എഴുത്ത് : സഹദേവൻ കെ
2024 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ Wisden Almanac മാഗസിനില്‍ പ്രശസ്ത സ്പോര്‍ട്സ് ലേഖിക ശാരദ ഉഗ്ര (Sharda Ugra) എഴുതിയ ലേഖനം അതിലെ രാഷ്ട്രീയ ഉള്ളടക്കംകൊണ്ട് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നതാണ്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ രാഷ്ട്രീയവല്‍ക്കരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാരദ ഉഗ്രയുടെ ലേഖനത്തിന്റെ തലക്കുറിപ്പ് Modi Operandi എന്നാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ സങ്കുചിത ദേശീയബോധത്തിന്റെ വഴികളിലൂടെ നടത്തിക്കുവാനുള്ള ശ്രമങ്ങള്‍ ദീര്‍ഘകാലമായി തുടര്ന്നുവരുന്നതാണെങ്കിലും അതിനെ കാവിവല്‍ക്കരിക്കാനും ഇതര മത-രാഷ്ട്ര വിദ്വേഷത്തിനുള്ള ഉപകരണമാക്കിമാറ്റാനും ഉള്ള ശ്രമങ്ങള്‍ ആരംഭിച്ചത് അടുത്തകാലത്താണ്. ഭരണകക്ഷിയായ ബിജെപിയുടെ പാകിസ്ഥാന് വിരുദ്ധ-മുസ്ലിം വിരുദ്ധ നിലപാടുകള്‍ ശക്തിപ്പെടുത്താനുള്ള ഉപാധിയായി ക്രിക്കറ്റിനെ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതിനെക്കുറിച്ച് ശാരദ ഉഗ്ര തന്റെ ലേഖനത്തില്‍ വിശദീകരിക്കുന്നു.
എന്നാല്‍ ശാരദയുടെ ലേഖനത്തില്‍ ഏറ്റവും കൂടുതലായി ആകര്‍ഷിച്ചത്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയുടെ നിറം കാവിയാക്കാനുള്ള ശ്രമത്തെ ടീം അംഗങ്ങള്‍ നേരിട്ട് എതിര്‍ത്തത് സംബന്ധിച്ച വിവരങ്ങളായിരുന്നു. പണം, പദവി, അധികാരം എന്നിവ മുഴുവന്‍ കയ്യിലുണ്ടായിട്ടും പൗരബോധങ്ങളില് എവിടെയോ ഉറങ്ങിക്കിടക്കുന്ന മതേതര-സാഹോദര്യബോധത്തെ ഇവയ്ക്കൊന്നും കീഴടക്കാന്‍ സാധിക്കാഞ്ഞതിന്റെ ഉദാത്തമായ ഉദാഹരണം കൂടിയാണ് ശാരദ തന്റെ ലേഖനത്തിലൂടെ വിശദീകരിക്കുന്നത്.
ഇന്ത്യ-പാകിസ്ഥാന് മത്സരത്തിന് മുമ്പ് അവസാന നിമിഷം ഇന്ത്യന്‍ ജഴ്സി നീലയില്‍ നിന്ന് കാവിയിലേക്ക് മാറ്റാനുള്ള നിര്‍ല്ലജ്ജമായ പദ്ധതി പരാജയപ്പെട്ടുവെന്നത് ഒരുവേള അധികമാരും അറിയാത്ത കാര്യമാണ്. ദൂരദര്ശന് ലോഗോ അടക്കം കാവി നിറത്തിലാക്കാനുള്ള തീരുമാനം യാതൊരു എതിര്‍പ്പുമില്ലാതെ നടപ്പിലാക്കാന്‍ സാധിച്ച ബിജെപിക്ക് പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയുടെ നിറം മാറ്റം അത്ര അനായാസകരമായി നടപ്പിലാക്കാന്‍ സാധിച്ചില്ല.
ജഴ്സി നിറം മാറ്റാനുള്ള ആലോചനകള്‍ സംബന്ധിച്ച വാര്‍ത്ത ‘തികച്ചും അടിസ്ഥാനരഹിതവും ആരുടെയോ ഭാവനാ സൃഷ്ടിയാണെന്നും’ ബിസിസിഐ ട്രഷറര്‍ ആശിഷ് ഷെലാര്‍ വാദിച്ചെങ്കിലും വ്യത്യസ്തങ്ങളായ മൂന്ന് സ്വതന്ത്ര സ്രോതസ്സുകളിലൂടെ ഈ നിറംമാറ്റ പദ്ധതി സംബന്ധിച്ച് ശാരദ ഉഗ്ര തെളിവുനല്കുന്നു.ഐസിസി, ബിസിസിഐ എന്നിവ ഇന്ത്യന്‍ ടീമിന് വേണ്ടി മുഴുവന്‍ കാവി വര്‍ണ്ണത്തിലുള്ള യൂണിഫോം അവതരിപ്പിക്കുകയും മത്സരത്തിന് രണ്ട് ദിവസം മുന്നെ പുതിയ പരിശീലന കിറ്റിനോടൊപ്പം നല്‍കുകയും ചെയ്തതായി ശാരദ വെളിപ്പെടുത്തുന്നു. മുഴുവന്‍ ഓറഞ്ച് നിറത്തിലുള്ള കിറ്റ് ഡ്രസ്സിംഗ് റൂമില്‍ എത്തിയപ്പോള്‍, കളിക്കാര്‍ നിസ്സംഗരായി കാണപ്പെട്ടുവെന്ന് ഒരു ടീമിന്റെ ഭാഗമായുള്ള ഒരാള്‍ പറഞ്ഞതായും അവര്‍ എഴുതുന്നു. രണ്ട് കാരണങ്ങളാണ് യൂണിഫോം നിരാസത്തിന് കളിക്കാരെ പ്രേരിപ്പിച്ചതെന്ന് അവര്‍ പറയുന്നു. പുതുതായി അവതരിപ്പിച്ച യൂണിഫോം ”ഹോളണ്ടിനെ പോലെ തോന്നിക്കുന്നു” എന്നതായിരുന്നു ഒരു കാരണമെങ്കില്‍, രണ്ടാമത്തേത് കൂടുതല്‍ ഉജ്വലവും യഥാര്‍ത്ഥ ടീം സ്പിരിറ്റിനെ ഉയര്‍ത്തിപ്പിടിക്കുന്നതുമായിരുന്നു. ”ഇത് ടീമിലെ ചില അംഗങ്ങളോടുള്ള അനാദരവാണ്. ഇത് ഞങ്ങള്‍ ഇത് ചെയ്യില്ല…” എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ അറിയിച്ചുവെന്നായിരുന്നു ശാരദ എഴുതുന്നത്.
