ്ടാക്കി ആ ശബ്ദങ്ങൾക്കിടയിലൂടെ ഞാൻ നീങ്ങി. രണ്ട് കിലോമീറ്റർ അപ്പുറത്ത് കേരളഫുഡ് ലഭിക്കുന്ന ഒരു റെസ്റ്റോറന്റ് ഉണ്ടെന്ന് ഗൂഗിൾ നോക്കി അറിഞ്ഞു.അവിടെ എത്തിപ്പെട്ടാൽ ഉൗണ് കഴിക്കാമായിരിക്കും.മാപ്പ് തെളിച്ചുതരുന്ന പാത. നഗരത്തിനോട് ചേർന്നുള്ള ചേരിയുടെ ഇടുങ്ങിയ ഉൾവശം. ഒരിടത്ത് പഴം വിൽക്കുന്ന ഒരാളുടെ ഉന്തുവണ്ടിയ്ക്കടുത്ത് അഞ്ചാറ് കുട്ടികൾ കൂടിനിൽക്കുന്നു. ചതഞ്ഞു പൊട്ടിയ പഴങ്ങൾ വിൽപ്പനക്കാരൻ അവർക്കുനേരെ നീട്ടുമ്പോൾ ആർത്തിയോടെ അവർ തട്ടിപറിക്കുന്നു. വഴിയിൽവേറെയും മനുഷ്യർ.

ഹൂമയുൺ ടോംമ്പ്, ചിത്രം :ഡിന്നു

ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോൾ ഇനി എവിടേക്കെന്ന അന്വേഷണത്തിൽ ഹൂമയുൺ ടോമ്പിനെ പറ്റി അ
റിഞ്ഞു. അൽപ്പം ദൂരമുണ്ട്. എങ്കിലും നടക്കാമെന്ന് വിചാരിച്ചു. ഒരു സൈക്കിൾറിക്ഷാക്കാരൻ അപ്പോൾ ഒ
പ്പം കൂടി. അയാൾ വളരെ നിർബന്ധിച്ചപ്പോൾ ഇരുപത് രൂപ പറഞ്ഞുറപ്പിച്ച് റിക്ഷയിൽ കയറിയിരുന്നു.
മുഗൾചക്രവർത്തിയായ ഹുമയൂണിന്റെ മരണശേഷം, 1565- 70 കാലഘട്ടത്തിൽ അയാളുടെ പത്നിയായ ഹമീദ ബാനു ബേഗമാണ് ഇൗ ടോമ്പ് പണികഴിപ്പിച്ചത്. ഭീമാകാരമായ ആകോട്ടയ്ക്കകത്ത് മുഗളരായ വേറെയും ആളുകളുടെ ശവകൂടീരങ്ങളും നമസ്ക്കാരപള്ളികളുമുണ്ട്.മണികൂറുകളെടുത്ത് ചുറ്റികാണാനുള്ള ആ അത്ഭുതകെട്ടിടത്തിന്റെ സമുച്ചയങ്ങളിലൂടെ ഞാൻ നടന്നു. വിദേശികളും തദേശികളുമായ അനേകം ആളുകൾ. കോട്ടയോട് ചേർന്ന പുൽമൈതാനിയിലും മരച്ചുവടുകളിലും പ്രേമിക്കപ്പെടുന്നവർ. ഒരു മരത്തിനുകീഴെ ഏകാന്തമായി ഞാനും കിടന്നു.
ഏതൊക്കെയോ ഒാർമ്മകളുടെ ക്ഷീണങ്ങൾ അപ്പോൾ വന്നുംപോയുമിരുന്നു.വൈകുന്നേരം സന്ധ്യയിലേക്കലിയുന്നു. സെക്യൂരിറ്റികളായ ഏതാനുംപേർ ആളുകളെ ആ കോട്ടയിൽ നിന്നും ഒഴിപ്പിച്ചുകൊണ്ടിരുന്നു. ഭീമാകാരമായ വാതിലുകൾ അവർ തള്ളിയടയ്ക്കുമ്പോൾ ഏതോ അജ്ഞാതവാദ്യത്തിൽ നിന്നും പുറപ്പെടുന്ന സംഗീതം പോലെ ഒച്ച. ആൾക്കൂട്ടത്തിനൊപ്പം ഞാനും പുറേത്തേക്കൊഴുകി.

