എസക്കിയിൽ നിന്നും മണ്ണിലേക്കും മണ്ണിൽ നിന്ന് മാമന്നനിലേക്കും

Spread the love

അർ‍ജുൻ ഉണ്ണി

കമലിന്റെ ശക്തിവേൽ തേവരും നാസറിന്റെ മായനും പരസ്പരം ആക്രോശിച്ചു നിൽക്കുന്ന തേവർ മകനിലെ ഐക്കോണിക് സീനിന് സമാനമായ ഒരു രംഗമുണ്ട് ‘മാമന്നനി’ൽ, കമലിന്റെ സ്ഥാനത്ത് മീശ മുറുക്കി നിൽക്കുന്ന ഫഹദ് പക്ഷേ ശക്തിവേലിനെ പോലെ നന്മയുടെ ആൾരൂപമല്ല. ഫഹദിന് എതിരെ നിൽക്കുന്നതാകട്ടെ ‘തേവർ മകനി’ൽ കോവിലിന്റെ കതക് തുറന്നതിന്റെ പേരിൽ കയ്യ് നഷ്ടപ്പെട്ട ഇസക്കിയെ അവതരിപ്പിച്ച വടിവേലു ആണ്. അതാണ് മാമന്നനും മാരിയും പറയുന്ന രാഷ്ട്രീയം. മന്നന്മാരുടെ മന്നൻ അഥവാ ചക്രവർത്തി അതാണ് മാമന്നൻ എന്ന വാക്കിന്റെ അർത്ഥം. റഹ്മാന്റെ രാജകീയമായ പശ്ചാത്തല സംഗീതത്തിൽ ആ ടൈറ്റിലും പിന്നീട് സ്‌ക്രീനിൽ വടിവേലുവും പ്രത്യക്ഷപ്പെടുന്നതോടെ മാരി ഒരു ഗംഭീര കാരക്ടർ ആർക്കിന് തുടക്കമിടുന്നു.

thevar magan

സിനിമയിൽ വടിവേലു അവതരിപ്പിക്കുന്ന മാമന്നൻ ഒരു എംഎൽഎ ആണ്. അയാളുടെ കയ്യിൽ മുൻപേ തന്നെ അധികാരമുണ്ട്. പാർശ്വവത്കരിക്കപ്പെട്ടവരുടെ കഥ പറയുമ്പോൾ പൊതുവെ കാണാറുള്ള മുന്നേറി വരാനുള്ള ഒരു സ്ട്രഗിൾ ഇങ്ങനെ ഒരു പദവിയിൽ ഇരിക്കുന്ന മാമന്നന് ഇല്ല. അയാളുടെ നിലപാടുകളും ശ്രദ്ധേയമാണ്, തന്റെ മുൻപിൽ നിൽക്കുന്ന മകന്റെ സഹപാഠികളോട് ഇരുന്ന് സംസാരിച്ചു പഴകാൻ അയാൾ ഉപദേശിക്കുന്നുണ്ട്, ആദ്യരംഗങ്ങളിൽ ഒന്നിൽ. ‘ഉയർന്ന ‘ ഒരു പദവിയിൽ ഇരിക്കുന്ന കൃത്യമായ രാഷ്ട്രീയ ബോധമുള്ള ഒരു കഥാപാത്രത്തെ തുടക്കത്തിൽ തന്നെ അവതരിപ്പിക്കുമ്പോൾ ഇനി മാരിയുടെ അപ്രോച് എന്താവും എന്നറിയാനുള്ള കൗതുകം ഇവിടെ നിന്ന് ആരംഭിക്കും. ഇരുന്ന് ശീലിക്കാൻ പുതിയ തലമുറയെ ഉപദേശിക്കുന്ന ഇതേ മാമന്നൻ പിന്നീട്, ‘ഉന്നതകുലജാത’നും തന്റെ പാർട്ടിയുടെ ജില്ലാ അധ്യക്ഷനുമായ ഫഹദ് ഫാസിലിന്റെ രത്നവേലുവിന്റെ മുൻപിൽ ഇരിക്കാൻ മടിക്കുന്നുണ്ട്. അയാൾ എംഎൽഎ ആവുന്നതിന് മുൻപുള്ള ഒരു ഫ്ലാഷ്ബാക് സീനിൽ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്ന തന്റെ തലമുറയ്ക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കാതെ നിസ്സഹായനായി നിന്നുപോകുന്ന ഒരു ഷോട്ട് ഉണ്ട്. ആ സീനിൽ രത്നവേലുവിന്റെ അച്ഛൻ അയാളെ മാമന്നൻ എന്നല്ല ‘മണ്ണ് ‘ എന്നാണ് അഭിസംബോധന ചെയ്യുന്നത്. വർഷങ്ങൾക്കിപ്പുറവും അയാൾ രത്നവേലുവിന് മുന്നിൽ അതേ മണ്ണ് തന്നെയാണ്. തന്റെ അവകാശങ്ങൾ ഔദാര്യമാണെന്ന തലമുറകൾക്ക് മുൻപേ മാമന്നൻ എന്ന മണ്ണിൽ അടിയുറച്ചുപോയ ആ വിശ്വാസത്തിലാണ് മാരി സെൽവരാജ്ന്റെ കാരക്ടർ ആർക്കിന്റെ ആദ്യഘട്ടം പൂർണമാവുന്നത്. മാമന്നന്റെ ഈ അടിമബോധത്തോടുള്ള മകൻ അതിവീരന്റെ എതിർപ്പിലൂടെയാണ് മന്നന്റെ കാരക്ടർ പിന്നീട് പിന്നീട് വികസിക്കുന്നത്. നിവർന്നു നിൽക്കൽ അവകാശമാണെന്ന അയാളുടെ തിരിച്ചറിവിൽ നിന്ന് കഥ മാമന്നനും രത്നവേലുവും തമ്മിലുള്ള നേർക്കുനേർ രംഗങ്ങളിലേക്കും മികച്ചൊരു റെസല്യൂഷ്യനിലേക്കും വഴിതെളിക്കുന്നു.

