കേരളത്തിന്റെ ചുണ്ടന്‍ വള്ളംകളി വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റ് പ്രചാരണത്തില്‍ ഇടം നേടി. വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് ടെന്നീസ് താരങ്ങള്‍ ചുണ്ടന്‍വള്ളം തുഴയുന്ന പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. വിംബിള്‍ഡണ്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ച തിങ്കളാഴ്ച തന്നെയാണ് കേരളത്തില്‍ വള്ളംകളി സീസണിനും തുടക്കം കുറിച്ചത്.
കേരള ടൂറിസത്തിന്റെ ആഗോളവ്യാപകമായ മുന്നേറ്റം വ്യക്തമാക്കുന്നതാണ് പോസ്റ്റര്‍. ലണ്ടനും കേരളവും തമ്മില്‍ ഹസ്തദാനം ചെയ്യുന്ന ഇമോജിയും ചിത്രത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ‘വള്ളം കളിക്ക് തയ്യാറാണ്! ആരാണ് 2023 വിംബിള്‍ഡണ്‍ ഉയര്‍ത്തുക?’ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം പങ്കിട്ടത്. നൊവാക് ജോക്കോവിച്ച് അടക്കമുള്ള പ്രമുഖ പുരുഷാ വനിതാ താരങ്ങള്‍ ചുണ്ടന്‍വള്ളം തുഴയുന്നതായാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്.