ഇന്ത്യയിൽ വാർത്തകളുടെയും മാധ്യമങ്ങളുടെയും വിശ്വാസ്യതയിൽ ഇടിവ്‌ വന്നിട്ടുണ്ടോ?

Spread the love

എംബി രാജേഷ്

മാധ്യമങ്ങളുടെ കണ്ണുതുറപ്പിക്കേണ്ട ഒരു കണ്ടെത്തൽ ഇന്ന് ‘ദി ഹിന്ദു’ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത റോയിട്ടേഴ്സ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഡിജിറ്റൽ ന്യൂസ്‌ റിപ്പോർട്ട്‌ 2023നെ ആസ്പദമാക്കിയാണ്‌ ഹിന്ദു റിപ്പോർട്ട്‌. റോയിട്ടേഴ്സിന്റെ പഠനപ്രകാരം ഇന്ത്യയിൽ വാർത്തകളുടെയും മാധ്യമങ്ങളുടെയും വിശ്വാസ്യതയിൽ ഗണ്യമായ ഇടിവ്‌ വന്നിട്ടുണ്ട്‌. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ടെലിവിഷൻ ചാനലുകളുടെ വിശ്വാസ്യതയിൽ വന്ന ഇടിവ്‌ 10%മാണ്‌. 59ൽ നിന്ന് 49 ശതമാനത്തിലേക്ക്‌. അച്ചടി മാധ്യമങ്ങളുടെ വിശ്വാസ്യത 49%ൽ നിന്ന് 40%ത്തിലേക്ക്‌ ഇടിഞ്ഞു. 9% ഇടിവ്‌. ഇന്ത്യയിലെ മാധ്യമങ്ങളുടെയാകെ വിശ്വാസ്യത 38% മാണ്‌. ലോകത്ത്‌ ഏറ്റവും ഉയർന്ന വിശ്വാസ്യത മാധ്യമങ്ങൾക്കുള്ളത്‌ ഫിൻലന്റിലാണ്‌ 69%. ഇന്ത്യയിൽ പൊതുവാർത്താ പ്രക്ഷേപണ സംവിധാനങ്ങളായ ആകാശവാണി, ബിബിസി ന്യൂസ്‌ എന്നിവ താരതമ്യേന ഉയർന്ന വിശ്വാസ്യത നിലനിർത്തി എന്നും റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. പത്രങ്ങൾ, ടെലിവിഷൻ ചാനലുകൾ എന്നിവയ്ക്ക്‌ പകരമായി സാമൂഹികമാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും പ്രധാന വാർത്താസ്രോതസുകളായി മാറുന്നുവെന്ന് റിപ്പോർട്ട്‌ പറയുന്നു. പ്രത്യേകിച്ച്‌, ചെറുപ്പക്കാർക്കിടയിൽ.
മാധ്യമങ്ങളുടെ വിശ്വാസ്യത തകരുന്ന പ്രവണത ലോകവ്യാപകമായുണ്ടെങ്കിലും ഇന്ത്യയിൽ അതിന്റെ തകർച്ചയുടെ വേഗം അമ്പരപ്പിക്കുന്നതാണ്‌. കേരളത്തിലെ മാധ്യമങ്ങളുടെയും കണ്ണുതുറപ്പിക്കേണ്ടതാണിത്‌‌. എന്തുകൊണ്ടാണ്‌ സ്വന്തം വിശ്വാസ്യത ഇങ്ങനെ ഒലിച്ചുപോകുന്നത്‌ എന്ന് ആത്മവിമർശനം നടത്താൻ, തിരുത്താൻ മാധ്യമങ്ങൾ എന്തെങ്കിലും നടപടി സ്വീകരിക്കുമോ? കാരണം വിശ്വാസ്യതയും സത്യസന്ധതയുള്ള, സങ്കുചിത പക്ഷപാതിത്വമില്ലാത്ത മാധ്യമങ്ങൾ നമുക്ക്‌ ആവശ്യമുണ്ട്.

credit: The Hindu


Spread the love

Leave a Reply

Your email address will not be published. Required fields are marked *