നെഹറുവിനെ പറ്റി അന്വേഷിച്ചിട്ട് കാര്യമില്ല
എഴുത്ത്: ഹരി ശങ്കർ കർത്ത
നെഹറുവിനെ പറ്റി അന്വേഷിച്ചിട്ട് കാര്യമില്ല. നാൽപത്തിയേഴിൽ അന്നേരം രൂപീകരിച്ച ഒരു അത്ഭുതരാജ്യത്തിന്റെ
പ്രധാനമന്ത്രിയായതോടെ അദ്ദേഹം ഒരു രഹസ്യജീവിതത്തിലേക്ക് കടന്നിട്ടുണ്ടാവണം. പിന്നീടങ്ങോട്ട് ധാരാളം വിട്ടുവീഴ്ചകളിലൂടെയാണ് നെഹ്റു തന്റെ രാഷ്ട്രീയജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത് എന്ന് മാത്രം ഊഹിക്കാം.
നെഹറുവിന്റെ പ്രധാനമന്ത്രി വർഷങ്ങൾ ഒരു പട്ടുമെത്തയായിരുന്നില്ല.
വിഭജനം സൃഷ്ടിച്ച കലാപാന്തരീക്ഷം,
ഗാന്ധി വധം,
ആഭ്യന്തര രാഷ്ട്രീയയുദ്ധങ്ങൾ, ചേരിചേരാതെയുള്ള സോവിയറ്റ് ബന്ധം, ചൈനഭായിയുമായുള്ള യുദ്ധം…
ഇതൊക്കെ വലിയ മുഴക്കമുള്ള ചരിത്രസംഭവങ്ങളാണ്.
പക്ഷേ ഏറ്റവും കഷ്ടസ്ഥിതി ഇന്ത്യൻ സാമ്പത്തിക രംഗത്തായിരുന്നു. ഉടുതുണിയ്ക്ക് മറുതുണിയില്ലാത്ത,
ഒരു നേരത്തെ അന്നമില്ലാത്ത,
കയറി കിടക്കാൻ കൂരയില്ലാത്ത ജനകോടികൾ എന്ന് പറഞ്ഞാ
അവരിങ്ങനെ
പല ജാതി
പല മതം
പല ദൈവം മനുഷ്യർക്ക്
എന്ന അവസ്ഥയിൽ ഛിന്നഭിന്നരായി തമ്മിത്തല്ലിയും മുടിക്ക് പിടിച്ചും ഒരു ഉപഭൂഖണ്ഡം മുഴുവൻ
പരന്ന് കിടക്കുകയാണ്.

ഒരു പട്ടിണി രാജ്യത്തിന്റെ വിചിത്രകഥയിലേക്ക്
ഒരു ആധുനിക ഭരണാധികാരി എന്ന നിലയ്ക്ക് ഹരിശ്രീ കുറിച്ചല്ല
മൂക്ക് കൊണ്ട് ക്ഷ വരച്ചാവും
അദ്ദേഹം കടന്ന് വന്നിട്ടുണ്ടാവുക.
ഇന്ത്യ അതിജീവിക്കില്ല,
ഈ കപ്പൽ ഇതാ മുങ്ങി
എന്നാണ് ലോകമെമ്പാടുമുള്ള രാഷ്ട്രീയനിരീക്ഷകർ അന്ന് വിധിയെഴുതിയത്. അവർ അവരുടെ ആർജ്ജിതവിജ്ഞാനം കൊണ്ട് ചെന്നെത്തിയ ഒരു നിഗമനമാണത്. യുക്തിഭദ്രമായി ചിന്തിക്കുന്നവർക്ക് അവരെ കുറ്റം പറയാൻ പഴുതില്ല.പക്ഷേ ഈ രാജ്യം അതിജീവിച്ചു.
അത് അതിന്റെ ചരിത്രനദികൾക്ക് കുറുകെ പടുകൂറ്റൻ അണക്കെട്ടുകൾ പണിതുയർത്തി. വർണ്ണാശ്രമങ്ങളുടെ നാൽക്കവലകളിൽ നിന്നും സംവരണാടിസ്ഥാനത്തിലുള്ള വിശാലമായ ജോലിസാധ്യതകളിലേക്ക് ഔദ്യോഗികമായി പ്രവേശിച്ചു. മുതലാളിത്തത്തിനും സോഷ്യലിസത്തിനും മദ്ധ്യേ ഇന്ത്യൻ യാഥാർത്ഥ്യത്തിന് ഓടിച്ച് കൊണ്ട് പോവാൻ കഴിയുന്ന ഒരു മിക്സഡ് എക്കണോമിയുടെ ഇടം കണ്ടെത്തി.
