സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ മുസ്‌ലിം/കേരള/ഇടതുപക്ഷ വിരുദ്ധ ചലച്ചിത്രം

Spread the love

Pramod Puzhankara

കേരള സ്റ്റോറി എന്ന സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ മുസ്‌ലിം/കേരള/ഇടതുപക്ഷ വിരുദ്ധ ചലച്ചിത്രം ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ പതിവ് പ്രചാരണ ചേരുവകളെല്ലാം ഇതിനകം തന്നെ നൽകിക്കഴിഞ്ഞു. തീർത്തും അവാസ്തവികമായ സംഗതികൾ വലിയ വസ്തുതകളും സത്യവുമാണെന്ന മട്ടിൽ അവതരിപ്പിക്കുക, ഭൂരിപക്ഷ ഹിന്ദുമതവിശ്വാസികൾക്കിടയിൽ ന്യൂനപക്ഷാക്രമണത്തിന്റെ ഭീതി പരത്തുക, ഹിന്ദുക്കളുടെ ജീവിതം അപകടത്തിലാണെന്നും അതിനെതിരെ ഹിംസാത്മകമായ ചെറുത്തുനിൽപ്പ് വേണമെന്നും പ്രചരിപ്പിക്കുക എന്നീ പതിവ് പരിപാടികളെല്ലാം അത് നടത്തിക്കഴിഞ്ഞു. എത്രയാളുകൾ സിനിമ കാണുന്നു എന്നതല്ല, എത്ര ശക്തമായി സിനിമ ഉദ്ദേശിക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയം ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യിക്കാൻ കഴിയുന്നു എന്നതുകൂടിയാണ് അവരുടെ പ്രചാരണോദ്ദേശ്യം. കാശ്മീർ ഫയൽസ് എന്ന ഈയിടെ പുറത്തുവന്ന സിനിമയും ഇതുതന്നെയാണ് ചെയ്തത്. രാഷ്ട്രീയപ്രചാരണത്തിന് കലയെ ഉപയോഗിക്കുക എന്നത് പല മട്ടിൽ വളരെ വിദഗ്ധമായി ഫാഷിസം ചെയ്യുന്നതാണ്. അത് നാസി ജർമ്മനിയിലായാലും മോദിയുടെ ഇന്ത്യയിലായാലും ഏതാണ്ട് ഒരേ തരത്തിലുള്ള നിർമ്മാണഘടനയാണ് പിന്തുടരുക.

കശ്മീർ ഫയൽസ് എന്ന സിനിമ കാശ്മീർ പ്രശ്നത്തെയും കാശ്മീരികൾക്ക് മുകളിലുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ അതിഭീകരമായ സൈനിക അടിച്ചമർത്തലിനെയും മറച്ചുപിടിക്കാനായി കാശ്മീരി പണ്ഡിറ്റുകളുടെ വിഷയത്തെ ചരിത്രവസ്തുതകളെ മുഴുവൻ വികൃതമാക്കി അവതരിപ്പിക്കുകയായിരുന്നു. എന്നാൽ ഇത്തരത്തിലൊരു സിനിമ വരുമ്പോൾ ആ സിനിമയുടെ രാഷ്ട്രീയ പ്രചാരണത്തെ സ്വീകരിക്കാവുന്ന തരത്തിൽ കാശ്മീർ പ്രശ്നത്തെ മുഴുവൻ തലതിരിച്ചിടുന്നതിൽ ഹിന്ദുത്വ ഫാഷിസ്റ്റുകൾ വിജയിച്ചിരുന്നു. ഇന്ത്യയിലിപ്പോഴും കാശ്മീരിനെക്കുറിച്ച് ചർച്ച ചെയ്യുന്നത് ഭീകരവാദികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ എന്ന ഒരൊറ്റ തലക്കെട്ടിലാണ്. എന്താണ് കാശ്മീർ പ്രശ്നത്തിന്റെ ചരിത്ര പശ്ചാത്തലം, കാശ്മീരി ജനതയുടെ രാഷ്ട്രീയ സ്വാതന്ത്ര്യ പ്രശ്നങ്ങൾ എന്തൊക്കെയാണ്, ഇന്ത്യൻ ഭരണകൂടം കാശ്മീരിൽ നടത്തുന്ന സൈനിക,സായുധ അടിച്ചമർത്തലുകൾ, കാശ്മീരി ജനതയുടെ സാമൂഹ്യ-രാഷ്ട്രീയ അവകാശങ്ങളെയും അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളെയും എങ്ങനെയാണ് ബാധിക്കുന്നത് എന്നതിലെല്ലാം ഇന്ത്യൻ സമൂഹത്തിലെ വിവിധങ്ങളായ വ്യവഹാരമണ്ഡലങ്ങൾ കാലങ്ങളായി പുലർത്തിയ അവസരവാദപരമായ, ഒപ്പം രാജ്യസ്നേഹം എന്ന വലതുപക്ഷ ഭീഷണിയിൽ വീണുപോയ മൗനം സൃഷ്ടിച്ച ശൂന്യതയിലാണ് കാശ്മീർ ഫയൽസ് പോലൊരു സിനിമ അതിന്റെ ഫാഷിസ്റ്റ് പ്രചാരണം കൊണ്ട് നിറച്ചത്.

