നിത ഷഹീർ /ഷിജിൻ കെപി
കൊണ്ടോട്ടിക്കിന് 26 ന്റെ ചെറുപ്പം. ബിഎഡ് വിദ്യാർത്ഥിയായ നിദ ഷഹീറാണ് ഇനിമുതൽ കൊണ്ടോട്ടി നഗരസഭയുടെ അധ്യക്ഷ. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷയാണ് നിത. കണ്ണൂർ തളിപ്പറമ്പ് നഗരസഭാ അധ്യക്ഷ മുർ ഷിദ കൊങ്ങായി (27) യുടെ പേരിലായിരുന്ന റെക്കോർഡ് ഇനി കൊണ്ടോട്ടിക്ക് സ്വന്തം. വിദ്യാർഥിയും യൂത്ത് കോൺഗ്രസ് കൊണ്ടോട്ടി മുനിസിപ്പൽ വൈസ് പ്രസിഡുന്റുമായ നിതയുമായി നടത്തിയ അഭിമുഖം.
സംസ്ഥാനത്തെ പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു?
8-ാം ക്ലാസ് മുതൽ എൻസിസിയുടെ ഭാഗമായിരുന്നു. എൻസിസിയിലൂടെയാണ് ലീഡർഷിപ്പ് ക്വാളിറ്റി ലഭിച്ചത്. കക്കോവ് പിഎംഎസ്എപി സ്കൂളിൽ പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ മുതലാണ് ഹാൻഡ്ബോൾ കളിക്കാൻ തുടങ്ങുന്നത്. മലപ്പുറം ജില്ലാ ടീമിൽ ഉണ്ടായിരുന്നു. കൂടാതെ 2014 -16 കാലയളവിൽ ജില്ലയ്ക്കു വേണ്ടി വിവിധ മത്സരങ്ങളിൽ ജഴ്സിയണിഞ്ഞു. ഗവ. ആർട്സ് കേളേജ്, മീഞ്ചന്തയിൽ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. കോളേജ് കാലഘട്ടത്തിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി ഇടപ്പെടാൻ സാധിച്ചിരുന്നില്ല. കോളേജിലും എൻസിസിയിൽ ഉണ്ടായിരുന്നതിനാലാണിത്. പാലിയേറ്റിവ് കെയറിന്റെയൊക്കെ ഭാഗമായിരുന്നു. ഇതുവഴി ആളുകളോട് ഇടപെടാനും ആളുകളുടെ പ്രശ്നങ്ങളും മനസ്സിലാക്കാൻ സാധിച്ചിരുന്നു. ഇതാണ് രാഷ്ട്രീയത്തിൽ ഇറങ്ങാൻ പ്രേരിപ്പിച്ചത്.
കുടുംബത്തിൽ നിന്നുള്ള സപ്പോർട്ട് എത്രത്തോളം ഉണ്ടായിരുന്നു?
ബിരുദം പൂർത്തിയാക്കിയാതിന് ശേഷം 2019ലാണ് വിവാഹം നടന്നത്. കോൺഗ്രസ് കുടുംബത്തിൽ ജനിച്ച്, മറ്റൊരു കോൺഗ്രസസ് കുടുംബത്തിലേക്കൊരു പറിച്ചുനടൽ ആയിരുന്നു വിവാഹം. ചീക്കോട്, കൊണ്ടോട്ടി പഞ്ചായത്തുകളിലായി 27 വർഷം കോൺഗ്രസിന്റെ പഞ്ചായത്ത് മെംബർ ആയിരുന്ന പാമ്പോടൻ രായിൻകുട്ടി ഹാജിയുടെ പേരക്കുട്ടി ഷഫാസ് അഹമ്മദ് ആണു ഭർത്താവ്. രായിൻകുട്ടി ഹാജി കൊണ്ടോട്ടി പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റുമായിരുന്നു. കന്നി തെരഞ്ഞെടുപ്പിൽ 40 ദിവസം പ്രായമുള്ള കൈക്കുഞ്ഞുമായാണ് വോട്ടു തേടാനിറങ്ങിയത്. ഇരു കുടുംബത്തിൽ നിന്നും മികച്ച പിന്തുണയുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിച്ചത്.