ബ്രില്ല്യന്റ് ആയ ഡ്രമാറ്റിക്, സിംബോളിക് സീനുകൾ ഒരുപാടുണ്ട് സിനിമയിൽ. എന്നാൽ അവ അടുക്കിവെക്കുന്നതിനിടയിൽ അപൂർണമായിപോവുകയും പാളിപ്പോവുകയും ചെയ്ത, എഡിറ്റിങ് റൂമിൽ കളയേണ്ടിയിരുന്ന ചില രംഗങ്ങൾ ഇന്റർവെല്ലിന് ശേഷം ചിത്രത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നുമുണ്ട്. പരിയേറും പെരുമാളിൽ കറുപ്പി എന്ന നായയാണ് നായകനെ സിംബോലൈസ് ചെയ്യുന്നത്. കർണനിൽ തേരട്ട മുതൽ കഴുത വരെ ഇങ്ങനെ അസംഖ്യം സിംബലുകൾ ഉണ്ട്. ഇവിടെ പക്ഷേ നായകനെയും പ്രതിനായകനെയും പ്രതിനിധീകരിക്കാൻ മൃഗങ്ങളുണ്ട്. രത്നാവേലുവിനെ റെപ്രസന്റ് ചെയ്യുന്നത് അയാൾ വളർത്തുന്ന വേട്ടനായ്ക്കളാണ്. തനിക്കു കീഴെ ഉള്ളവരെയെല്ലാം അയാൾ ഈ നായ്ക്കളുമായാണ് താരതമ്യം ചെയ്യുന്നതും ( പരിയേറും പെരുമാളിലെ സിമ്പലും ഡയലോഗും ഇതോടൊപ്പം ചേർത്ത് വായിക്കാം.). പാർശ്വവത്കരിക്കപ്പെട്ട അതിവീരനെ റെപ്രസന്റ് ചെയ്യാൻ അയാൾ വളർത്തുന്ന പന്നിയെയാണ് മാരി ഉപയോഗിച്ചിരിക്കുന്നത് (നാഗരാജ് മഞ്ജുളെ ആയിരിക്കാം ഒരുപക്ഷേ അദ്ദേഹത്തിന്റെ ഇൻസ്പിറേഷൻ. ഇരുവരുടെയും ഇൻട്രോഡക്ഷൻ ഷോട്ടുകൾ മുതൽ കക്ളൈമാക്സ് വരെ ഈ മൃഗങ്ങളെ സംവിധായകൻ കൃത്യമായി, പ്രേക്ഷകന് മനസ്സിലാകും വിധം സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. അതിൽ ഉദയുടെ അതിവീരനെ റെപ്രസന്റ് ചെയ്യുന്ന പന്നിക്ക് ഓരോ ഘട്ടത്തിലുമുണ്ടാവുന്ന മാറ്റങ്ങളും, അതുൾപ്പെടുന്ന റിയലും സർറിയലുമായ റെപ്രസന്റേഷനുകളും അതിഗംഭീരമാണ്. “Never wrestle with pigs. You both get dirty and the pig likes it.” ( പന്നികളോട് ഒരിക്കലും മല്ലിടരുത്, രണ്ടുപേരുടെ ദേഹത്തും ചെളി പുരളും, പന്നി മാത്രം അത് ആസ്വദിക്കും) എന്ന പ്രസിദ്ധമായ ഉദ്ധരണിയുടെ മറ്റൊരു കോണിൽ നിന്നുള്ള അവതരണമായും ഇതിനെ കാണാം.