നഗരവിളക്കുകൾ പ്രകാശിച്ചുതുടങ്ങിയിട്ടുണ്ട്. നിസാമുദ്ദീൻ ദർഗ്ഗയിൽ ഇൗ നേരത്ത് നടക്കാറുള്ള ഖ
വ്വാലിയെപറ്റി മുൻപ് ഒരു സുഹൃത്ത് പറഞ്ഞതോർമ്മിച്ചു. ആബിദ പർവീനെയും നുസ്റത്ത് അലി ഫത്തേഖാ
നെയും കേൾക്കാറുള്ള എനിക്ക് ഖവ്വാലിസംഗീതം പ്രിയപ്പെട്ടതാണ്. ദർഗ്ഗയിലെത്തിയപ്പോഴാണ്
അറിഞ്ഞത് അത് നടക്കാറുള്ളത് വ്യാഴാഴ്ച്ചകളിൽ മാത്രമാണെന്ന്. ആ തെരുവിന്റെ ഇടുങ്ങിയ
ഗലികളിലൂടെ മനുഷ്യരെയും വഴിവാണിഭങ്ങളെയും നോക്കി പിന്നെയും ഏറെ അലഞ്ഞു. രാത്രി വൈ
കിയപ്പോൾ എനിക്ക് പോകാനുള്ള വണ്ടിയ്ക്കായി സ്റ്റേഷനിലേക്ക്..
അവിടെ ഇരിക്കുമ്പോൾ ആദിലിനെ പരിചയപ്പെട്ടു. മലയാളിയാണെന്ന് തോന്നി ഇങ്ങോട്ട് വന്ന്
മിണ്ടി തുടങ്ങിയതാണ്. മൂന്ന് ദിവസമായി അവൻ ഇൗ സ്റ്റേഷനിൽ ജീവിക്കുന്നു. ഇവിടുത്തെ സി
മന്റുഞ്ചെുകളിലും കാത്തിരിപ്പുമുറികളിലും ഉറങ്ങി… പകലുകളിൽ ദൽഹിനഗരത്തിലൂടെ അലയും.
നാട്ടിൽ നിന്നും എത്തിച്ചേരണ്ട ഒരു സുഹ്യത്തിനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഭാഗമായാണ്് ദൽഹിയി
ലിങ്ങനെ. അവരും യാത്ര പോകുകയാണ്. കാശ്മീരിലേക്ക്. അനേകം യാത്രികർക്ക് വഴിയമ്പലമാകു
ന്ന ദൽഹി. ഞങ്ങൾ ഏറെ സംസാരിച്ചു. പിന്നെ എനിക്ക് പുറപ്പെടാനുള്ള വണ്ടി വന്നുനിൽക്കുന്ന പ്ലാറ്റ്ഫോ
മിലെ ഒരു ഒഴിഞ്ഞ ബെഞ്ചിന്റെ ഏകാന്തതയിലേക്ക് ഞാൻ നടന്നു. അരികിൽ മരങ്ങൾ വളർത്തിയ, ഇരുട്ടും
വെളിച്ചവും ഒരുമിച്ചുനിൽക്കുന്ന പ്ലാറ്റ്ഫോമിന്റെ അറ്റം.വണ്ടി വരാൻ ഇനിയും സമയമുണ്ട്. വന്നുകിട്ടിയാൽ അതിൽ കയറി കണ്ണുകളടയ്ക്കണം. മനസ്സ് ക്ഷീണിക്കുമ്പോൾ ഒാടിചെന്ന് തലചായ്ക്കാൻ ആഗ്രഹം തോന്നുന്ന മടിത്തട്ടിനോടെന്നപോലെ ഞാൻ കാത്തിരുന്ന തീവണ്ടിയോട് എനിക്കപ്പോൾ സ്നേഹം തോന്നി.