അത്രയും വലിയതോതിലല്ലെങ്കിലും കേരള സ്റ്റോറി എന്ന സംഘപരിവാർ രാഷ്ട്രീയചലച്ചിത്രം വരുന്നതും ഇത്തരമൊരു ഇടത്തിലേക്കാണ്. കേരളത്തിന് പുറത്തുള്ള ഹിന്ദുത്വ കാണികളെയും ഭൂരിപക്ഷ മതസമൂഹത്തെയുമുദ്ദേശിച്ചാണ് ഈ സിനിമയെന്ന് പറഞ്ഞാലും അത് കേരളത്തിനുള്ള ഭീഷണികളെ ചെറുതാക്കുന്നില്ല. കാശ്മീരിനെ സംഘപരിവാർ കാണുന്നത് ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെ ഹിന്ദു ഇന്ത്യ നടത്തുന്ന ഒരു theatre of war എന്ന നിലയിലാണ്. അതുകൊണ്ടുതന്നെ കാശ്മീരിൽ എന്ത് നടക്കുന്നു എന്ത് ചെയ്യുന്നു എന്നതിന്റെ യുക്തി കാശ്മീരികൾക്ക് വേണ്ടിയല്ല അതിനു പുറത്തുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കണക്കുകൂട്ടലുകളിലേക്കാണ് അവർ ചേർത്തുവെക്കുക. കേരളത്തിന്റെ കാര്യത്തിൽ ഭൂരിപക്ഷമെങ്കിലും ഹിന്ദുക്കൾ, ന്യൂനപക്ഷമെങ്കിലും പ്രബലരായ മുസ്‌ലിം സമുദായത്തിൽ നിന്നും ഭീഷണി നേരിടുന്ന സ്ഥലമായി, മറ്റൊരു ഹിന്ദു-മുസ്‌ലിം ഏറ്റുമുട്ടൽ നടക്കുന്ന അതിൽ ഇടതുപക്ഷം ഹിന്ദുക്കളുടെ മതബോധത്തെ ഇല്ലാതാക്കിയ ഒരു പ്രദേശമായിട്ടാണ് അവതരിപ്പിക്കുന്നത്. അതാകട്ടെ ആഗോള ഇസ്ലാമിക ഭീകരത എന്ന വാദവുമായി കൂട്ടിച്ചേർക്കുന്നു. ഇത് ഒരു ദിവസം കൊണ്ടുണ്ടായ ഒന്നല്ല എന്ന് മാത്രമല്ല കേരളത്തിൽ ഇത്തരത്തിലൊരു ‘ലവ് ജിഹാദ്’ പ്രശ്നത്തിനു സംഘപരിവാറിന് ക്രിസ്ത്യൻ സഭയുടെ രൂപത്തിൽ അതിശക്തരായ വക്താക്കളെയും പ്രചാരകരെയും കിട്ടി.

കഴിഞ്ഞ എത്രയോ നാളുകളായി സംഘ്പരിവാറിനേക്കാൾ ശബ്ദത്തിൽ ലവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നൊക്കെ അലറിക്കൂവിയത് ക്രിസ്ത്യൻ ബിഷപ്പുമാരടക്കമുള്ള സഭാ നേതൃത്വമാണ്. ക്രിസ്ത്യൻ സഭകൾക്കുണ്ടെന്ന് കരുതുന്ന വോട്ടുബാങ്കുകളെയും മതസാമൂഹ്യബലത്തേയും ഭയന്ന് കേരള സ്റ്റോറിക്ക് സമാനമായ വർഗീയവിഷം തുപ്പിയ ജോസഫ് കല്ലറങ്ങാട്ടിൽ അടക്കമുള്ള ക്രിസ്ത്യൻ പാതിരിമാരുടെ കൈമുത്തിപ്പോരുകയായിരുന്നു കേരളത്തിലെ മതേതര മുന്നണി നേതൃത്വം. സഭാ നേതൃത്വങ്ങൾ പരസ്യമായി ബി ജെ പിയുമായി കൈകോർത്തപ്പോൾപ്പോലും മുട്ടുവിറച്ചുകൊണ്ടാണ് അവർ പ്രതികരിച്ചത്. ഇത്തരത്തിൽ പാകമാക്കിയെടുത്ത ഒരു രാഷ്ട്രീയ-സാമൂഹ്യ കാലാവസ്ഥയിലേക്കാണ് കേരള സ്റ്റോറി ഹിന്ദുത്വ ഫാഷിസ്റ്റ് പ്രചാരണ ചലച്ചിത്രമെത്തുന്നത്.