തൊഴിൽ രഹിതരായ യുവാക്കളും വിദ്യാർത്ഥികളും വിദേശത്തേക്ക് കുടിയേറുന്നത് ക്രമാതീതമായി വർധിച്ച കാലഘട്ടമാണിത്. കൊണ്ടോട്ടിയിലെ യുവാക്കളുടെ പ്രിതിനിധി എന്ന നിലയിൽ അവർക്ക് വേണ്ടി എന്തൊക്കെ പദ്ധതികാളാണ് മുന്നോട്ട് വയ്ക്കുന്നത് ?
10 ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് ഒരു ലക്ഷ്യബോധം ഉണ്ടാക്കി കൊടുക്കാൻ വേണ്ട പരിശീലന പരിപാടികൾ നടത്താനാണ് ആഗ്രഹം. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിന്റെ ആവശ്യകത മനസ്സലാക്കി കൊടുക്കാൻ സാധിക്കണം. എനിക്ക് പത്താം ക്ലാസ്സിൽ ഫുൾ എപ്ലസ് ഉള്ളതുകൊണ്ടാണ് സയൻസ് എടുത്തത്. കൊമേഴ്സോ ഹ്യൂമാനിറ്റിസോ എടുക്കുന്നതിനെ കുറിച്ച് ആലോചിരുന്നില്ല. ഡിഗ്രിക്ക് പോകണോ എംബിബിഎസ് പഠിക്കണോ എന്നൊക്കെ ആശങ്കകൾ ഉണ്ടായിരുന്നു. പിന്നീട് ഇരുത്തി പഠിക്കാൻ സാധിക്കില്ലെന്ന് മനസ്സിലായതുകൊണ്ടാണ് ഡിഗ്രി എടുത്തത്. ഇത്തരത്തിൽ നിരവധി ആശയകുഴപ്പങ്ങൾ വിദ്യാർത്ഥികൾക്ക് ഉണ്ടാകും. വിദ്യാർത്ഥികൾ അവരുടെ അഭിരുചിക്കനുസരിച്ച് പഠിച്ചാൽ, അവർക്ക് നമ്മുടെ നാട്ടിൽ തന്നെ നല്ല ജോലി ലഭിക്കും. ഇത്തരത്തിൽ വിദ്യാർത്ഥികളെയും യുവാക്കളെയും ബോധവത്കരിക്കുന്ന പദ്ധതികൾ ചെയ്യാൻ ആഗ്രഹമുണ്ട്. ഇനി 15 മാസം കൂടിയെ കാലാവധിയുള്ളൂ. അതുകൊണ്ട് വലിയ പദ്ധതികൾ പ്രാവർത്തികമാക്കാൻ പ്രായോഗികമായ ബുദ്ധമുട്ടുകളുണ്ട്.
സ്പോർട്സ് താരമെന്ന നിലയിൽ ഇന്ത്യയുടെ ഒളിമ്പിക്സിലെ പ്രകടനങ്ങളെ എങ്ങനെയാണ് നോക്കികാണുന്നത്?