ലേഖനത്തില്‍ അവര്‍ വിശദീകരിക്കുന്നു: ”എന്തുകൊണ്ട് അനാദരവ്? ഹിന്ദു പുരോഹിതന്മാരും സന്യാസിമാരും പരിവ്രാജകരും ധരിക്കുന്ന നിറമാണ് കാവി; ഹിന്ദു ക്ഷേത്രങ്ങളില്‍ കാവി പതാകകള്‍ പറക്കുന്നു. എന്നാല്‍ ഈ നിറം ബി.ജെ.പി കടുത്ത ഹിന്ദുത്വത്തിന്റെ (ഹിന്ദുത്വ) പ്രതീകമായി ഏറ്റെടുത്തു, അവര്‍ ഇപ്പോള്‍ അധികാരത്തില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നു. ബിജെപി പ്രവര്‍ത്തകര്‍ കാവി സ്കാര്‍ഫുകള്‍ ധരിക്കുന്നു. അവരുടെ റാലികള്‍ കുങ്കുമം കൊണ്ട് നിറഞ്ഞിരിക്കുന്നു. പള്ളികളിലും ആരാധനാലയങ്ങളിലും പതാകകളിലും ഉപയോഗിക്കുന്ന എതിര് നിറമായി പച്ചയെ കണക്കാക്കുന്നു…… മുസ്ലീം പാക്കിസ്ഥാനെതിരായ ഹൈ വോള്‍ട്ടേജ് മത്സരത്തെ ഹിന്ദു ഇന്ത്യയുടേതാക്കി മാറ്റുമായിരുന്നു ഈ നിറപ്പകര്‍ച്ച. ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നീ രണ്ട് മുസ്ലീങ്ങള്‍ ഉണ്ടായിരുന്നു.”
എല്ലാ ലോകകപ്പുകളിലും നടക്കുന്ന, യുണിസെഫിന്റെ ‘കുട്ടികള്‍ക്കായുള്ള ഒരു ദിവസം’ പരിപാടിയുടെ ഭാഗമായി ബിസിസിഐയാണ് ഓള് ഓറഞ്ച് കിറ്റ് അവര്‍ക്ക് സമ്മാനിച്ചതെന്ന് ഐസിസി പറയുന്നു. നാല് വര്‍ഷം മുമ്പ്, ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില് നടന്ന മത്സരത്തില്‍, ഇന്ത്യക്കാര്‍ അര-നീല, പകുതി ഓറഞ്ച് ജേഴ്സി ധരിച്ചിരുന്നു, അത് ചാരിറ്റിക്ക് വേണ്ടി ലേലം ചെയ്തു. ഇത്തവണ, നവംബര്‍ 2 ന് മുംബൈയില്‍ ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ മത്സരത്തിനാണ് പരിപാടി നിശ്ചയിച്ചിരുന്നത്, ഏകദേശം മൂന്നാഴ്ച മുമ്പ് പാകിസ്ഥാനെതിരെയല്ല.
ആരാധകരില്‍ നിന്നോ രാഷ്ട്രീയക്കാരില്‍ നിന്നോ എന്ത് സമ്മര്‍ദ്ദം നേരിട്ടാലും ലോകകപ്പില്‍ ഉടനീളം ഇന്ത്യന്‍ ടീം മൈതാനത്ത് മൂര്‍ച്ചയോടെയും സംയമനത്തോടെയും പ്രകടനം നടത്തി. ടീമിനെ ഇന്ത്യ എന്ന സംസ്കൃത പദമായ ‘ഭാരത്’ എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള ശ്രമം പോലും നടന്നിരുന്നു. വീരേന്ദര്‍ സെവാഗും സുനില്‍ ഗവാസ്കറും അതിനെ പിന്തുണച്ചെങ്കിലും ആ നീക്കം മുന്നോട്ടുപോയില്ല. തുടര്‍ന്ന് കാവി പരിശീലന ഷര്‍ട്ടും, തുടര്‍ന്ന് മുഴു കാവി കിറ്റും എത്തി. ടീമിലെ ഓരോ ആള്‍ക്കും, ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകനും, അവരുടെ യൂണിഫോം ഓറഞ്ചായി മാറുന്ന ദിവസം വരുമെന്ന് അറിയാം. എന്നിട്ടും, അവരുടെ നാട്ടിലെ ലോകകപ്പില്‍, ദര്‍ശനശാസ്ത്രത്തെ പരിഗണിക്കാതെ, രോഹിത് ശര്‍മ്മയുടെ ഇന്ത്യ പറഞ്ഞു: ‘ഞങ്ങളുടെ കാലത്ത് നടക്കില്ല, ഇവിടെയല്ല, ഇന്നല്ല”.