ഷിജിൻ കെപി
മഹാരാഷ്ട്ര വീണ്ടും പുതിയൊരു രാഷ്ട്രീയ നാടകത്തിന് കളമാരുക്കിയിരിക്കുകയാണ്. 2019ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിനുശേഷം ബിജെപിയുടെ നേതൃത്വത്തിൽ മൂന്ന് തവണയാണ് കൂറുമാറ്റം നടന്നിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻതന്നെ എൻസിപിയിലെ അജിത് പവാർ വിഭാഗത്തെ കൂടെനിർത്തി ബിജെപി നേതാവായ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ രൂപീകരിച്ചെങ്കിലും 80 മണിക്കൂറിനകം ആ സർക്കാർ നിലംപൊത്തി. അന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ അജിത് പവാർ വീണ്ടും ഇപ്പോൾ ബിജെപിയിലേക്ക് കൂറുമാറിയിരിക്കുകയാണ്. എൻസിപി സ്ഥാപകനായ ശരദ് പവാറിന്റെ മരുമകൻ കൂടിയായ അജിത്‌പവാറിന്റെ അധികാരമോഹവും ഇപ്പോഴത്തെ അട്ടിമറി എളുപ്പമാക്കാൻ ബിജെപിയെ സഹായിച്ചു. നേരത്തെ ശിവസേനയെ പിളർത്തി ഏക്‌നാഥ് ഷിൻഡെ വിഭാഗത്തെ കൂടെനിർത്തി അധികാരത്തിലെത്തിയ ബിജെപി ഇപ്പോൾ എൻസിപിയെ പിളർത്തി അധികാരം ഉറപ്പിച്ചിരിക്കുകയാണ്.
2019 മഹാരാഷ്ട്ര ഇലക്ഷൻ റിസൽറ്റ്

രാഷ്ട്രീയ നാടകത്തിന്റെ തുടക്കം
2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ശിവസേനയും ബിജെപിയും മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി തല്ലിപ്പിരിഞ്ഞതോടെയാണ് മഹാരാഷ്ട്രയിൽ രാഷ്‌ട്രീയ നാടകങ്ങൾക്ക് തുടക്കമായത്. മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്ന ധാരണ ഫലം വന്നശേഷം ബിജെപി തള്ളിയതോടെ ശിവസേന എൻഡിഎ വിട്ടു. 288 അംഗ സഭയിൽ ബിജെപി(105), ശിവസേന ( 56), എൻസിപി ( 54), കോൺഗ്രസ് (44) എന്നിങ്ങനെയായിരുന്നു സീറ്റ് നില. എൻസിപിയിൽനിന്ന് ഒരു വിഭാഗത്തെ അടർത്തി നവംബർ 23ന് ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി. എൻസിപി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായി. ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്തതോടെ ഫഡ്‌നാവിസും അജിത് പവാറും നവംബർ 26ന് രാജിവച്ചു.
പിന്നീട് ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്ന് മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിച്ചു. നവംബർ 28ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയും അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി.പിന്നീട് ബിജെപി ശിവസേനാ നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെയെ കൂട്ടുപിടിച്ച് സർക്കാരിനെ വീഴ്ത്തി. ഷിൻഡെ വിഭാഗം ശിവസേനയും ബിജെപിയും ചേർന്ന് സർക്കാരുണ്ടാക്കി. ഒരു വർഷം തികയുമ്പോൾ എൻസിപിയെയും പിളർത്തി.
അജിത് പവാറിന്റെ പവർ
അജിത് പവാര്‍ പക്ഷത്ത് നിലവിൽ 31 എംഎല്‍എമാർ ആണുള്ളത്. 4 എംപിമാരും 6 എംഎല്‍സിമാരും അജിത് പവാറിനെയാണ് സപ്പോർട്ട് ചെയ്യുന്നത്. ശരദ് പവാറിന്റെ കൂടെ 5 എംപിമാരും 16 എംഎൽഎമാരുമാണുള്ളത്. കൂടാതെ 5 എംപിമാരും 3 എംഎല്‍സിമാരുമുണ്ട്. 6 എംഎൽഎമാർ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല. നേരത്തെ മുംബൈയിലെ ബാന്ദ്രയില്‍ വെച്ച് അജിത് പവാര്‍ പക്ഷത്തിന്റെ യോഗം നടന്നിരുന്നു. നരിമാന്‍ പൊയിന്റില്‍ വെച്ചാണ് ശരദ് പവാര്‍ പക്ഷത്തിന്റെ യോഗം നടന്നത്. പാര്‍ട്ടിയിലെ എല്ലാ എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ശരദ് പവാര്‍ പക്ഷം വിപ്പ് നല്‍കിയിരുന്നു. കൂറുമാറ്റ നിരോധന നിയമത്തിലെ വകുപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ അജിത് പവാറിന് 36-ലധികം എംഎല്‍എമാരുടെ പിന്തുണ വേണം.

അജിത് പവാർ VS ശരദ് പവാർ
ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം എല്ലാ വിമത എംഎല്‍എമാരേയും അയോഗ്യരാക്കുന്നതിന് എന്‍സിപിക്ക് ഇനിയും നീങ്ങാം. ഈയടുത്ത് വന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രകാരം , യഥാര്‍ഥ കക്ഷിയായി ലയിക്കേണ്ടതുണ്ട്. ചിഹ്നവുമായി ബന്ധപ്പെട്ട ഉത്തരവ് പ്രകാരം അജിത് പവാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് തന്റേതാണ് യഥാര്‍ഥ എന്‍സിപിയെന്ന് തെളിയിക്കേണ്ടതുണ്ട് . അത് വരെ അജിത് പവാറും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരും അയോഗ്യരായിരിക്കും.