Maamannan

അതിവീരന്റെ പൊള്ളുന്ന അനുഭവങ്ങളും അതിജീവനവും സംവിധായകൻ പറഞ്ഞു പോകുന്നതും ഇത്തരം സിംബോളിക് സീനുകളിലൂടെയാണ്. കുന്നിൻമുകളിലേക്ക് ഭയചകിതനായി ഓടുന്ന വീരന്റെ ലോങ് ഷോട്ട് പ്രാണരക്ഷാർത്ഥം ഓടുന്ന പന്നിയുടെ ലോങ് ഷോട്ടിനു ശേഷം കാണുന്നതും. ഒരിക്കൽ ക്രൂരമായി ആക്രമിക്കപ്പെട്ട പോലൊരു സ്ഥലത്ത് പിന്നീട് വളരെ ഉയരത്തിൽ നിൽക്കുന്നതുമൊക്കെ അവയുടെ പ്ളേസിങ് കൊണ്ടും അതിന്റെ ഗ്രേഡിങ് കൊണ്ടും മികച്ചു നിൽക്കുന്നു. കർണനിലെ കാട്ടു പേച്ചി പോലൊരു നാട്ടു ദൈവം ഇവിടെയുമുണ്ട്, അതിവീരനും മാമന്നനും തമ്മിലെ അഭിപ്രായ വ്യത്യാസത്തിന്റെ തുടക്കം കാണിക്കുമ്പോൾ ആ ലിങ്ക് വ്യക്തമായി കാണാം. വാളേന്തി നിൽക്കുന്ന വീരനും സ്വപ്നത്തിൽ വരുന്ന ആശാനും ഒക്കെ ഇതുപോലെ മികച്ച രീതിയിൽ സിംബോളിസം വർക്ക് ചെയ്ത സീനുകൾ ആണ്. അതിവീരനും അമ്മയും തമ്മിലുള്ള കണക്ഷനും, ലീല അതിവീരന് നൽകുന്ന പിന്തുണയും, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അതിവീരൻ എല്ലാം മറന്ന് നൃത്തം ചെയ്യുന്നിടത്തുമെല്ലാ ഡ്രാമയും നന്നായി ആളുകളിലേക്ക് കണക്റ്റ് ചെയ്യാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

മേൽ പറഞ്ഞ രംഗങ്ങളൊക്കെ മികച്ചു നിന്നാലും ഇന്റർവെൽനു ശേഷമുള്ള രംഗങ്ങളിൽ പതിയെ സിനിമ ആദ്യരംഗങ്ങൾ ഉയർത്തിയ പ്രതീക്ഷ നിലനിർത്തുന്നില്ല എന്ന് പറയേണ്ടി വരും. മാരിയുടെ കാടുകയറിയ, മൂർച്ചയുള്ള ചിന്തകളെ പൂർണ്ണമായും തിരക്കഥയിലേക്ക് കൊണ്ടുവരാനോ കൺവിൻസിംഗ് ആയി ചിത്രീകരിക്കാനോ കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന് ഫഹദും ഭാര്യയും തമ്മിലുള്ള ഒരു സെഗ്മെന്റ് ഉണ്ട്, അതിന്റെ തുടർച്ച കാണിക്കാനോ അത് വ്യക്തമാക്കാനോ സംവിധായകൻ ശ്രമിച്ചിട്ടില്ല. അതുപോലെ, ആശാനും അതിവീരനും തമ്മിലുള്ള കണക്ഷനും അതുണ്ടാക്കുന്ന ഇമ്പാക്ട് ന്റെ സാധ്യതകളെ കൃത്യമായി ഉപയോഗിച്ചിട്ടില്ല. എഴുത്തിലെ ഈ പാളിച്ചകൾ മൂലം ക്ലൈമാക്സിലെ ഇമോഷൻ ആളുകളിലേക്ക് എത്തുന്നില്ല. ഔട്ട് ആൻഡ് ഔട്ട് കോമർഷ്യൽ ചേരുവകൾ ചേർത്ത് ഓരോ സീനും പ്രെഡിക്ടബിൾ ആയ കർണൻ പോലും പ്രേക്ഷകരെ അവസാന രംഗങ്ങളിൽ എൻഗേജ്‌ ചെയ്യിച്ചിട്ടുണ്ട്. ഇന്റർവെല്ലോടുകൂടെ തന്നെ മാമന്നൻ പൂർണത കൈവരിക്കുമ്പോൾ പിന്നീടങ്ങോട്ട് അഭിനേതാക്കളുടെ പ്രകടനം മാത്രമാണ് പലയിടത്തും സിനിമയെ താങ്ങി നിർത്തുന്നത്. അതേപോലെ

