എന്താണ് സുപ്രീം കോടതി റദ്ദാക്കിയ ഇലക്ടറല്‍ ബോണ്ട് ?

Spread the love

എഴുത്ത് : ഷിജിൻ കെപി

കഴിഞ്ഞ ദിവസമാണ് ഇലക്ടറല്‍ ബോണ്ട് ഭരണഘടന വിരുദ്ധമാണെന്നും സകീം റദ്ദാക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബഞ്ച് ഉത്തരവിട്ടത്. രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന സംഭാവന അറിയാനുള്ള അവകാശം വോട്ടർമാർക്കുണ്ടെന്നും സംഭാവന നല്കുന്നവർക്ക് രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനിക്കാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് ഹർജികളിൽ വിധി പറഞ്ഞത്. .ഇലക്ട്രൽ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടർമാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ഹർജിക്കാരുടെ വാദം. സിപിഎം, ഡോ. ജയ താക്കൂർ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) എന്നിവരായിരുന്നു ഹർജിക്കാർ.

സാമ്പത്തിക ശക്തിയുള്ള കോർപ്പറേഷനുകൾക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയിലും രാഷ്ട്രീയ ഇടപെടലുകളിലും സാധാരണ പൗരന്മാരെക്കാൾ അനിഷേധ്യമായ സ്വാധീനം നൽകുന്ന പദ്ധതിയാണിതെന്നും കൂടാതെ “സാമ്പത്തിക അസമത്വത്തെ” പ്രോത്സാഹിപ്പിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. “ഒരു വ്യക്തി, ഒരു വോട്ട്” എന്ന മൂല്യത്തിൽ പ്രവർത്തിക്കുന്ന സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിൻ്റെയും രാഷ്ട്രീയ സമത്വത്തിൻ്റെയും തത്വത്തിൻ്റെ ലംഘനമാണിതെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു.

വോട്ടർമാരുടെ അവകാശങ്ങളും ദാതാക്കളുടെ അവകാശങ്ങളും

ഇലക്ടറൽ ബോണ്ടുകൾ നൽകുന്ന രാഷ്ട്രീയ ദാതാക്കളുടെ അജ്ഞാതത്വം ബാങ്കിംഗ് ചാനലുകൾ വഴിയുള്ള സാമ്പത്തിക സംഭാവനകൾക്ക് പ്രോത്സാഹനം നൽകുന്നുവെന്ന കേന്ദ്ര സർക്കാരിൻ്റെ വാദം കോടതി തള്ളി. കോർപ്പറേറ്റുകൾ ആനുകൂല്യങ്ങൾക്കായി നൽകുന്ന സംഭാവനകളും രാഷ്ട്രീയ പാർട്ടികൾക്ക് വ്യക്തികൾ നൽകുന്ന സംഭാവനകളും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടെന്നും കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കള്ളപ്പണം വിനിയോ​ഗിക്കുന്നത് തടയാനാണ് പദ്ധതിയെന്ന കേന്ദ്ര സർക്കാരിൻ്റെ വാദം കോടതി തള്ളി.
ഇലക്ടറൽ ബോണ്ട് പദ്ധതിയിൽ കൊണ്ടുവന്ന രാഷ്ട്രീയ ധനസഹായ സ്രോതസ്സുകൾ വെളിപ്പെടുത്താത്തത് കള്ളപ്പണം തടയാൻ യുക്തിസഹമായി എങ്ങനെ സഹായിക്കുമെന്ന് ചീഫ് ജസ്റ്റിസ് കേന്ദ്ര സർക്കാരിനോട് ചോദിച്ചു. സ്കീമിൻ്റെ ക്ലോസ് 7(4) ഇലക്ടറൽ ബോണ്ടുകൾ വാങ്ങുന്നവരെ കുറിച്ചുള്ള വിവരങ്ങൾ പൂർണ്ണമായും രഹസ്യമാണ്. ഈ വിവരം ഒരിക്കലും വോട്ടർമാരോട് വെളിപ്പെടുത്തുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഇലക്ടറല്‍ ബോണ്ട് വഴി വിവിധ പാർട്ടികൾക്ക് ലഭിച്ച തുക

എന്താണ് ഇലക്ടറൽ ബോണ്ട് പദ്ധതി?