രണ്ട്
കണ്ണുകൾ തുറക്കുമ്പോൾ പുറത്ത് വെളിച്ചം പരന്നിട്ടുണ്ട്. ദൽഹിയിൽ നിന്ന് എന്നോടൊപ്പം കയറി
അടുത്ത സീറ്റിൽ കിടന്നുറങ്ങുകയായിരുന്ന വൃദ്ധൻ ഇതിനോടകം എതോ സ്റ്റേഷനിൽ ഇറങ്ങിപോയി
രിക്കുന്നു. ഞാൻ എഴുന്നേറ്റിരുന്നു. ജനലിനുപുറത്തെ മഞ്ഞവെയിലിന്റെ കാഴ്ച്ചകളിൽ കണ്ണുകളുടക്കി
നിൽക്കെ ഏതോ ആനന്ദത്തെ ഉള്ളം അനുഭവിക്കുകയാണ്. വളരെ കുറച്ച് യാത്രക്കാരെ ഇൗ കംമ്പാർട്ട്മെന്റിലുള്ളു. ഉത്തരാഗണ്ഡിലെ ഏതോ സ്ഥലത്തൂടെയാണ് വണ്ടി ഇപ്പോൾ നീങ്ങുന്നത്. ഗ്രാമങ്ങളും നഗരങ്ങളും മലനിരകളും കടന്ന് ബദരീനാഥിലേക്കും കേദാർനാഥിലേക്കുമുള്ള പ്രവേശനവാതിലായ ഹരിദ്വാറിൽ ഞാൻ എത്താറായിട്ടുണ്ട്. ട്രെയിനിറങ്ങി സ്റ്റേഷനിൽ നിന്ന് എളുപ്പം പുറത്തുകടക്കാനായില്ല. കോവിഡ് നിയന്ത്രണത്തിന്റെ
ഭാഗമായി രണ്ടു ഡോസ് വാക്സിൻ എടുത്തവരെ മാത്രമെ ആ ദേശത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നുള്ളു.
അല്ലാത്തവർ ടെക്സ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം. ദൽഹിയിലെ തിരക്കുപിടിച്ച തെരു
വുകളിൽ അധികവും മാസ്ക് ധരിക്കാത്ത മനുഷ്യർക്കിടയിലൂടെ അലഞ്ഞ എനിക്ക് രോഗത്തെപറ്റി ചിന്ത
വന്നപ്പോൾ ഒരു ആശങ്കയും വന്നുപ്പെട്ടു. ഉത്തരാഗണ്ഡ് ഗവൺമെന്റ് ആന്റിജൻ ടെസ്റ്റിനുള്ള സൗകര്യം സ്റ്റേഷനകത്ത് തന്നെ ഏർപ്പാടാക്കിയിട്ടുണ്ട്. അതിനുമുന്നിൽ നിൽക്കുന്നവരുടെ വരിയിലേക്ക് ഞാനും ചേർന്നു. അരമുക്കാൽ മണിക്കൂർ. പിന്നെ ആശ്വാസമായി. നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വെളിയിലേക്ക്
അഥവാ ആ ദേശത്തിന്റെ അകത്തേക്ക് ഞാൻ നീങ്ങി.