മറ്റു മതങ്ങളിൽപ്പെട്ട പെൺകുട്ടികളെ ഇസ്‌ലാമിലേക്ക് മതം മാറ്റുന്നതിനും അവരെ തീവ്രവാദികളാക്കുന്നതിനും കേരളത്തിൽ ശ്രമങ്ങളുണ്ടെന്നും അങ്ങനെ സംഭവിക്കുമ്പോൾ ഒന്നുറക്കെക്കരയാനുള്ള അവകാശം പോലും നിങ്ങൾക്കാർക്കും അനുവദിച്ചുതരില്ലെന്നും അതിനുള്ള കാരണം അതൊക്കെ ഭരണഘടന അനുവദിക്കുന്നതാണെന്നുമടക്കമുള്ള കടുത്ത മുസ്‌ലിം വിരുദ്ധ പ്രചാരണത്തിൽ ഏർപ്പെട്ട ‘ഇടതുപക്ഷത്തെ വലതുപക്ഷ നിരീക്ഷകൻ’ എന്നൊക്കെ വിളിക്കുന്നൊരു കക്ഷിയൊക്കെ ഇപ്പോൾപ്പോലും തങ്ങൾ ഫാഷിസ്റ്റ് വിരുദ്ധരും മതേതര ഇടതുപക്ഷ രാഷ്ട്രീയക്കാരുമാണെന്ന് പറയുന്ന ഒരുപാട്‌പേരുടെ രാഷ്ട്രീയഐക്യം ആസ്വദിക്കുന്നു എന്നിടത്തേക്ക് കൂടിയാണ് കേരള സ്റ്റോറി വരുന്നത്. അതായത് മുസ്‌ലിം വിരുദ്ധതയുടെ വിഷപ്രചാരണങ്ങളെ ക്രിസ്ത്യൻ വർഗീയവാദികളിലൂടെ സ്വാഭാവികവത്ക്കരിച്ച ഒരു കേരളത്തിലേക്കു കൂടിയാണ് കേരള സ്റ്റോറി എത്തുന്നത്. പെൺകുട്ടികളെ മതം മാറ്റി ഇസ്‌ലാമിക തീവ്രവാദികളാക്കുന്നു എന്ന ദുഷ്പ്രചാരണം നടത്തിയൊരാളുമായി രാഷ്ട്രീയ ഐക്യം പുലർത്തുന്നതിൽ യാതൊരുവിധ പ്രശ്നവുമില്ലെന്ന് നിങ്ങളെ തോന്നിപ്പിച്ച ആ ചാച്ചും ചരിച്ചും കെട്ടാവുന്ന കാർക്കൂന്തലിലാണ് സംഘപരിവാർ കേരള സ്റ്റോറിയുടെ മാല ചൂടിക്കുന്നത്.

ശബരിമല സമരക്കാലത്ത് സ്ത്രീകളുടെ പൗരാവകാശങ്ങൾക്കെതിരെ സംഘ്പരിവാറിനേക്കാൾ ഉച്ചത്തിൽ ഉറഞ്ഞുതുള്ളിയ കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണി ഒരുക്കിക്കൊടുത്ത നാമജപത്തെറിഘോഷയാത്രയിലേക്കാണ് കേരള സ്റ്റോറി അതിന്റെ കഥാകഥനത്തെ ചേർത്തുവെക്കുന്നത്. ഹിന്ദുത്വ ഫാഷിസം ഇന്ത്യയുടെ രാഷ്ട്രീയാധികാരത്തിലേക്കെത്തുന്നത് ഏതാണ്ട് മുക്കാൽ നൂറ്റാണ്ടുകാലത്തെ സംഘപ്രവർത്തനത്തിലൂടെയാണ്. കേരളത്തിന്റെ രാഷ്ട്രീയാധികാരത്തിലേക്ക് സംഘപരിവാറിന് പല കാരണങ്ങളാലും എളുപ്പത്തിൽ കടന്നുവരാനാകില്ല. എന്നാൽ കേരളത്തിന്റെ പൊതുസമൂഹത്തിന്റെ വ്യവഹാരങ്ങളിൽ തങ്ങളുടെ അജണ്ടകൾ നിരന്തരമായി ചർച്ച ചെയ്യിപ്പിക്കാനും അവയ്‌ക്കെല്ലാം ക്രിസ്ത്യൻ സഭയടക്കമുള്ള മുസ്‌ലിം/ഇടതുപക്ഷ വിരുദ്ധതയുടെ പൊതുഐക്യം പേറുന്ന സഖ്യകക്ഷികളെ ഒളിഞ്ഞും തെളിഞ്ഞും സൃഷ്ടിക്കാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് മുസ്ലീങ്ങൾക്കെതിരെ സംഘപരിവാർ വക്താക്കളേക്കാൾ ഹീനമായ വർഗീയ വിഷം നിരന്തരം തുപ്പുന്ന ‘ഇടതുപക്ഷത്തെ വലതുപക്ഷ നിരീക്ഷകനൊക്കെ’ വളരെ സ്വാഭാവികമായി മതേതര രാഷ്ട്രീയത്തിന്റെ ചങ്ങാതിക്കൂട്ടത്തിലുണ്ടാകുന്നത്.

