മണിപ്പൂരിൽ വർഗീയതയുടെ കാളകൂടം കലക്കിയതാരാണ് ?

Spread the love

ശ്രീചിത്രൻ എംജെ

ബൽക്കീസ് ബാനുവിന്റെ ഡീറ്റേൽഡ് സ്റ്റേറ്റ്മെന്റ് നിങ്ങൾ വായിച്ചിട്ടുണ്ടോ? കൺമുന്നിൽ വെച്ച് വീട്ടിലുള്ള പുരുഷൻമാരെ മുഴുവൻ കൊന്നുതള്ളിയ ശേഷം സ്വന്തം കുഞ്ഞ് ഒരു പാറയിലേക്ക് വലിച്ചെറിയപ്പെടുന്നതും തല പാറയിൽ തട്ടി ചിതറി ആ കുഞ്ഞ് മരിക്കുന്നതും എണ്ണമറിയാത്തത്രയും പുരുഷൻമാർ സ്വശരീരത്തിൽ കയറിയിറങ്ങുന്നതും അനുഭവിച്ച ഒരു സ്ത്രീയുടെ മൊഴി? അതിനും മുൻപ് ഇന്ത്യ – പാക് വിഭജനകാലത്തെ വർഗീയകലാപത്തിന്റെ വിറ്റ്നസ് സ്റ്റേറ്റ്മെന്റ്സ് വായിച്ചിട്ടുണ്ടോ? തെരുവുകളിൽ സ്ത്രീകളെ നിരത്തിക്കിടത്തി കൂട്ടബലാൽസംഗം നടന്ന സംഭവങ്ങളെപ്പറ്റി? വീട്ടിലെ പുരുഷൻമാരെ കൺമുന്നിൽ കെട്ടിയിട്ട് റേപ്പ് ചെയ്യപ്പെട്ട അമ്മമാരെയും ഭാര്യമാരെയും കുഞ്ഞുങ്ങളെയും പറ്റി ?
ഞാൻ അതെല്ലാം വായിച്ചിട്ടുണ്ട്. അതുകൊണ്ടാവണം, മണിപ്പൂരിലെ തെരുവുദൃശ്യം ഒരു മരവിപ്പോടെയാണ് കണ്ടത്. അത്ഭുതവും ഞെട്ടലുമൊന്നും ഇന്നില്ല. വർഗീയത എന്ന കാളകൂടവിഷം ഒരു നാട്ടിൽ കടഞ്ഞെടുത്താൽ അനന്തരഫലം ഇതല്ലാതെ മറ്റൊന്നുമല്ല. മാനവികതയുടെ ഒരു തരി പോലും അവശേഷിക്കാത്ത ഇത്തരം അനുഭവങ്ങളിലൂടെ മനുഷ്യസമൂഹങ്ങൾക്കു തന്നെ കടന്നുപോകേണ്ടിവരും. മണിപ്പൂരിലെ ജനത കഴിഞ്ഞ എത്രയോ മാസങ്ങളായി കടന്നുപോയ ഭീകരാനുഭവങ്ങളുടെ പരിണിതിയാണ് ഈ ദൃശ്യങ്ങൾ.

