പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാർ, അങ്ങ് സമാധാനമായി യാത്രയാവുക

Spread the love

സുധ മേനോൻ

അക്ഷരങ്ങളും വാക്കുകളും വിരൽത്തുമ്പിൽ നിശ്ചലമായ നിമിഷങ്ങൾ ജീവിതത്തിൽ ആദ്യമാണ്…ഇന്നലെ ഒരു വരി പോലും കുറിക്കാൻ കഴിഞ്ഞില്ല. പേരിട്ട് വിളിക്കാൻ കഴിയാത്ത സങ്കടം, ശൂന്യത ഒക്കെ നെഞ്ചിനുള്ളിൽ വിങ്ങിനിന്നു…കേരളത്തിലെ ലക്ഷക്കണക്കിന് മനുഷ്യർ കടന്നുപോകുന്നത് ഇതേ വികാരത്തിലൂടെയാണെന്ന് അറിയാം..ഉമ്മൻചാണ്ടി അങ്ങനെയൊരു അപൂർവ മനുഷ്യനായിരുന്നു. അധികാരരാഷ്ട്രീയത്തിന്റെ രാജോൻമാദങ്ങൾ തീണ്ടാത്ത ഒരു സമ്പൂർണ്ണ ജനകീയനേതാവ്. വലതുപക്ഷമെന്ന് രാഷ്ട്രീയ എതിരാളികൾ വിമർശിച്ചപ്പോഴൊക്കെയും, മനുഷ്യപക്ഷം മാത്രമായിരുന്നു തനിക്ക് എക്കാലത്തും പ്രിയതരമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച മനുഷ്യൻ.
പ്രായോഗികരാഷ്ട്രീയത്തിന്റെ കടുത്ത കഷായചവർപ്പിലേക്ക്, അനുകമ്പയുടെയും, മനുഷ്യസ്നേഹത്തിന്റെയും തേൻമധുരം കലർത്തി ചുറ്റുമുള്ളവർക്കെല്ലാം പകർന്നുനല്കിയ ജീവൻമശായ്..അതുകൊണ്ടുതന്നെ ഉമ്മൻചാണ്ടിയോടൊപ്പം അസ്തമിക്കുന്നത് അനന്യമായ ഒരു രാഷ്ട്രീയസംസ്കാരമാണ്. കർക്കടകത്തിലെ പെരുമഴയിലും വഴിയിൽ കാത്തുനിൽക്കുന്ന പൊതുജനങ്ങൾ കണ്ണീരോടെ യാത്രയാക്കുന്നത് തിരികെ വരാനിടയില്ലാത്ത ഒരു കാലഘട്ടത്തെക്കൂടിയാണ്..

oommanchandy

സ്വാതന്ത്ര്യസമരത്തിലൂടെയും കർഷകപ്രസ്ഥാനത്തിലൂടെയും കടന്നുവന്ന് കേരളരാഷ്ട്രീയത്തിലെ അതികായരായി മാറിയ നേതാക്കളുടെ പട്ടികയിൽ ഉമ്മൻചാണ്ടി ഇല്ല. അദ്ദേഹം ദീർഘകാലം മുഖ്യമന്ത്രി ആയിരുന്നിട്ടില്ല. ഒരിക്കലും കെപിസിസി അധ്യക്ഷൻ ആയിരുന്നില്ല. രാഷ്ട്രീയത്തിലെ ദാർശനികനും,വിപ്ലവകാരിയും ആയി വാഴ്ത്തപ്പെട്ടിട്ടില്ല. ‘ആദർശത്തിന്റെയും അധികാരനിരാസത്തിന്റെയും പര്യായമാണ് ഉമ്മൻചാണ്ടി’ എന്ന് ഒരിക്കലും ഇടനാഴികളിൽ പാണന്മാർ പാടി നടന്നില്ല.തീ പാറുന്ന പ്രസംഗങ്ങളിലൂടെ അനുയായികളെ അദ്ദേഹം കോരിത്തരിപ്പിച്ചിരുന്നില്ല. കോൺഗ്രസ്സിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ ഒരു വിഭാഗത്തിന്റെ വീറുറ്റ തേരാളിയും പോരാളിയും ആയിരുന്നു എല്ലാ കാലത്തും ഉമ്മൻചാണ്ടി.രാഷ്ട്രീയനേതാക്കളെ അനശ്വരരാക്കുന്ന പല ‘ഉത്തമഘടകങ്ങളും’ ഉമ്മൻചാണ്ടിയിൽ ഉണ്ടായിരുന്നില്ല.

