മതേതര ഇന്ത്യയുടെ കഴുത്തിൽ കത്തി വെച്ച മലയാളി

Spread the love

എഴുത്ത് : ജോയ് കള്ളിവയലിൽ

അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടക്കുമ്പോൾ മലയാളിയായ കെ.കെ. നായർക്ക് സ്മാരകമുയരുന്നു. അദ്ദേഹത്തിന്റെ ശില്പവും ചിത്രവുമുള്ള മുറി ക്ഷേത്രത്തിന്റെ ഭാഗമായി ഉണ്ടാകും. അയോദ്ധ്യ സിവിൽ ലെയ്നിൽ കെ.കെ. നായരുടെ പേരുള്ള ഒരു കോളനി മുൻപേയുണ്ട്. 70 വർഷം മുൻപ് അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ജില്ലയുടെ കളക്ടറായിരുന്നു കെ.കെ. നായർ. 1907-ല്‍ ആലപ്പുഴയിലെ കുട്ടനാട് കൈനകരി കണ്ടംകളത്തിൽ ശങ്കരപ്പണിക്കരുടെയും പാർവതിയമ്മയുടെയും മകനായി ജനിച്ച കൃഷ്ണകുമാർ കരുണാകരൻ നായർ എന്ന കെ കെ നായർ ആലപ്പുഴ എസ്.ഡി.വി. സ്കൂൾ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിൽ പഠിച്ച ശേഷം ലണ്ടനിലേക്കു പോയി 22-ാം വയസ്സിൽ ഐ.സി.എസ്. നേടി സിവിൽ സർവീസിൽ ചേർന്നു. യു.പി.യിലായിരുന്നു ആദ്യനിയമനം.

1949 ജൂണ്‍ ഒന്നിന് ഫൈസാബാദിന്‍റെ ഡെപ്യൂട്ടി കമ്മിഷണറും ജില്ലാ മജിസ്‌ട്രേറ്റുമായി കെ.കെ നായര്‍ നിയമിതനായി. 1949 ഡിസംബർ 22-നു രാത്രി ബാബറി മസ്ജിദിനുള്ളിൽ രാമവിഗ്രഹം പ്രതിഷ്ഠിച്ചത് നായരുടെ അറിവും പിന്തുണയോടെയുമാണ് .ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കൂടിയായ നായർ വിഗ്രഹം കൊണ്ടുവെച്ച മുറിയിൽ പൂജയും ആരാധനയും നടത്താൻ ഭക്തർക്ക് അനുവാദം നൽകി. പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും, യു.പി. മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ്പന്തും പ്രശ്നത്തിലിടപെട്ടു. ബലപ്രയോഗത്തിലൂടെയാണെങ്കിലും മസ്ജിദിനികത്തുള്ള സന്യാസിമാരെ പുറത്താക്കാൻ ഉത്തരവിട്ടു. വിഗ്രഹം നദിയിൽ എറിയാനാണ് നെഹ്റു പറഞ്ഞത്. ഉത്തരവ് നടപ്പാക്കാൻ തയാറാകാതിരുന്ന നായർ സർവ്വീസിൽ നിന്നും സസ്പെൻഡു ചെയ്യപ്പെട്ടു . നായർ രാജിവെച്ച് അഭിഭാഷകനായി മാറി.

നന്ദിപ്രകടനമായി സംഘപരിവാറിൻ്റെ പിന്തുണയിൽ കെ.കെ. നായർ പിന്നീട് ജനസംഘം എം പി യായി. ഭാര്യ യു.പി. സ്വദേശിനിയായ ശകുന്തള നായരും ജനസംഘം ടിക്കറ്റിൽ പിന്നീടു നിയമസഭയിലേക്കും പാർലമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.1977 സെപ്റ്റംബർ 7-ന് മരണമടഞ്ഞു.


Spread the love

Leave a Reply

Your email address will not be published. Required fields are marked *