ഹരിദ്വാറിൽ
ഹരിദ്വാർ സ്റ്റേഷന്റെ മുഖം ഒരു ഹൈന്ദവക്ഷേത്രത്തെ ഒാർമ്മിപ്പിച്ചുകൊണ്ടിരുന്നു. മുന്നിൽ
കല്ലിലോ മറ്റോ നിർമ്മിച്ചെടുത്ത ഒരു വലിയ ശിവവിഗ്രഹത്തിന്റെ പ്രതിഷ്ഠ. സ്റ്റേഷനോട് ചേർന്ന
ഭാഗങ്ങളിൽ വേറെയും ദേവതാപ്രതിഷ്ഠകളുണ്ട്. കാവിയുടുത്ത സ്വാമിമാർ മുറ്റത്ത് അങ്ങിങ്ങായി
ഇരിക്കുകയും കിടക്കുകയും ചെയ്യുന്നു. ഭക്തരും യാത്രികരുമായ ആളുകളെകൊണ്ട് ആ സ്റ്റേഷൻ മുറ്റം നിറ
ഞ്ഞുകിടന്നു. അവിടെ ഒരു കൽകെട്ടിനുമുകളിൽ കുറച്ചുനേരം ഇരുന്നു. മുന്നിൽ തിരക്കുപിടിച്ചൊഴുകുന്ന മറ്റൊരു നഗരം. ടാക്സിവണ്ടികളും മറ്റും പാഞ്ഞുപോകുന്ന റോഡിന്റെ അരികിലൂടെ ആളുകളെ കയറ്റി സാവാധാനം നീങ്ങുന്ന കുതിരവണ്ടികളും സൈക്കിൾറിക്ഷകളും. ഇവിടെ എത്രദിവസം തങ്ങണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. ഇന്ന് താമസിക്കുവാനായി ഒരു ലോഡ്ജുമുറി ഇൗ നഗരത്തോട് ചേർന്ന തുൾസി ചൗക് എന്ന സ്ഥലത്ത് ഒായോ വഴി ബുക്ക് ചെയ്തിട്ടുണ്ട്. അവിടേക്ക് പോകും മുൻപ് ശരീരത്തിന്റെ വിശപ്പ് മാറ്റണം. റോഡരികുകളിൽ നിർത്തിയിട്ടിരിക്കുന്ന ഉന്തുവണ്ടികളിൽ പ്രധാനമായും
ചായയും പൂരിയും റൊട്ടികളും വിൽക്കുന്ന കച്ചവടക്കാരുണ്ട്. ഒരിടത്തു നിന്നും വിശപ്പുമാറ്റി. വലി
യകെട്ടിടങ്ങൾ അതിരിട്ടുനിൽക്കുന്ന ഇടുങ്ങിയ ഉൗടുവഴിയിലൂടെ പിന്നെ തുളസി ചൗക്കിലേക്ക് ന
ടന്നു. നാന്നൂറ് രൂപയ്ക്ക് ലഭിച്ച മുറി സാമാന്യം ഭേദപ്പെട്ടതായിരുന്നു. മുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ നിന്നാൽ താഴെ, ശബ്ദങ്ങൾ ഉയർന്നുവരുന്ന തെരുവ് കാണാം.

അവിടെ കുതിര വണ്ടികളും സൈക്കിൾറിക്ഷകളും പലമാതിരിയുള്ള ജീവിതങ്ങളും തെളിയുകയും മറയുകയും ചെയ്യുന്നു. ബാഗിൽ നിന്നും മുഷിഞ്ഞ വസ്ത്രങ്ങളെല്ലാം എടുത്ത് കഴുകി ബാൽക്കണിയിൽ വീണുകൊണ്ടിരുന്ന വെയിലിന്റെ ചൂടിയിലേക്ക് ഉണക്കാനിട്ടു. പിന്നെ കുളിച്ച് ശുചിവരുത്തി ശരീരത്തിന്റെ ക്ഷീണം തീർക്കാനുള്ള സുഖമുള്ള ഉറക്കത്തിലേക്ക് പോയി. ഗംഗയിലെ ആരതി ഉണർന്നശേഷവും കുറേനേരം മുറിയിൽ തന്നെ ഇരുന്നു. വൈകുന്നേരം വെയിലാറിത്തുടങ്ങിയപ്പോൾ വാതിൽ പൂട്ടി ഇറങ്ങി. അലക്ഷ്യമായ നടത്തം. ഹരിദ്വാറിൽ സവിശേഷമായി എന്താണ് കാണാനുള്ളതെന്നും എവിടെയൊക്കെ പോകണമെന്നും ഉള്ള മുൻകൂർ ധാരണകളൊന്നും വരുത്തിയിരുന്നിയില്ല. ബദരീ, കേദാർ സ്ഥാനങ്ങളിലേക്കുള്ള യാത്രയിൽ ഇൗ സ്ഥലത്തെ വിശ്രമത്തിനുള്ള ഒരു വഴിയമ്പലം എന്നെ കണക്കാക്കിയിരുന്നുള്ളു. കാണുന്ന പല ഉൗടുവഴികളിലൂടെയും നടന്നു. ആ നടത്തം തിരക്കുപിടിച്ച ഒരു മാർക്കറ്റിനു മുന്നിലെത്തിച്ചു. അകത്തേക്ക് കയറുംതോറും തിരക്ക് ഏറി വരുന്നു. ഇരുദിശകളിലും പലതരം വാണിഭങ്ങൾ. കടും നിറങ്ങളിലുള്ള കുപ്പായങ്ങളും, ആഭരണങ്ങളും, പൂജാസാമഗ്രികളും വിൽക്കുന്ന കടകളുടെ മുന്നിലാണ് ഏറെയും ആൾത്തിരക്കുള്ളത്. ഇന്ത്യയുടെ നാനാത്വങ്ങളെ അനുഭവിപ്പിക്കുന്ന സവിശേഷവും പരമ്പരാഗതവുമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചെത്തിയ സ്ത്രീകളുടെ കൂട്ടങ്ങൾ പല ഭാഗങ്ങളിലുമുണ്ട്്. കളിപറഞ്ഞും, ചിരിച്ചും അവർ തങ്ങൾക്കു വേണ്ട സാധനങ്ങൾക്കായി കടകളിലൂടെ കയറിയിറങ്ങുന്നു. എല്ലാം കണ്ടുകൊണ്ട് ഞാൻ നടന്നു.
കുറേ നീങ്ങിയപ്പോൾ ആ മാർക്കറ്റിനുള്ളിലെ ശബ്ദകോലാഹലങ്ങൾ പതുക്കെയാവുകയും അതിനു
മുകളിലേക്ക് മണിയൊച്ചകളുടേയും മന്ത്രോച്ചാരണങ്ങളുടെയും അവയ്ക്കിടയിലൂടെ നേർത്ത,
ഒഴുകുന്ന ഒരു ജലപ്രവാഹത്തിന്റെയും ശബ്ദം എന്റെ കാതിലേക്ക് കയറിവരാൻ തുടങ്ങി. ഗംഗാനദി
യുടെ അടുത്തേക്ക് ഞാൻ എത്തികൊണ്ടിരിക്കുകയായിരുന്നു. ഇരുട്ട് വീണുതുടങ്ങുന്നതേയുള്ളു. പ്രസി
ദ്ധമായ ആരതിപൂജ ഗംഗയുടെ ഘാട്ടുകളിൽ ആരംഭിച്ചിട്ടുണ്ട്. ശംഖുനാദങ്ങളുടെ ശബ്ദം ഗംഗയെ
സ്തുതിക്കുന്ന ശ്ലോകങ്ങളോടൊപ്പം ഇടവിട്ട് പൊങ്ങുന്നു.