എന്നിട്ടും,ജാതി,മത,രാഷ്ട്രീയ,ലിംഗ, പ്രായഭേദമില്ലാതെ കേരളജനത ഉമ്മൻചാണ്ടിയെ നിരുപാധികം സ്നേഹിച്ചുവെങ്കിൽ അതിന് കാരണം ഉമ്മൻചാണ്ടിക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന പൊതുപ്രവർത്തനശൈലിയാണ്. ജനങ്ങളിൽ നിന്നും വേറിട്ടൊരു അസ്തിത്വം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം ശ്വാസമെടുത്തത് സാധാരണജനങ്ങളിൽ നിന്നായിരുന്നു. അധികാരത്തിന്റെ ഉറവിടം ജനതയാണെന്ന വസ്തുത, ‘ഇന്ത്യയിലെ ജനങ്ങളായ നാം’ എന്നു തുടങ്ങുന്ന ഭരണഘടനയുടെ ആമുഖത്തിലും,സാർവത്രികവോട്ടവകാശത്തിലും മാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ലെന്നും, തിരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികൾ ജനങ്ങളോടൊപ്പം ഇഴുകിചേർന്നുകൊണ്ടാണ് അത് സാർഥകമാക്കേണ്ടത് എന്നും ഉമ്മൻചാണ്ടി സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു.ദാർശനികഗരിമയുടെ അകമ്പടിയില്ലാതെ അദ്ദേഹം ഗാന്ധിജിയുടെ ‘അന്ത്യോദയ’ അതീവലളിതമായും അതിമനോഹരമായും പ്രയോഗവൽക്കരിച്ചു. മുന്നിലെത്തുന്ന ഓരോ മനുഷ്യന്റെയും പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹരിക്കാൻ ശ്രമിച്ചു. ‘നീതിയും അഭയവുമാണ്’ രാജധർമം എന്ന് പണ്ടെങ്ങോ പറഞ്ഞ കൽഹണന്റെ രാജതരംഗിണി ഉമ്മൻചാണ്ടി വായിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, തന്നെ സമീപിക്കുന്ന അവസാനത്തെ മനുഷ്യനും അഭയമായി, നീതിയുടെ വറ്റാത്ത ഉറവിടമായി അദ്ദേഹം സ്വയം മാറി.