manipur horror

അറിയുന്നതനുസരിച്ച് ഒരു മാസം മുൻപാണ് ഇപ്പോൾ എല്ലാവരും കണ്ട ഈ തെരുവു ദൃശ്യം സംഭവിക്കുന്നത്. രണ്ട് നഗ്നകളാക്കപ്പെട്ട സ്ത്രീകളുടെ സ്വകാര്യസ്ഥലങ്ങളിൽ പിടിച്ചും ഞെരിച്ചും തെരുവിലൂടെ ഓടിക്കുന്ന ഈ ദൃശ്യത്തിന് പൊതുസ്ഥലത്തെത്താനും ചർച്ചയാവാനും ഒരു മാസം സമയം വേണം. ഇന്ത്യയിൽ, നാം പാർക്കുന്ന ഇന്ത്യയിൽ നടന്ന സംഭവമാണിതെന്ന് ഓർക്കണം. ലോകത്തേതു കോണിലും ഒരു പന്തിൽ പാദം സ്പർശിക്കുന്ന അതേനിമിഷം കാണാനാവുന്ന വിധം സാങ്കേതികവിദ്യ വളർന്ന കാലത്തിൽ ഇന്ത്യയിലെ ദാരുണമായ ഇത്തരമൊരു വാർത്തയുടെ സഞ്ചാരവേഗം ഒരു മാസമാണ്. ഇതിനർത്ഥം ഇതിലും ക്രൂരമോ ഇത്തരമോ ആയ സംഭവപരമ്പരകൾ മണിപ്പൂരിൽ നടന്നിട്ടുണ്ട് , നടന്നുകൊണ്ടിരിക്കുന്നു എന്നതാണ്. നാമതറിയില്ല. അറിഞ്ഞാലും പെട്ടെന്നു ഞെട്ടുന്നവർ അതിന്റെ കാര്യകാരണങ്ങളെ സ്പർശിക്കില്ല. ഈ സംഭവങ്ങളെക്കാളും ഒട്ടും നിസ്സാരമല്ലാത്ത ദുരന്തമായ സ്വാഭാവികവൽക്കരണം നമ്മളിൽ സംഭവിച്ചിരിക്കുന്നു എന്നതാണ് യഥാർത്ഥ്യം. എല്ലാ സംഭവങ്ങളും നമുക്ക് നൈമിഷികവും സ്മൃതിനിസ്സാരവുമായിത്തീർന്നിരിക്കുന്നു.

manipur horror

മണിപ്പൂരിൽ ഈ വർഗീയതയുടെ കാളകൂടം കലക്കിയതാരാണ്? മെയ്തികളും കുക്കി -നാഗ സമുദായങ്ങളും തമ്മിലുള്ള സംഘർഷങ്ങളെ ആളിക്കത്തിച്ചതാരാണ്? പോപ്പി കൃഷിക്കാരെ മുതൽ അഭയാർത്ഥികളെ വരെ കലാപകാരികൾക്ക് എറിഞ്ഞു കൊടുത്തതാരാണ്? രാജ്യത്തിന്റെ ഒരു വശം കത്തിയെരിയുമ്പോൾ അതിവൈകാരികമായ വാചകമടിയുടെ ചപ്പുചവറുകൾ കൊണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതാരാണ്?
ഇതെല്ലാം രാഷ്ട്രീയ ഹിന്ദുത്വഭരണകൂടമാണ് എന്നു പറയാൻ നിങ്ങൾക്കു നാവു പൊങ്ങാത്തിടത്തോളം നിങ്ങളുടെ ഞെട്ടലും തുള്ളൽപ്പനിയുമെല്ലാം വ്യാജമാണ് എന്നു പറയേണ്ടിവരും. ആറുമാസമായി കത്തിയെരിയുന്ന ഒരു സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിന് മറുപടി നൽകാനാവാത്ത ഭരണകൂടമാണ് ആ തെരുവിലൂടെ ഓടുന്ന സ്ത്രീകളുടെ പിറകേയോടുന്നവരേക്കാളും കുറ്റവാളികൾ . അവരുടെ കുറ്റകരമായ അനാസ്ഥയാണ് , അവരുടെ ക്രൂരമായ വർഗീയ ലാക്കാണ് , അവരുടെ ആസൂത്രിതമായ വംശ വിദ്വേഷമാണ് കാര്യങ്ങൾ ഇവിടെയെത്തിച്ചത്.
ജനാധിപത്യം വിവസ്ത്രമാക്കപ്പെട്ട രാഷ്ട്രം തീപിടിച്ച പുര പോലെയാണ്. രക്ഷപ്പെടാൻ പ്രാപ്തിയുള്ള മനുഷ്യരെല്ലാം ഈ തീ പിടിച്ച പുരയിൽ നിന്ന് ഓടി രക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു. നിസ്സഹായരായ മനുഷ്യരുടെ ജീവിതം ഇവിടെ ബാക്കിയാകും. ഭയം രാഷ്ട്ര രൂപം പൂണ്ട ഒരു ചുടലപ്പറമ്പായി നമ്മുടെ നാട് മാറണോ എന്നതാണ് നമുക്ക് മുന്നിലുള്ള ചോദ്യം.


Spread the love

Leave a Reply

Your email address will not be published. Required fields are marked *