നദിയുടെ ഇരുകരകളെ ബന്ധിപ്പിക്കുന്ന പാലത്തിലും ആളുകൾ നടന്നുപോകുന്ന പാതകളുടെ ഇരുവശ
ങ്ങളിലും ഭസ്മങ്ങൾ പൂശിയ സന്ന്യാസിമാർ ഇരുന്ന് ഭിക്ഷ യാചിക്കുന്നുണ്ട്. ചിലരുടെ കൈകളിൽ പുക
യുന്ന ചിലം കുഴലുകൾ. ഒരിടത്ത് ഒരു വൃദ്ധസ്വാമി തന്റെ മുന്നിൽ കൂടിനിൽക്കുന്ന ചെറുപ്പക്കാരായ
ആളുകൾക്കുവേണ്ടി ചിലത്തിലേക്ക് ഛരസ്സ് തിരുമ്മി നിറച്ചുകൊണ്ടിരുന്നു. പത്തിന്റെയോ മറ്റോ കുറച്ച്
നോട്ടുകൾ സ്വാമിയ്ക്ക് ചെറുപ്പക്കാർ നൽകുമ്പോൾ അദേഹം ആ ചിലം അവർക്ക് കൈമാറുന്നു. തങ്ങൾ നൽകിയ രൂപയ്ക്കുള്ള പുക ചിലത്തിൽ നിന്നും വലിച്ചെടുത്ത് അവർ മറ്റ് അനുഭൂതികളിലേക്ക്
മറയുന്നു.ആരതിപൂജ നടക്കുന്ന പ്രധാനസ്ഥലത്തെ തിരക്കിനുള്ളിൽ ഞാൻ കുറച്ചുനേരം നിന്നു. പിന്നെ ഗംഗയുടെ ഒഴിഞ്ഞ ഘാട്ടുകളിലേക്ക് നടന്നു. നദിയിലൂടെ ആരതിവെളിച്ചങ്ങൾ ഒഴുകി. വെളിച്ചത്തിന്റെ മറ്റൊരു യാത്ര. ഹനുമാൻ ഘാട്ടിനുമുന്നിലെ പടവുകളിൽ അധികം ആളുകളുണ്ടായിരുന്നില്ല. ഒരു കുടുംബം കുറച്ചപ്പുറത്ത്, ആരതി തെളിച്ച് നദിയിയിലേക്കൊഴുക്കിവിടുന്നു. അതിനുശേഷം കൈയ്യിൽ കരുതിയ കു
പ്പികളിലും കന്നാസുകളിലും ഗംഗാജലം ശേഖരിച്ചുകൊണ്ടിരുന്നു.

GANGA


വെള്ളത്തിലേക്കിറങ്ങിനിൽക്കുന്ന ഒരു പടികെട്ടിൽ ഞാനിരുന്നു. എനിക്ക് ഏതാനും അടുത്തായി വളരെ പ്രായം ചെന്ന ഒരു വൃദ്ധനും ഇരിക്കുന്നുണ്ടായിരുന്നു. എന്തോ ആലോചനയിൽ മുഴുകിയിട്ടെന്നപോലെ അയാളുടെ കണ്ണുകൾ ഗംഗയുടെ ഒഴുക്കുകളിലേക്ക് തന്നെ നോക്കികൊണ്ടിരുന്നു. കുറച്ച്
കഴിഞ്ഞപ്പോൾ ആ മനുഷ്യൻ മെല്ലെ എഴുന്നേറ്റ് വെള്ളത്തിലേക്കിറങ്ങി. ഒഴുക്കിൽപെട്ടുപോവാതിരിക്കാൻ
കൈവരിയായി കെട്ടിയ ചങ്ങലയിൽ പിടിച്ചുകൊണ്ട് കണ്ണുകളടച്ച് എന്തൊക്കെയോ മന്ത്രണങ്ങൾ ഉരു
വിട്ടു. ശേഷം എത്രയോവട്ടം മുങ്ങിനിവർന്നു. തിരികെ പടികെട്ടിലേക്ക് കയറാൻ പാടുപെട്ടപ്പോൾ അയാൾ എനിക്കുനേരെ കൈകൾ നീട്ടി. ദിവസങ്ങൾക്കു മുൻപ് ഇതുപോലൊരു വൃദ്ധന്റെ കൈ്കകൾ എനിക്ക് നേരെ നീണ്ടുവന്നത് ഇപ്പോൾ ഒാർമ്മ വരുന്നു. അതൊരു തീവണ്ടിയാത്രയിലായിരുന്നു. അഞ്ചാറുപേർ പല സീറ്റുകളിലായി ഇരുന്നതൊഴിച്ചാൽ മിക്കാവാറും ഒഴിഞ്ഞുകിടന്ന ബോഗി. ടൈ്രയിനിൽ കയറി എന്റെ സീറ്റിലേക്ക് നടക്കുന്നതിനിടയ്ക്ക് ആ കൈകൾ എന്നെ വന്നു തട്ടി. രണ്ടുപേർക്കിരിക്കാവുന്ന ജനാലയരികിൽ കിടക്കുകയായിരുന്ന വൃദ്ധൻ എഴുന്നേൽക്കാനായി പ്രയാസപ്പെടുകയാണ്. ഞാൻ അദേഹത്തെ താങ്ങി മെല്ലെ ഇരുത്താൻ ശ്രമിച്ചു. പക്ഷേ ആ ശരീരം കിടപ്പിലേക്ക് തന്നെ മറിഞ്ഞുപോകുന്നു. ഒരുവിധം സീറ്റിലേക്ക് ചാഞ്ഞുകൊണ്ട് ആ മനുഷ്യൻ ഇരുന്നു. ‘പാനീ.. ‘ എന്ന് അയാളുടെ ശബ്ദം ഒരു ഞരക്കം പോലെ പൊങ്ങുന്നുണ്ട്. കുപ്പിയിൽ നിന്നും വെള്ളം ഇത്തിരിയായി ഞാൻ അയാളുടെ വായിലേക്ക് പകർന്നു. അയാൾ ശ്വാസമെടുക്കാൻ പ്രയാസപ്പെടുകയും കിതയ്ക്കുകയും ചെയ്യുന്നു. ഇൗ വൃദ്ധന് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടി എന്റെ ഉള്ളിൽ കയറികൂടുന്നുണ്ടായിരുന്നു.