കോൺഗ്രസ്സ് പ്രവർത്തകരെ ഉമ്മൻചാണ്ടി പൂർണ്ണമായും വിശ്വസിച്ചു, വലിപ്പച്ചെറുപ്പമില്ലാതെ. രാഷ്ട്രീയജീവിതത്തിന്റെ അവസാനകാലത്ത് ആരോപണങ്ങളുടെ പുകമറയിൽ വലിച്ചിടാൻ വരെ കാരണമായിട്ടും അദ്ദേഹം തന്റെ ശീലം മാറ്റിയില്ല. നാടിന്റെ വിദൂരഭാഗങ്ങളിലുള്ള ബൂത്ത്തല പ്രവർത്തകരെവരെ പൂർണമായി വിശ്വസിച്ചു. ഉമ്മൻചാണ്ടിയെ സ്ഥിരമായി ഫോൺ ചെയുന്ന എന്റെ സഹോദരൻ ഇടയ്ക്ക് എന്തെങ്കിലും കാരണത്താൽ വിളിക്കാതിരുന്നാൽ, ദിവസങ്ങൾക്കകം അദ്ദേഹം ആരോടെങ്കിലും അന്വേഷിക്കുമായിരുന്നു. ഒരിക്കൽ, വർഷങ്ങൾക്ക് മുൻപ്, യുഡിഫ് കൺവീനറായിരുന്ന അവസരത്തിൽ ആണെന്ന് തോന്നുന്നു, അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക് കൂട്ടിക്കൊണ്ടുവരാൻ എന്റെ സഹോദരനോട് ആവശ്യപ്പെട്ടത് ഓർക്കുന്നു. ഏതെങ്കിലും മുതലാളിയോട് കാർ അയക്കാൻ പറയുന്നതായിരുന്നു എളുപ്പം. പക്ഷേ, അദ്ദേഹം അങ്ങനെ ചെയ്തില്ല. പകരം ഒരു സാധാരണ മണ്ഡലം സെക്രട്ടറിയോട് അക്കാര്യം ആവശ്യപ്പെട്ടു. അതിനുള്ള വിശ്വാസവും അടുപ്പവും ഉമ്മൻചാണ്ടിക്ക് ഉണ്ടായിരുന്നു. കുടുംബത്തിനും പാർട്ടിപ്രവർത്തകർക്കും ഇടയിൽ അദ്ദേഹം ഒരിക്കലും മതിൽ കെട്ടിയില്ല. അവരുടെ പ്രശ്നങ്ങളിൽ അദ്ദേഹം കരുതലോടെ, കരുണയോടെ ഇടപെട്ടു. ‘ഓസി’ തങ്ങളുടെ സ്വന്തമാണെന്ന് അഭിമാനിക്കാൻ അവർക്ക് ധാരാളം അവസരം നൽകി. കോൺഗ്രസ്സ് പോലുള്ള ഒരു മാസ് പാർട്ടിയിൽ, മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്ത, ‘വെള്ളം കോരികളും വിറകുവെട്ടികളുമായ’ നിസ്വാർഥരായ പ്രവർത്തകരുടെ ഏക സാമൂഹ്യമൂലധനം പലപ്പോഴും ‘ഓസിയുടെ ആളെന്ന’ അഭിമാനം മാത്രമായിരുന്നു. അതറിയാവുന്ന ഉമ്മൻചാണ്ടി അവരെ എല്ലായ്പ്പോഴും ചേർത്തുനിർത്തി. ഇന്ന്, പെരുമഴയിൽ തൊണ്ടയിടറി മുദ്രാവാക്യം വിളിക്കുന്നതും, തീവണ്ടിയിലും ബസ്സിലും കയറി അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണാൻ കോട്ടയത്തെത്തുന്നതും ഈ മനുഷ്യരാണ്.

ummanchandy death

രാഷ്ട്രീയമാന്യതയിലൂടെ, ജനാധിപത്യമര്യാദയിലൂടെ, ആത്മസംയമനത്തിലൂടെ, അധികാരം ദുഷിപ്പിക്കാത്ത ശരീരഭാഷയിലൂടെ, കേൾവിയുടെ രാഷ്ട്രീയത്തിലൂടെ, അന്ത്യയാത്രയിൽപ്പോലും അധികാരചിഹ്നങ്ങൾ വേണ്ടെന്ന നിർബന്ധബുദ്ധിയിലൂടെ ഉമ്മൻചാണ്ടി സഞ്ചരിച്ചത് കേരളത്തിലെ കക്ഷിരാഷ്ട്രീയമണ്ഡലത്തിലെ വേറിട്ട ഒരു വഴിയിലൂടെയായിരുന്നു. രാഷ്ട്രീയം ‘തിയട്രിക്സും, മാർക്കറ്റിംഗും’ ആയി പരിവർത്തനപ്പെട്ടിരിക്കുന്ന വർത്തമാനകാലത്ത് ആ വഴി അധികമാരും ഉപയോഗിക്കാൻ ഇടയില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയപ്രവർത്തനത്തെ ‘കാരുണ്യത്തിന്റെയും, ജനക്ഷേമത്തിന്റെയും, നീതിയുടെയും’ വസന്തമായി നിർവചിക്കുന്ന മനുഷ്യർക്ക് ഉമ്മൻചാണ്ടിയുടെ വിയോഗം തീരാസങ്കടമാണ്..ഉള്ളിൽ എന്തോ എരിഞ്ഞടങ്ങുന്നത് പോലെ. എത്രയും പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാർ, അങ്ങ് സമാധാനമായി യാത്രയാവുക.. അങ്ങവശേഷിപ്പിച്ച ഒരുപാട് നനുത്ത ഓർമകൾ ഞങ്ങൾക്ക് കൂട്ടിനുണ്ട്.. ഹൃദയം നിറഞ്ഞ സ്നേഹത്തോടെ വിട…


Spread the love

Leave a Reply

Your email address will not be published. Required fields are marked *