ഇതെന്റെ സ്വപ്നങ്ങളുടെ രോമാഞ്ചം
അഭിമുഖം: സിജു സണ്ണി/ ഷിദിൻ
തിയേറ്ററുകളിലിപ്പോൾ ഹൗസ് ഫുൾ ഷോകളുമായി ആളുകളെ പൊട്ടിച്ചിരിച്ചപ്പിച്ചുകൊണ്ടിരിക്കുകയാണ് രോമാഞ്ചം. രോമാഞ്ചത്തിൽ നമ്മളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച മുകേഷ് എന്ന കഥാപാത്രം അവതരിപ്പിച്ച സിജു സണ്ണി The Tongue മായി തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു…
രോമാഞ്ചത്തിലേക്ക്…..
ഇൻസ്റ്റാഗ്രാമിലെ എന്റെ ഒരുപാട് റീലുകളിൽ ഒന്ന് കണ്ടാണ് ജിത്തുചേട്ടൻ (ഡയറക്ടർ ജിത്തു മാധവ്) വിളിക്കുന്നത്. നമ്മളൊരു സിനിമ ചെയ്യുന്നുണ്ടെന്നും രോമാഞ്ചം എന്നാണ് പേരെന്നും സിനിമയുടെ കഥ ഇതാണെന്നും അദ്ദേഹം പറഞ്ഞു തന്നു. പിന്നീട് ആലുവയിൽ വെച്ച് നടന്ന ക്യാമ്പിലാണ് എല്ലാവരും തമ്മിൽ സൗഹൃദമാവുന്നത്. അവിടെവെച്ചു ജിത്തുചേട്ടൻ ഞങ്ങളെക്കൊണ്ട് ഒരുപാട് സീനുകൾ ചെയ്യിപ്പിക്കുകയും അത് ഫോണിൽ ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു. എല്ലാവരുടെയും കഥാപാത്രങ്ങളുടെ മീറ്റർ എത്ര വേണമെന്നെല്ലാം തീരുമാനിച്ച് ഞങ്ങളെ അദ്ദേഹം അതിലേക്ക് എത്തിക്കുകയായിരുന്നു.
കുട്ടിക്കാലം കോമഡി സ്കിറ്റുകളും വേനൽത്തുമ്പി ക്യാമ്പുകളും
കുഞ്ഞുന്നാൾ തൊട്ടേ അഭിനയമോഹമുണ്ട്. സ്കൂളിൽ പഠിക്കുന്ന സമയത്ത് കാസറ്റിൽ വരാറുള്ള സ്കിറ്റുകൾ ഞങ്ങൾ കുറച്ചു കുട്ടികൾ എഴുതി വേദികളിലെല്ലാം അവതരിപ്പിക്കാറുണ്ടായിരുന്നു. വേനൽത്തുമ്പി ക്യാമ്പുകൾ വലിയ മാറ്റങ്ങൾ ആണ് കൊണ്ടുവന്നത്. നാടകങ്ങളും നാടാൻപാട്ടുകളുമായി ഇഷ്ട്ടമുള്ള കാര്യങ്ങൾ ചെയ്യാൻ അവിടെ അവസരം അവിടെയുണ്ടായിരുന്നു. സിനിമകളെക്കുറിച്ചും ഒഡിഷനുകളെ കുറിച്ചുമെല്ലാമുള്ള ചർച്ചകൾ അവിടെനിന്നാണുണ്ടായത്.

ഓഡിഷനുകളിൽ നിന്ന് ഓഡിഷനുകളിലേക്ക്
പ്ലസ് വൺ പഠിക്കുന്നത് മുതൽ അറിയുന്ന എല്ലാ ഒഡിഷനുകളിലും പങ്കെടുക്കും. ശനിയും ഞായറുമാണ് ഒഡിഷൻ ഉണ്ടാവുക. ചിലത് സെലക്ട് ആയി എന്നു പറഞ്ഞു വിളിക്കും. പിന്നീട് പല കാരണങ്ങൾ കൊണ്ടും അത് മാറിപ്പോവും. ചിലർ ഇത്ര പൈസ തന്നാൽ ഡയലോഗ് ഉള്ള റോൾ തരാം എന്നെല്ലാം പറയും. നമ്മുടെ കയ്യിൽ പൈസ ഇല്ലാത്തത് കൊണ്ട് അതിനൊന്നും പോവില്ല.