കേരള സ്റ്റോറി ശൂന്യതയിൽ നിന്നല്ല വരുന്നത്, ശൂന്യതയിലേക്കല്ല വരുന്നതും. കാശ്മീർ പോലെ കേരളവും ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം ഭൂരിപക്ഷ പശു പ്രദേശ ഹിന്ദുഇന്ത്യക്ക് മുന്നിൽ അരങ്ങേറ്റുന്ന മറ്റൊരു പോരാട്ട ഭൂമിയാക്കുകയാണ് . അതിൽ അവരുടെ കയ്യാളുകളേയും അവർക്കുവേണ്ടി കേരളത്തെയും അതിന്റെ മതേതര രാഷ്ട്രീയത്തേയും ഒറ്റാനുള്ള സഖ്യകക്ഷികളേയും അവർ അതിവേഗത്തിൽ കണ്ടെത്തുന്നുണ്ട്. കേരളത്തിൽ തെരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തുന്നത് സംബന്ധിച്ച് സംഘപരിവാർ ഇനിയും ഒരു ഒന്നര പതിറ്റാണ്ടെങ്കിലും അപ്പുറത്തേക്കാണ് കരുക്കൾ നീക്കുന്നത്. എന്നാൽ അതുവരേക്കും രണ്ടുരീതിയിൽ അവർക്ക് കേരളത്തെ ഉപയോഗിക്കണം. അതിലൊന്ന് കേരളത്തെ മുസ്‌ലിം ഭീകരതയുടെ ഇരകളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും ദുരിതജീവിതം നയിക്കുന്നയിടമാക്കി ഇന്ത്യയിലെ മറ്റു ഹിന്ദു പ്രദേശങ്ങളിൽ അവതരിപ്പിക്കണം. രണ്ട് , കേരളത്തിനുള്ളിൽ മുസ്‌ലിം, ഇടതുപക്ഷ വിരുദ്ധതയുടെ ഒരു മുന്നണിയുണ്ടാക്കണം. രണ്ടും നടന്നുകൊണ്ടിരിക്കുകയാണ്. ക്രിസ്ത്യൻ സഭയുമായുള്ള കൈകോർക്കലിലൂടെ വലിയൊരു വ്യവഹാരമണ്ഡലം സംഘപരിവാർ ഉണ്ടാക്കിയെടുക്കുന്നുണ്ട്. ക്രിസ്ത്യൻ വർഗീയത സ്വാഭാവികമായ സാമൂഹ്യവ്യവഹാരമാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ട കേരളത്തിൽ -അതുകൊണ്ടാണ് ഇടതു മന്ത്രിയും കെ പി സിസി അധ്യക്ഷനും ബി ജെ പി നേതാക്കളും ബിഷപ്പിന്റെ കൈമുത്താനും ഒപ്പം പ്രാതൽ കഴിക്കാനും മത്സരിക്കുന്നത്- അതൊട്ടും ചെറിയ കാര്യമല്ല.

ഫാഷിസവുമായി ചർച്ച സാധ്യമല്ല, കാരണം അത് തീർത്തും ജനാധിപത്യവിരുദ്ധമായൊരു രാഷ്ട്രീയരൂപമാണ്. ഓരോ അടിയിലും ഏറ്റുമുട്ടിക്കൊണ്ടു മാത്രമേ അതിനെ തോൽപ്പിക്കാനാകൂ. ഫാഷിസ്റ്റുകളുമായി ഐക്യമുണ്ടാക്കുന്ന ഒരു സംഘവുമായും ഒരു വിട്ടുവീഴ്ചയും ചെയ്തുകൂട. അത് കലയിലായാലും തെരുവിലായാലും കള്ളപ്പാതിരിമാരുടെ അരമനകളിലായാലും.


Spread the love

Leave a Reply

Your email address will not be published. Required fields are marked *