പ്രകടനങ്ങളിൽ വടിവേലുവിന്റെ മാമന്നൻ തന്നെ മുന്നിൽ നിൽക്കുന്നു. കോമേഡിയനായി, രജനി മുതൽ സുന്ദർ സി വരെയുള്ളവരുടെ പരിഹാസവും അടിയുമേറ്റ് വാങ്ങുന്ന ‘ഒതുക്കപ്പട്ട’ വടിവേലു നായകനായി എത്തുന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ‘തേവർ മകനി’ൽ ഇതേ വടിവേലു അവതരിപ്പിച്ച എസക്കി തങ്ങളുടെ ‘രക്ഷകരാ’യ ചിന്ന തേവരുടെയും പെരിയ തേവരുടെയും പക്ഷമാണ്. അവർക്ക് വേണ്ടി കൈ നഷ്ടപ്പെടുമ്പോൾ പോലും അയാൾക്ക് സങ്കടമില്ല. പൂട്ടി കിടന്ന കോവിലിന്റെ കതക് തുറന്നതിനാണ് എസക്കിയുടെ കൈ വെട്ടുന്നത്. ആ കതക് തുറന്നത് ചിന്ന തേവർ ആയിരുന്നെങ്കിലോ, കുറച്ചുകൂടെ വ്യക്തമാക്കിയാൽ വടിവേലുവിന് പകരം കതക് തുറന്നത് കമൽ ആയിരുന്നെങ്കിൽ ആ സിനിമയുടെ കമലിന്റെ കൈ വെട്ടുപ്പെടുമായിരുന്നോ? ഇല്ല, എന്നാണ് ഉത്തരം. ഇനി തേവർ പരമ്പരക്ക് പകരം നാട്ടിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് എസക്കിയെ പോലെ ഒരാൾ ആണെങ്കിൽ അയാൾ ബഹുമാമിക്കപ്പെടുമോ?, ആ ചോദ്യത്തിനുള്ള ഉത്തരമാണ്, മാമന്നൻ എപ്പോഴും ‘മണ്ണാ’യി നിന്നുകൊള്ളണം എന്ന തിട്ടൂരത്തോട്ടുള്ള പ്രതികരണമാണ് ഈ സിനിമ. എസക്കിക്കും മണ്ണിനും ജനാധിപത്യ/രാഷ്ട്രീയ ബോധം വരുമ്പോഴാണ് അവർ മാമന്നൻമാരാവുന്നത്.