എന്നാലും ആഗ്രഹം വിടാതെ വീണ്ടും പോയികൊണ്ടേയിരുന്നു. ഒരു ഘട്ടത്തിൽ ജോലി ആവിശ്യമായി വന്ന സമയത്ത് ഗൾഫിലേക്ക് പോവുകയും സിനിമയോടുള്ള അതിയായ ആഗ്രഹം ജോലി കളയാനും തിരിച്ചുവരാനും പ്രേരിപ്പിക്കുകയും ചെയ്തു.
റീൽസ് വീഡിയോയുടെ സാധ്യതകൾ
ജോലി രാജിവെച്ച് തിരിച്ചു നാട്ടിലെത്തി. വീണ്ടും ഒഡിഷനുകൾക്ക് പോയികൊണ്ടിരുന്നു. അപ്പോഴാണ് ലോക്കഡൗൺ വരുന്നത്. എല്ലാം നിശ്ചലമായി. അതുവരെ ജോലി കളഞ്ഞു വന്ന എനിക്ക് ഒഡിഷനുകൾക്ക് പോകുന്നുണ്ടല്ലോ, ഞാൻ ശ്രമിക്കുന്നുണ്ടല്ലോ എന്നെല്ലാം സ്വയം ആശ്വസിക്കാമായിരുന്നു. അതോടെ അതും ഇല്ലാതായി. വഴികളെല്ലാം അടഞ്ഞു ബ്ലാങ്ക് ആയി നിൽക്കുമ്പോഴാണ് ഇൻസ്റ്റാഗ്രാം റീൽസിനെക്കുറിച്ചറിയുന്നത്. അതുവരെ സോഷ്യൽ മീഡിയയിൽ കോൺടെന്റ് വൈസ് അത്ര ആക്റ്റീവ് അല്ലായിരുന്നു ഞാൻ പിന്നീട് മുപ്പത് സെക്കന്റ് വരുന്ന കോൺടെന്റുകൾ റീൽ ആയി ഇടാൻ തുടങ്ങി. കുറെയെണ്ണം ചെയ്തു. അതിലൊന്ന് കണ്ടാണ് രോമാഞ്ചത്തിലേക്ക് ഡയറക്ടർ വിളിക്കുന്നത്. ഇപ്പൊൾ കഷ്ടപ്പാടുകൾക്ക് ഫലം ഉണ്ടെന്ന തോന്നൽ ഉണ്ട്…സന്തോഷമുണ്ട്.
കൂടെ നിന്ന വീട്ടുകാർ… കൂട്ടുകാർ…
സിനിമകണ്ട് കൂടെയുള്ളവരെല്ലാം വളരെ നല്ല അഭിപ്രായങ്ങൾ പറയുന്നുണ്ട്. കാരണം അവരിലൊരാളായി അവരുടെ കൂടെ ഇന്നലെ വരെ ഉണ്ടായിരുന്ന ഒരാളെ ബിഗ് സ്‌ക്രീനിൽ കാണുമ്പോൾ അവരെല്ലാം വളരെ സന്തോഷത്തിലാണ്. ഞാൻ പ്രൊമോഷൻ പരിപാടികളായി നാട്ടിൽ ഇല്ലെങ്കിലും അവർ വിളിക്കാറുണ്ട്. വോയിസ് മെസ്സേജ്കളയക്കും… സ്കൂളിൽ കൂടെ പഠിച്ചിരുന്നവർ… വിദേശത്തേക്ക് പോയവർ അവിടെ നിന്നും സിനിമ കണ്ട് വിളിച്ച് സന്തോഷമറിയിക്കുന്നുണ്ട്.