ദേശീയോദ്ഗ്രഥനത്തെ ഒരു ആധുനികമതം പോലെ സശ്രദ്ധം നട്ട് വളർത്തി.സൈനികശക്തി വർദ്ധിപ്പിച്ചു.
സർവ്വകലാശാലകൾ,
വിദ്യാലയങ്ങൾ നവീകരിച്ചു.
ബ്യൂറോക്രസിയിലെ കൊളോണിയൽ മാലിന്യങ്ങൾ തുടച്ച് വൃത്തിയാക്കാൻ തുടങ്ങി. ശാസ്ത്രീയചിന്തയും സാങ്കേതികവിദ്യയും പ്രചാരത്തിലാക്കാൻ പരിശ്രമിച്ചു. നാനാത്വത്തിലെ ഏകത്വത്തിന്റെ ചില മാത്രകളെ സാഹസികമായൊരു രാഷ്ട്രീയപരീക്ഷണത്തിൽ നിന്നും വേർതിരിച്ചെടുത്തു.
പതിനേഴ് കൊല്ലം കൊണ്ട് നെഹറുവിന്റെ നേതൃത്വത്തിൽ ഈ അത്ഭുതരാജ്യം അതിന്റെ അടിത്തറ കെട്ടി.
പക്ഷേ വഴി നീളെ വിട്ടുവീഴ്ചകളായിരുന്നു. പ്രിയങ്കരനായ ഗാന്ധിയോട്,
തനിക്കൊപ്പം പോന്ന പട്ടേലിനോട്,
തീർത്തും വ്യത്യസ്തനായ അംബേദ്കറോട്, യോജിക്കാനെ കഴിയാത്ത ശ്യാമ പ്രസാദ് മുഖർജിയോട്,
യോജിക്കാനെ ഉദ്ദേശിക്കാത്ത, ജിന്നയോട്, ദ്രാവിഡ മുന്നേറ്റക്കാരോട്, കമ്യൂണിസ്റ്റുകാരോട്,
അവരുടെ സോവിയറ്റ് റഷ്യയോട്, പാകിസ്ഥാനോട്,
ചൈനയോട്,
ഇന്ത്യയിലെ മഹാരാജാക്കന്മാരോട്, മതമേലദ്ധ്യക്ഷന്മാരോട്, ജാതിനേതാക്കളോട്…
ഇങ്ങനെ തുടങ്ങി നെഹറു തന്നെ തന്നെ പങ്കിട്ട് കൊടുക്കാത്ത
ചരിത്രശക്തികൾ ഇല്ല എന്ന് തന്നെ പറയാം. ചില സന്ദർഭങ്ങളിൽ നെഹറുവിന് തെറ്റി. ചിലപ്പോൾ മുന്നേറി. ചിലപ്പോൾ ചരിത്രം വെറും നിശൂന്യതകൾ കൊണ്ട് കളിച്ചു. പക്ഷേ ഇത്രയധികം വിട്ടുവീഴ്ചകൾക്ക് ശേഷവും ഒരു നെഹറു അവശേഷിച്ചു.
ഇത്രയധികം മരംകൊത്തികൾ കൊത്തിയിട്ടും ഒച്ചയുണ്ടാക്കിയിട്ടും ഇര നേടിയിട്ടും കൂട് കൂട്ടിയിട്ടും അതിന്റെ കാതൽ ഇന്നും അവശേഷിക്കുന്നു.
അത് ഒറ്റ വെട്ടിന് വീഴാൻ തയ്യാറല്ല. അത് മുക്കാൽ നൂറ്റാണ്ടിന്റെ മനോഹരവളയങ്ങൾ സ്വീകരിച്ചിരിക്കുന്നു.
അവസാനത്തെ പാട്ടക്കഷണം വരെ വിറ്റ് തീരുമ്പോൾ ഈ അത്ഭുതരാജ്യത്തെ കല്ലുമ്മെ കല്ല് കെട്ടി വീണ്ടും ഒരിക്കൽ കൂടി പണിഞ്ഞുയർത്തേണ്ടി വരും.
അത് കൊണ്ട്,
അത് വരെ,
ഒരു ടെക്സ്റ്റ് ബുക്കായും
റൊമാന്റിക്ക് ഫിക്ഷനായും
നെഹറുവിനെ ഈ ലോകത്തിന് ആവശ്യമുണ്ട്.
അന്ന് അദ്ദേഹത്തിന് സമ്മാനിക്കാനായി
ഒരു പനിനീർപ്പൂവും
ഒരു പാക്കറ്റ് സിഗരറ്റും മാറ്റി വെക്കുന്നു.