ഒരു സ്പോർട്സ് പേഴ്സൺ എന്ന നിലയിൽ എനിക്ക് തോന്നുന്നത്, ഒളിമ്പിക്സ് താരങ്ങൾക്ക് കിട്ടുന്ന സപ്പോർട്ട് വളരെ കുറവാണെന്നാണ്. കായിക മേഖലയിൽ പെൺകുട്ടികൾക്ക് ബുദ്ധിമുട്ട് കൂടുതലാണ്. ഞാൻ വിവാഹം കഴിഞ്ഞ് ഇപ്പൊ താമസിക്കുന്നത് കൊണ്ടോട്ടിയിലാണ്. നമ്മുടെ കഴിവിനെ മുന്നോട്ട് നയിക്കാൻ ഇവിടെ ഒരു സ്റ്റേഡിയം പോലുമില്ല. അനസ് എടത്തൊടികയുടെ നാടാണിത്. ഇവിടുത്തെ ചെറിയ ഗ്രൗണ്ടിൽ നിന്ന് ഇത്ര ഉന്നതിയിൽ എത്തിയതെങ്ങനെയെന്ന് എന്നറിയില്ല. സ്പോർട്സിന് ഇവിടെ വേണ്ടത്ര പരിഗണന കൊടുക്കുന്നില്ല. എന്നിട്ടും സ്വന്തം കഴിവ് കൊണ്ടും പ്രയത്നം കൊണ്ടും മാത്രമായിരിക്കും സ്പോർട്സ് താരങ്ങളൊക്കെ ഒരു നിലയിലെത്തുന്നത്.അവരുടെ സ്റ്റോറി കവർ ചെയ്യുകയാണെങ്കിൽ, എനിക്ക് തോന്നുന്നു, എല്ലാവരും ഇങ്ങനെ തന്നെയാവും പറയുക.സ്പോർട്സിനെ സപ്പോർട്ട് ചെയ്യുന്ന സ്കൂളുകളൊന്നും ഇവിടെയില്ല. ഒരു വിദ്യാർത്ഥിക്ക് സ്പോർട്സും പഠനവും ഒരുമിച്ച് കൊണ്ടുപോവാൻ പറ്റാത്ത അവസ്ഥയാണ്. നല്ലൊരു സ്പോർട്സ് പ്ലെയർ ആയ വിദ്യാർത്ഥിക്ക് പഠനത്തിൽ ചിലപ്പോൾ മുന്നേറാൻ പറ്റില്ല.അത് കഴിവ് ഇല്ലാത്തതുകൊണ്ടാവില്ല.അതിനു സമയമുണ്ടാവില്ല. ജില്ലാ ടീം സെലക്ട് ചെയ്യുമ്പോൾ ഞാൻ കോച്ചിങ്ങിനായി വാഴക്കാട് നിന്ന് യൂണിവേഴ്സിറ്റി ഗ്രൗണ്ടിലേക്കായിരുന്നു പോയിരുന്നത്. വാഴക്കാട് ഗ്രൗണ്ട് ഉണ്ടായിരുന്നെങ്കിലും അവിടെ ടീം ഇല്ല. യൂണിവേഴ്സിറ്റിയിൽ നിന്നായിരുന്നു മിക്കവാറും സെലക്ഷൻ നടന്നിരുന്നത്. ഞങ്ങളുടെ സബ് ജില്ലയിൽ നിന്ന് എനിക്കും മറ്റൊരു കുട്ടിക്കും മാത്രമായിരുന്നു സെലക്ഷൻ കിട്ടിയിരുന്നത്. അതുകൊണ്ട് ചേളാരി, യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ കുട്ടികൾക്കൊപ്പമായിരുന്നു കളിക്കാൻ പോയിരുന്നത്.ചിലപ്പോൾ എല്ലാ ദിവസവും പോകേണ്ടിവരും. ചിലപ്പോൾ ക്യാമ്പിൽ നിൽക്കേണ്ടിയും വരും.ഇതൊക്കെയായിരുന്നു അന്നത്തെ സാഹചര്യം. സ്വന്തം റിസ്ക്കിൽ പോവുക എന്നതല്ലാതെ, പെൺകുട്ടികൾക്ക് മറ്റൊരു സപ്പോർട്ടും കിട്ടിയിരുന്നില്ല. ഇതെല്ലാം ഒന്ന് ശ്രദ്ധിച്ചാൽ ഇനിയും നേട്ടങ്ങൾ നമുക്ക് കിട്ടും.
അടുത്ത തവണ കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് കരുതുന്നുണ്ടോ?
കോൺഗ്രസ് അടുത്ത തവണ അധികാരത്തിൽ വരും. ജനങ്ങൾ മാറ്റി ചിന്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ പ്രവർത്തനം തൃപ്തികരമാണ്. മികച്ച പ്രതിപക്ഷം ഉണ്ടാക്കുമ്പോൾ മാത്രമേ ജനാധിപത്യത്തിന് പൂർണ്ണത ഉണ്ടാവുകയുള്ളൂ.