2017 ൽ ധനകാര്യ മന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലിയാണ് ധന ബില്ലിനൊപ്പം ഇലക്ടറൽ ബോണ്ട് പദ്ധതി അവതരിപ്പിച്ചത്. 2018 ജനുവരി 29ന് സർക്കാർ ഇലക്ടറൽ ബോണ്ട് സ്കീം ലോകസഭയിൽ ചർച്ച പോലും ചെയ്യാതെ ഏകപക്ഷീയമായി പാസാക്കി. വിദേശത്തുനിന്ന് ഉൾപ്പെടെ കോർപറേറ്റ് സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും രാഷ്ട്രീയ പാർട്ടികൾക്ക് നേരിട്ട് സംഭാവന സ്വീകരിക്കാവുന്ന തരത്തിലാണ് നിയമം നടപ്പിലാക്കിയത്. ഏതൊരാൾക്കും സ്ഥാപനത്തിനും ഇത്തരത്തിൽ സംഭാവനകൾ നൽകാം. അതിനായി സ്റ്റേറ്റ് ഓഫ് ബാങ്ക് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽനിന്നും നിശ്ചിത തുകയ്ക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയാൽ മതി. നേരത്തെ, നിയമപ്രകാരം ഒരു വിദേശ കമ്പനിക്കും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ കഴിയില്ലായിരുന്നു. ആയിരം, പതിനായിരം, ലക്ഷം, പത്ത് ലക്ഷം, ഒരുകോടി എന്നീ തുകകളുടെ മൂല്യത്തിലാണ് ബോണ്ടുകളുള്ളത്. ഇതിന്റെ ഗുണിതങ്ങളായി എത്ര പണം വേണമെങ്കിലും സംഭാവന ചെയ്യാം. കേന്ദ്ര സർക്കാർ അറിയിക്കുന്ന പ്രത്യേക ദിനങ്ങളിലായിരിക്കും ബോണ്ട് വിതരണം. ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലെ ഏതെങ്കിലും പത്ത് ദിവസങ്ങളായിരിക്കും ഇത്.

ഇലക്ടറൽ ബോണ്ടിന്റെ കാലാവധി പതിനഞ്ച് ദിവസത്തേക്ക് മാത്രമായിരിക്കും. ഓരോ സാമ്പത്തിക പാദത്തിന്‍റെയും ആദ്യ പതിനഞ്ച് ദിവസമാകും ഇത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വർഷത്തിൽ 30 ദിവസത്തെ അധിക കാലയളവ് സർക്കാർ നൽകും. ബോണ്ടുകൾ ആരാണ് നൽകുന്നതെന്നോ ആരാണ് വാങ്ങുന്നതെന്നോ വ്യക്തമാക്കേണ്ടതില്ലെന്നതാണ് ഇതിന്റെ പ്രത്യോകത. ന്യൂഡൽഹി, ഗാന്ധിനഗർ, ചണ്ഡിഗഡ്, ബെംഗളുരു, ഭോപാൽ, മുംബൈ, ജയ്പൂർ, ലഖ്‌നൗ, ചെന്നൈ, കൊൽക്കത്ത, ഗുവാഹതി തുടങ്ങിയ നഗരങ്ങളിലെ 29 എസ്ബിഐ ശാഖകൾ വഴി മാത്രമേ ബോണ്ട് വാങ്ങാൻ കഴിയൂ. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്‍റെ 29 എ വകുപ്പ് അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ട പാർട്ടികൾക്ക് മാത്രമേ ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കാൻ കഴിയൂ. അവസാനം നടന്ന പൊതു തിരഞ്ഞെടുപ്പിലോ നിയമസഭാ തിരഞ്ഞെടുപ്പിലോ ഒരു ശതമാനം വോട്ടെങ്കിലും നേടിയിരിക്കണമെന്ന വ്യവസ്ഥയുമുണ്ട്.

2018 മുതൽ 2022 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനയിൽ 57 ശതമാനവും നേടിയത് ബി ജെ പിയാണ്. രണ്ടാമത് കോൺഗ്രസും മൂന്നാമത് തൃണമൂൽ കോൺഗ്രസുമാണ്. ഇതുവരെ 2017 മുതൽ ബിജെപിക്ക് ഇലക്ടറൽ ബോണ്ട് വഴി 6566cr ഉം കോൺ​ഗ്രസിന് 1123cr ഉം ടിഎംസിക്ക് 1093 കോടിയും ലഭിച്ചു.
നിലവിൽ രാജ്യത്ത് സിപിഎം മാത്രമാണ് ഇലക്ടറൽ ബോണ്ട് വഴിയുള്ള സംഭാവനകൾ സ്വീകരിക്കില്ലെന്നുള്ള നിലപാട് എടുത്തത്. അതുകോണ്ടു തന്നെ സിപിഎമ്മിന് ഇതുവരെ ഇലക്ടറൽ ബോണ്ട് വഴി ഒരു രൂപ പോലും ലഭിച്ചിട്ടില്ല.

References: The Hindu,The Forth


Spread the love

Leave a Reply

Your email address will not be published. Required fields are marked *