vadivelu

തമിഴ്നാട് മന്ത്രിസഭയിലെ മന്ത്രിയും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ തന്നെയാണ് ചിത്രം നിർമിച്ചു അതിവീരന്റെ വേഷം ചെയ്തിരിക്കുന്നത്. അധികാരത്തിൽ ഇരിക്കുന്ന സമയത്ത് ഇങ്ങനെയൊരു സിനിമ നിർമിച്ചു എന്നതും അതിൽ ടൈറ്റിൽ കാർഡ് മുതൽ ഈഗോ ഇല്ലാതെ നിന്നു എന്നതും അയാളുടെ രാഷ്ട്രീയ ബോധത്തിന്റെ തെളിവാണ്. അഭിനയത്തിൽ പക്ഷേ തന്റെ പരിമിതികൾ മറികടക്കാൻ ഉദയ്ക്ക് സാധിച്ചില്ല എന്നുതന്നെ പറയേണ്ടി വരും. ഫഹദ് ഫാസിൽ കഥാപാത്രത്തിന് ആവശ്യപ്പെടുന്ന തരത്തിൽ ബിഹേവ് ചെയ്യുന്നു എന്നതൊഴിച്ചാൽ സോഷ്യൽ മീഡിയയിൽ കൊട്ടിഘോഷിക്കുന്ന തരത്തിലുള്ള ഒരു കൊടൂര, ഗംഭീര, ഔട്ട്‌ ഓഫ് ദി ബോക്സ് പ്രകടനം അല്ല. ഫഹദ്ന്റെ കഥാപാത്രം ഇനിയും ഡിമാൻഡ് ചെയ്തിരുന്നു എന്നതാണ് സത്യം. കീർത്തി സുരേഷിന്റെ ലീല മെയിൻ കോണ്ഫ്ളിക്ട്നു കാരണമാകുന്നു എന്നതൊഴിച്ചാൽ സിനിമയിൽ മറ്റൊന്നും ചെയ്യുന്നില്ല, എന്നാൽ അതൊരു മോശം കഥാപാത്രവുമല്ല.

കഴിഞ്ഞ രണ്ട് മാരി ചിത്രങ്ങളിലെയും സന്തോഷ്‌ നാരായണൻ ഈണമിട്ട ഗാനങ്ങൾ ഹിറ്റ്ചാർട്ടിൽ ഇടം പിടിച്ചവയാണ്. എന്നാൽ, ഇത്തവണ സാക്ഷാൽ എ ആർ റഹ്‌മാനാണ് മാരിക്കൊപ്പം. സിനിമ പറയുന്ന വിഷയമെന്തെന്ന ഉത്തമബോധ്യത്തോടെയാണ് റഹ്‌മാൻ ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പശ്ചാത്തല സംഗീതമാണ് പാട്ടുകളെക്കാൾ മികച്ചു നിൽക്കുന്നത്. മാരിയുടെയും മാമന്നന്റെയും ലോകത്തേക്ക് റഹ്‌മാൻ പൂർണമായും ഇറങ്ങിചെല്ലുന്നതും പശ്ചാത്തലസംഗീതത്തിലൂടെയാണ്. യുഗഭാരതിയുടെ വരികളിൽ ഏറ്റവും ഇഷ്ടമായത് വടിവേലു തന്നെ ആലപിച്ച റാസ കണ്ണ് ആണ്. തേനി ഈശ്വറിന്റെ ചായഗ്രഹണവും ഗംഭീരമാണ്. പ്രത്യേകിച്ചും അതിവീരന്റെ സ്വപ്നാടന രംഗങ്ങളൊക്കെ. ക്രോസ് കട്ടിങ് ഉപയോഗിച്ച രംഗങ്ങളിലൊക്കെ എഡിറ്റിങ് തിരക്കഥക്കൊപ്പം സഞ്ചരിച്ചെങ്കിലും നേരത്തെ സൂചിപ്പിച്ച എഡിറ്റ് ചെയ്തു കളയാവുന്ന ധാരാളം രംഗങ്ങൾ സിനിമയിലുണ്ട്.

സിനിമ കണ്ടു കഴിയുമ്പോൾ ഇനിയും എന്തൊക്കെയോ ബാക്കി ഉണ്ടെന്ന തോന്നലാണ് മാമന്നൻ ബാക്കിവെക്കുന്നത്. അതിനർത്ഥം ഇതൊരു മോശം സിനിമ ആണെന്നല്ല, ഒരു ഭേദപ്പെട്ട പൊളിറ്റിക്കൽ സിനിമ തന്നെയാണ്, വടിവേലുവിനൊരു ട്രിബ്യൂട്ട് ആണ് പക്ഷേ ഇതിലുമെത്രയോ മികച്ചു നിൽക്കാൻ സാദ്ധ്യതകൾ ഉണ്ടായിരുന്നൊരു സിനിമ കൂടിയാണ്.

arjun unni

അർ‍ജുൻ ഉണ്ണി

നിലവിൽ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡേസിനോവ
എന്ന ​കമ്പനിയിൽ Content Writer ആയി പ്രവർത്തിക്കുകയാണ്.

whatsapp

Spread the love

Leave a Reply

Your email address will not be published. Required fields are marked *