തിയേറ്ററിൽ നിന്നല്ലാതെ ഈ കൾട്ട് ക്ലാസിക്ക് കാണരുത്

Spread the love

എഴുത്ത് : ഡി ശ്രീശാന്ത്

മലയാളത്തിലെ ഹൊറർ സിനിമകൾ നേരിടുന്ന പ്രധാന പ്രതിസന്ധി എന്താണെന്ന് അറിയുമോ? അത് ആ ജോണറിനോട് നീതിപുലർത്താൻ കഴിയാത്ത സംവിധായകരും പിന്നെ തിയേറ്ററിൽ ഇരുന്ന് പിച്ചും പേയും പറഞ്ഞ് ബാക്കി ഉള്ളവരുടെ ആസ്വാദനത്തെയടക്കം ഇല്ലാതാക്കുന്ന ചില എമ്പോക്കികളുമാണ്.
ഇനി ഭ്രമയുഗത്തിലേക്ക് വരാം….ഒരു തിരക്കഥാകൃത്ത് സംവിധായകനാകുമ്പോൾ മാത്രം ലഭിക്കുന്ന അതിഗംഭീര കൾട്ടാണ് ഭ്രമയുഗം. മറ്റൊരാളോട് പറഞ്ഞാൽ ചാത്തൻ്റെയും യക്ഷിയുടെയും കഥയെന്ന് പറഞ്ഞ് വാപൊത്തി ചിരിച്ചേക്കാവുന്ന ഇതിവൃത്തം. ഇവിടെയാണ് ഹൊറർ എന്ന ജോണറിനെ അതിൻ്റെ എല്ലാ മേഖലയിലും നീതിപുലർത്തിയ രാഹുൽ സദാശിവൻ എന്ന സംവിധായകൻ്റെ പ്രതിഭ. ഒപ്പം ടി ഡി രാമകൃഷ്ണൻ്റെ കവിത പോലുള്ള സംഭാഷണങ്ങൾ. (നേരത്തെ പറഞ്ഞ വേന്ദ്രൻമാർ നമ്മൾ മനയിലേക്ക് കയറുന്നതു മുതൽ ഒരു കൗണ്ടർ പോലും അടിക്കാൻ കഴിയാതെ ഈ സംഭാഷണങ്ങളിൽ ഉടക്കി നിശബ്ദരായി) പാശ്ചാത്ത്യ പ്രേത സിനിമകളുടെ അപ്രതീക്ഷിത ഞെട്ടലല്ല ഭ്രമയുഗം. അവസാന ടൈറ്റിലിന് ശേഷവും ഉപബോധമനസ്സിൽ അലിഞ്ഞുചേർന്ന ചിത്തഭ്രമം കലർന്ന ഭയമാണത്. ഭ്രമയുഗം മുന്നോട്ട് വക്കുന്ന രാഷ്ട്രീയം സിനിമയിലെ സംഭാഷണങ്ങളിലൂടെ പറയുന്നതടക്കം വേണമെങ്കിൽ ഒഴിവാക്കാമായിരുന്നു. ആ മനയ്ക്കൽ നിന്നും അവിടുത്തെ അധികാരിയിൽ നിന്നും അത് വ്യക്തമാണ്.

Bramayugam film


ഒരു വള്ളുവനാടൻ മൂപ്പിന്നിൻ്റെ മാനറിസങ്ങൾ എത്ര ഗംഭീരമായാണ് മമ്മൂട്ടി ജീവിച്ചു കാണിച്ചത്. എന്തൊരു മനുഷ്യനാണയാൾ. കരിയറിൻ്റെ അവസാന കാലങ്ങളിൽ അയാൾ തിരഞ്ഞെടുക്കുന്ന സിനിമകൾ ഒരു ചെറിയ ഇൻഡസ്ട്രിയുടെ തലവര തന്നെയാണ് മാറ്റി കുറിക്കുന്നത്. അർജുൻ അശോകൻ കിട്ടിയ അവസരം പരമവാധിഉപയോഗപ്പെടുത്തി. സിദ്ധാർത്ഥ് ഭരതൻ തൻ്റെ കഥാപാത്രത്തിന് പകരം മറ്റൊരാളെ ചിന്തിക്കാൻ പോലും നമ്മെ സമ്മതിക്കുന്നില്ല. ബ്ലാക്ക് ആൻഡ് വൈറ്റ് കല്ലുകടിയായെന്ന് ചില സ്ഥലങ്ങളിൽ കണ്ടു. ബ്ലാക്ക് ആൻഡ് വൈറ്റിനേക്കാൾ മികച്ച ഒരു ആമ്പിയൻസ് ഈ സിനിമക്ക് കിട്ടാനില്ല എന്നാണ് എൻ്റെ അഭിപ്രായം. ഇനിയും ഒരുപാട് എഴുതാനുണ്ടെങ്കിലും സ്പോയിലർ ആകും എന്നുള്ളതിനാൽ നിർത്തുന്നു. ഒരിക്കലും തിയേറ്ററിൽ നിന്നല്ലാതെ കാണരുത് ഈ കൾട്ട് ക്ലാസിക്ക് അനുഭവം.


Spread the love

Leave a Reply

Your email address will not be published. Required fields are marked *