മുകേഷ് എന്ന കഥാപാത്രം…
ആരുമായും ഒരുതരത്തിലുള്ള കമ്മിറ്റ്മെന്റുകളും ഇല്ലാത്തൊരാളാണ് മുകേഷ്. അയാൾ സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരാൾ … മദ്യപിക്കണം.. ഹാൻസ് വെക്കണം.. ചുമ്മാ നടക്കണം ഇത് മാത്രമാണ് അയാളുടെ താല്പര്യങ്ങൾ. വളരെ അശ്രദ്ധയുള്ള… മുടിച്ചീകാതെ കുളിക്കാതെയെല്ലാം നടക്കുന്ന ഒരാൾ.
ഡയറക്ടർ തന്നെയാണ് മാസ്റ്റർ…
അർജുൻ അശോകന്റെ സിനു എന്ന കഥാപാത്രത്തിനോടുള്ള റിയാക്ഷനുകൾ വളരെ ശ്രദ്ധിച്ചാണ് ജിത്തു ചേട്ടൻ ഞങ്ങൾക്ക് പറഞ്ഞു തന്നത്. നമ്മളൊരു റിയാക്ഷൻ ഇട്ടാൽ അത് വേണ്ട ഇത്ര മതിയെന്ന് അദ്ദേഹം പറഞ് കണ്ട്രോൾ ചെയ്യിപ്പിക്കും. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും തന്നെ കറക്റ്റ് മീറ്റർ പിടിച്ചാൻ കഥാപാത്രത്തെ കൊണ്ടുപോയത്. അതെല്ലാം തിയേറ്ററിൽ വർക്കാവുകയും ചെയ്തു.

സിനിമ ഈ ലെവലിൽ എത്തുമെന്ന ധാരണയില്ലായിരുന്നു
പ്രിവ്യൂ കണ്ടപ്പോൾ തന്നെ ഇതൊരു നല്ല സിനിമയാണെന്ന് മനസിലുണ്ടായിരുന്നു. ആളുകൾക്കിഷ്ടപ്പെടുമെന്നും അറിയാമായിരുന്നു. പക്ഷെ ഇത്ര വലിയ രീതിയിൽ, ടിക്കറ്റ് കിട്ടാത്ത വിധത്തിൽ വലിയ വിജയമായി മാറുമെന്ന് പ്രതീക്ഷിച്ചില്ല. റിലീസ് ആയ പിറ്റേ ദിവസം മുതൽ ഡയലോഗ്കൾ ഹിറ്റ് ആവുന്നു, പാട്ടുകൾ എല്ലാം തന്നെ ട്രെൻഡ് ആവുന്നു.ഓരോ കഥാപാത്രങ്ങളെകുറിച്ചും എഴുത്തുകൾ വരുന്നു.ഇതുവരെ സിനിമകൾക്ക് റിവ്യൂ എഴുതാത്തവർ ഈ ചിത്രം കണ്ട് റിവ്യൂ എഴുതുന്നു. യുട്യൂബിൽ നിന്നും സിനിമയിലേക്ക് വന്നവരാണ് ഞങ്ങൾ കൂടുതലും. അപ്പോൾ അതിന്റെ മാറ്റം എല്ലാവർക്കും അറിയാമായിരുന്നു. പൊരുത്തപ്പെടാൻ എടുത്ത സമയത്തൊക്കെ ജോണേട്ടൻ വലിയ സപ്പോർട്ടാണ് ഞങ്ങൾക്ക് തന്നത്.
പുതിയ പ്രതീക്ഷകൾ
പുതിയ പ്രൊജക്ടുകൾ വരുന്നുണ്ട്. ഡയറക്ടർമാർ സിനിമ കണ്ട് വിളിക്കുന്നുണ്ട്. അപ്പോളെല്ലാം സന്തോഷം തോന്നുന്നുണ്ട്.
Join Us on WhatsApp: https://chat.whatsapp.com/HouOkecmoEWFVMZULmXHwA