നെഹ്‌റുവിൽ നിന്ന് മോദിയിലേക്ക് അഥവാ മതേതര രാഷ്രത്തിൽ നിന്ന് മതരാഷ്ട്രത്തിലേക്ക്…

Spread the love

എഴുത്ത് : നസീർ ഹുസൈൻ കിഴക്കേടത്ത്

“ഈ ക്ഷേത്രമോ മറ്റേതെങ്കിലും ക്ഷേത്രമോ മറ്റ് ആരാധനാലയങ്ങളോ രജേന്ദ്രപ്രസാദ്‌ സന്ദർശിക്കുന്നതിൽ എനിക്കൊരു എതിർപ്പുമില്ല. സാധാരണയായി അതൊരു പ്രശ്നം ആകേണ്ടതുമല്ല. പക്ഷെ ഈ പ്രത്യേക അവസരത്തിൽ, ഈ ചടങ്ങിന് മറ്റ് (രാഷ്ട്രീയ) മാനങ്ങൾ കൈവന്നത് കൊണ്ട്, ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പ്രത്യേക പ്രാധാന്യവും ചില പ്രത്യാഘാതങ്ങളും ഉണ്ടായിരിക്കും. അതുകൊണ്ട് അദ്ദേഹം ഈ ചടങ്ങിൽ പങ്കെടുക്കാതിരിക്കുന്നതാണ് അഭികാമ്യം എന്ന് ഞാൻ കരുതുന്നു. പക്ഷെ അദ്ദേഹം ഈ ചടങ്ങുമായി സഹകരിക്കാൻ താല്പര്യപെടുന്നതിനാൽ , അദ്ദേഹം അങ്ങനെ ചെയ്യരുതെന്ന് ഞാൻ ശഠിക്കുന്നത് അഭികാമ്യമാണോ എന്ന് എനിക്കറിയില്ല. അതിനാൽ, നിങ്ങളുടെ ഉപദേശത്തിന് വിധേയമായി, അദ്ദേഹത്തിന് സ്വയം തീരുമാനമെടുക്കാമെന്ന് അദ്ദേഹത്തോട് പറയാൻ ഞാൻ നിർദ്ദേശിക്കുന്നു. ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ സ്വന്തം വിവേചനാധികാരം ഉണ്ടെങ്കിലും, അദ്ദേഹം അവിടെ പോകാതിരിക്കുന്നതാണ് നല്ലതെന്ന് ഞാൻ ഇപ്പോഴും കരുതുന്നു,” ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം സോമനാഥ ക്ഷേത്രം പുനർനിർമിച്ചപ്പോൾ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാമെന്നേറ്റ പ്രസിഡന്റ് രാജേന്ദ്രപ്രസിന്റെ തീരുമാനത്തെ കുറിച്ച് നെഹ്‌റു 1951 മാർച്ച് 11 ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സി രാജഗോപാലാചാരിക്ക് എഴുതിയ കത്തിൽ നിന്ന്.

1951 മാർച്ച് 13-ന് രാഷ്ട്രപതി രാജേന്ദ്ര പ്രസാദിനോട് ഇതേ കാര്യം അദേഹത്തിന് എഴുതിയ ഒരു കത്തിലൂടെടെ പറഞ്ഞു : “പ്രിയപ്പെട്ട രാജേന്ദ്ര ബാബു, താങ്കൾ ഈ ക്ഷണം നിരസിക്കുന്നത് ശരിയല്ലെന്ന് താങ്കൾക്ക് തോന്നുന്നുവെങ്കിൽ, ഞാൻ സമ്മർദ്ദം ചെലുത്താൻ ആഗ്രഹിക്കുന്നില്ല. പക്ഷെ അന്താരാഷ്ട്ര തലത്തിൽ തന്നെ നമ്മുടെ രാജ്യം ഒരു മതേതര രാജ്യമല്ല എന്ന തോന്നൽ ഉളവാക്കാൻ ഈ സംഭവം ഇടയായിട്ടുണ്ട്. ഇന്ത്യൻ സർക്കാരിന് ഇക്കാര്യത്തിൽ ഒരു ബന്ധവുമില്ലെന്ന് ഞാൻ പാർലിമെന്റ് മറുപടി പറഞ്ഞിട്ടുണ്ട്. ഈ പരിപാടിയുമായി ആരെങ്കിലും ബന്ധപെടുന്നുണ്ടെങ്കിൽ അത് അവരുടെ സ്വകാര്യ കാര്യമായിരിക്കും. ഇന്ത്യ കൊടിയ ദാരിദ്ര്യത്തിലൂടെ കടന്നു പോകുന്ന ഈ അവസരത്തിൽ സൗരാഷ്ട്ര സർക്കാർ ഇതിന് വേണ്ടി അഞ്ച് ലക്ഷം രൂപ മുടക്കിയതിനെ വിമർശിച്ച് ഞാൻ മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. ഇങ്ങിനെയുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും എന്തുചെയ്യണമെന്ന് എനിക്ക് വലിയ പിടിയില്ല, പക്ഷെ ഇന്ത്യൻ സർക്കാരിനെ ഇതിൽ നിന്ന് മാറ്റി നിർത്തണമെന്നത് വളരെ വ്യക്തമായ കാര്യമാണ്.”

സോമനാഥ ക്ഷേത്രം നിലനിന്നിരുന്ന സൗരാഷ്ട്ര മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ നെഹ്‌റു ഇങ്ങിനെ പറഞ്ഞു : “സോമനാഥ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് സൗരാഷ്ട്ര സർക്കാർ അഞ്ച് ലക്ഷം രൂപ അനുവദിച്ചു എന്ന് കേട്ട് ഞാൻ അത്ഭുതപ്പെടുന്നു. ഈ ക്ഷേത്രം എത്ര തന്നെ പ്രാധാന്യമുള്ളതായാലും ശരി ഇതൊരു സർക്കാർ കാര്യമല്ല , സ്വകാര്യ വ്യക്തികളാണ് ഇതിനു വേണ്ടി പണം ചിലവാക്കേണ്ടത്. ഈ ചിലവ പൊതുഖജനാവിലെ ശരിയായ ഉപയോഗമാണെന്ന് ഞാൻ കരുതുന്നില്ല”

തിങ്കളാഴ്ച നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് വേണ്ടി കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും, ബാങ്കുകൾക്കും സ്റ്റോക്ക് മാർക്കറ്റിനും വരെ അവധി നൽകുന്ന നെഹ്‌റുവിൽ നിന്ന് മോദിയിലേക്കുള്ള ദൂരം മതേതര ഇന്ത്യയിൽ നിന്ന് ഹിന്ദുരാഷ്ട്രമായ ഇന്ത്യയിലേക്ക് കൂടിയുള്ളതാണ്. സംഘപരിവാറിന് ഇത് രാമപ്രതിഷ്ഠാ ചടങ്ങ് മാത്രമല്ല, ഇന്ത്യയെ ഒരു ഹിന്ദു രാജ്യമായി പ്രഖ്യാപിക്കാനുള്ള ചടങ്ങ് കൂടിയാണ്. നെഹ്‌റുവിനെ ഓർക്കുന്ന ഒരു കോൺഗ്രെസ്സുകാർ പോലും ഈ ചടങ്ങിൽ പങ്കെടുക്കില്ല എന്ന് ഞാൻ ആശിക്കുന്നു….


Spread the love

Leave a Reply

Your email address will not be published. Required fields are marked *