ആദിവാസി യുവാവിന്റെ മുഖത്തേക്ക് മൂത്രമൊഴിക്കുന്ന സംഘപരിവാർ പ്രവർത്തകന്റെ വീഡിയോ വൈറലായതോടെ ചില തലോടൽ പരിപാടികളുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ രംഗത്തിറങ്ങിയിരിക്കുകയാണ്. ബിജെപി പ്രവർത്തകനാൽ അപമാനിതനായ ദശ്മത് റാവത്തിന്റൈ കാൽകഴുകി, മുഖ്യമന്ത്രി മാപ്പപേക്ഷിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അതോടൊപ്പം കുറ്റവാളിയുടെ അനധികൃത കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്ന ചിത്രവും ഔദ്യോഗിക അനുമതിയോടെ പുറത്തുവിട്ടിട്ടുണ്ട്. ആസന്നമായ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ട്, ജനസംഖ്യയിൽ 21 ശതമാനത്തിന് മുകളിൽ വരുന്ന ആദിവാസി ഗോത്ര വിഭാഗങ്ങളെ അനുനയിപ്പിക്കാനുള്ള തന്ത്രം മാത്രമാണ് ഈ കാൽകഴുകൽ നടപടിക്ക് പിന്നിലെന്നത് പകൽപോലെ വ്യക്തമായ കാര്യമാണ്.

മധ്യപ്രദേശ് അടക്കമുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ആദിവാസികൾ അനുഭവിക്കുന്ന ഏറ്റവും അടിസ്ഥാന വിഷയം ഭൂമിയുമായി ബന്ധപ്പെട്ടതാണ്. ഈ വിഷയത്തെ അഡ്രസ്സ് ചെയ്യാൻ ഗവൺമെന്റുകൾ തയ്യാറാകാത്തതുകൊണ്ടുതന്നെ ആദിവാസി ജനതയുടെ സാമൂഹ്യ-സാമ്പത്തിക പിന്നോക്കാവസ്ഥ അതേപടി തുടരുകയാണ്. ആദിവാസി ഭൂമി വൻകിട വികസന പ്രവർത്തനങ്ങൾക്കായി, നിലവിലുള്ള എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടുതന്നെ, കോർപ്പറേറ്റുകൾക്ക് അനുവദിച്ചുകൊടുക്കുന്നതിൽ യാതൊരു വൈമുഖ്യവും കാട്ടാത്തവരാണിവർ.അതിനുപുറമെ, ആദിവാസി മേഖലയിൽ അധികാരികളുടെ ഒത്താശയോടെ
പല തരത്തിലുള്ള കയ്യേറ്റങ്ങളും പതിറ്റാണ്ടുകളായി നടന്നുവരുന്നുണ്ട്. കേസിൽപ്പെട്ടുകിടക്കുന്ന ലക്ഷക്കണക്കിന് ഹെക്ടർ ഭൂമി ആദിവാസികളുടേതായുണ്ട് എന്നതാണ് വസ്തുത. ഇക്കാര്യത്തിൽ അതത് സംസ്ഥാന സർക്കാരുകളുടെ മനോഭാവം ആദിവാസി വിരുദ്ധമാണെന്ന് കാണാം.
മധ്യപ്രദേശിന്റെ മാത്രം ഉദാഹരണം കാണുക.
കേന്ദ്ര ഭൂവിഭവ വകുപ്പിന്റെ (land resource department) കണക്കനുസരിച്ച് മധ്യപ്രദേശിൽ മാത്രം 53,000ത്തിലധികം കേസുകൾ കോടതിയുടെ പരിഗണനയിലാണ്. ഏതാണ്ട് 1,60,000 ഏക്കർ ഭൂമിയാണ് ആദിവാസികളുടേതായി കേസിൽ കുരുങ്ങിക്കിടക്കുന്നത്. ഇനി രാജ്യത്തെ പൊതു അവസ്ഥ കൂടി കാണുക;
12 സംസ്ഥാനങ്ങളിലെ വിവിധ കോടതികളിലായി 5,06,307 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്ര ഭൂവിഭവ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. 9,02,417 ഏക്കർ ആദിവാസി ഭൂമി ഈ രീതിയിൽ കേസിൽ അകപ്പെട്ടു കിടക്കുകയാണ്. ഇവയിൽ 2,25,343 കേസുകൾ ആദിവാസികൾക്കനുകൂലമായി വിധിക്കുകയുണ്ടായി (5,00,376 ഏക്കർ). 1,99,000 കേസുകൾ കോടതികൾ തള്ളിക്കളഞ്ഞു (4.11 ലക്ഷം ഏക്കർ ഭൂമി) (Xaxa committee report, 2014). കോടതി അനുകൂലമായി വിധിച്ച കേസുകളിൽപ്പോലും ആത്യന്തികമായി ഭൂമിയുടെ അവകാശം ആദിവാസികളുടെ കൈകളിലേക്കെത്തിപ്പെടാത്ത നിരവധി സംഭവങ്ങളുണ്ട്. നിയമം നടപ്പിലാക്കേണ്ട പോലീസ് സംവിധാനം ഭൂവുടമസ്ഥരുടെയും വട്ടിപ്പലിശക്കാരുടെയും സഹായത്തിനെത്തുന്നതാണ് ഇതിനുകാരണം. കോടതികളിൽ എത്താത്ത കേസുകളുടെ എണ്ണം എത്രയോ വരും. നിയമപരമായി ഇത്തരം കേസുകളിൽ ആദിവാസികളെ സഹായിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും അത്തരം കേസുകൾ ഏറ്റെടുക്കാൻ വക്കീൽമാർ തയ്യാറാക്കത് ആദിവാസികളുടെ ഭൂമി എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. സർക്കാർ അനുവദിക്കുന്ന നിയമസഹായ ഫണ്ട് വളരെ കുറഞ്ഞതാണ് എന്നതാണ് വക്കീൽമാരെ പിന്തിരിപ്പിക്കുന്ന ഘടകം.
കാൽകഴുകൽ, കെട്ടിപ്പിടിക്കൽ, ഒരിലയിൽ ഊണ് തുടങ്ങിയ കലാപരിപാടികൾക്കപ്പുറത്ത് ആദിവാസികളുടെ യഥാർത്ഥ പ്രശ്‌നങ്ങളിലേക്ക് കടക്കാൻ ഇവർ തയ്യാറാകുമെന്ന് തോന്നുന്നില്ല.