വലതുവശത്തെ സീറ്റിൽ കിടന്നുറങ്ങുകയായിരുന്ന സ്ത്രീ അപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്.
അവർ കിടക്കുന്നതിനു താഴെ സഞ്ചികളും മറ്റുഭാണ്ഡങ്ങളും വെച്ചിരിക്കുന്നതോടൊപ്പം പുരു
ഷന്റേതായ ഒരു ജോഡി ചെരിപ്പുകളും കാണുന്നുണ്ട്. അത് ഇൗ വ്യദ്ധന്റേതായിരിക്കും. ഞാൻ വിചാ
രിച്ചു. അദേഹത്തിന്റെ ഭാര്യ, അല്ലെങ്കിൽ വേണ്ടപ്പെട്ട മറ്റാരോ ആയിരിക്കാം ഇൗ സ്ത്രീ. തടിച്ച ശരീരമുള്ള
സ്ത്രീയ്ക്ക് വൃദ്ധനോളം പ്രായം തോന്നുകയില്ല. ഞാൻ അവരെ ശബ്ദമുണ്ടാക്കി വിളിച്ചു. കണ്ണുതുറന്ന
പ്പോൾ വൃദ്ധനെ ചൂണ്ടികാണിച്ചു. ആ കിടപ്പിൽ അവർ വൃദ്ധനെ ചരിഞ്ഞ് ഒന്ന് നോക്കി. എന്നിട്ട് എന്തോ പറഞ്ഞു. വൃദ്ധന്റെ ശബ്ദവും മറുപടിയായി ഞരക്കങ്ങൾപോലെ എന്തോ പറയാൻ ശ്രമിക്കുന്നു. മറാത്തിഭാഷയായിരുന്നു അതെന്ന് പിന്നീട് മനസ്സിലായി. ആ സ്ത്രീ പിന്നീട് എന്റെ നേരെ തിരിഞ്ഞ് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ദൈവങ്ങളുടേയും ക്ഷേത്രങ്ങളുടെയും പരാമർശങ്ങളും അവരുടെ ഭാണ്ഡങ്ങളിൽ നിന്ന് പുറത്തേക്ക് തള്ളിനിന്ന പൂജാസാമഗ്രികളും ഏതോക്ഷേത്രദർശനം കഴിഞ്ഞുവരുന്ന തീർത്ഥാടകരാണ് അവരെന്ന് ധരിപ്പിക്കുന്നുണ്ട്. സ്ത്രീ പിന്നെയും കണ്ണുകളച്ച് ഉറക്കത്തിലേക്ക് പ്രവേശിച്ചു.
അവരുടെ പരിഭ്രമമില്ലായ്മയും ഇടപെടലും കണ്ടപ്പോൾ, വൃദ്ധന് ഒന്നും സംഭവിക്കുക
യില്ല, ആ മനുഷ്യൻ എപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കും എന്ന് ഞാൻ കരുതി. കുറച്ചുനേരം അദേഹത്തെ നിരീക്ഷിച്ചുകൊണ്ട് സീറ്റിൽ തന്നെ ഇരുന്നു. ചാരിയുള്ള ഇരുത്തത്തിൽ നിന്ന് വൃദ്ധൻ പിന്നെ ഞരങ്ങിഞരങ്ങി കിടന്നു. ഉറങ്ങാനായി ഞാനും അപ്പോൾ ബർത്തിലേക്ക് കയറി കണ്ണുകളടച്ചു.
ആളുകളുടെ കലപില ശബ്ദം കേട്ടാണ് കണ്ണുതുറന്നത്. വൃദ്ധനുചുറ്റും കുറച്ചുപേർ കൂടിനിൽക്കുന്നു.
ടിക്കറ്റ് കണ്ടക്ടറും ഉണ്ട്. ഒരാൾ പൂസ്തകമുപയോഗിച്ച് വൃദ്ധന് വീശികൊടുത്തുകൊണ്ടിരുന്നു. ഞാൻ ആ
സ്ത്രീയെ നോക്കി. അവർ അപ്പോഴും കിടക്കുക തന്നെയാണ്. കൂടിനിൽക്കുന്നവരുടെ ചോദ്യങ്ങൾക്ക് മ
നസ്സിലാവാത്ത ഭാഷയിൽ ആ കിടപ്പിൽ അവർ മറുപടി പറയുന്നുണ്ട്. അവിടെ നിന്നവരിൽ ഒരാൾ ദേഷ്യ
പ്പെട്ടപ്പോൾ ആ സ്ത്രീ സീറ്റിൽ എഴുന്നേറ്റിരുന്ന് ഭാണ്ഡങ്ങളഴിച്ച് എന്തൊക്കെയോ ഗുളികകൾ പുറത്തെടു
ത്ത് കാണിച്ചു.

അടുത്ത സ്റ്റേഷനിൽ വണ്ടിനിന്നപ്പോൾ കംമ്പാർട്ടുമെന്റിലേക്ക് ഒരു ഡോക്ടർ വന്നു. പരിശോധിച്ച ശേ
ഷം വൃദ്ധനെ ഏതെങ്കിലും ഹോസ്പിറ്റലിൽ ഉടനെ അഡ്മിറ്റ് ചെയ്യണമെന്ന് പറഞ്ഞു. ആ സ്ത്രീ പക്ഷേ അ
തിന് തയ്യാറാവുന്നില്ല. ഞങ്ങൾ വീട്ടിലേക്ക് പൊയ്ക്കൊള്ളാം എന്നാണ് അവർ പറയുന്നത്. ഗവൺ
മെന്റ് ഹോസ്പ്പിറ്റലാണ്. പൈസ ആവശ്യമില്ല. എന്നും മറ്റും പറഞ്ഞ് നിർബന്ധിച്ചപ്പോൾ വൃദ്ധനെയും കൊണ്ട്അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ ആ സ്ത്രീ തയ്യാറായി. അടുത്ത സ്റ്റേഷനിൽ വണ്ടിനിന്നു. കമ്പാർട്ടിനു പുറത്ത് വാതിൽക്കൽ സ്ട്രെച്ചറുമായി മൂന്നാലു പോലീസ് ഉദ്യോഗസ്ഥർ നിന്നിരുന്നു. രണ്ടുപേർ വൃദ്ധനെ താങ്ങിയെടുത്ത് പുറത്തേക്ക് പോയി. പിറകിൽ ഭാണ്ഡങ്ങളുമായി ആ മറാത്തിസ്ത്രീ ഒപ്പമെത്താനായി നടന്നു. ഗംഗയുടെ ഘാട്ടുകളിൽ ഇരുട്ട് വീണുകൊണ്ടിരുന്നു. ഏറെനേരം ആ വഴികളിലൂടെ വീണ്ടും ഞാൻ അലഞ്ഞു. പിന്നെ തുളസിചൗകിലെ എന്റെ മുറിയിലേക്ക് നടന്നു.

തുടരും…


Spread the love

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: