കേരളത്തിൻറെ മൺസൂൺ മഴക്കാലം ഒരു പ്രതിസന്ധിയായി മാറിയിരിക്കുകയാണ്

Spread the love

ഫഹദ് മർസൂക്ക്

കഴിഞ്ഞ 123 വർഷത്തെ രേഖപ്പെടുത്തപ്പെട്ട മഴ ചരിത്രത്തിൽ ഏറ്റവും മോശം ജൂൺ മാസങ്ങളിൽ ഒന്നാണ് ഇന്ന് കഴിയുന്നത്. മൺസൂൺ മഴക്കാലത്തെ ഏറ്റവും പ്രധാന മഴ മാസങ്ങളിൽ ഒന്നാണ് ജൂൺ. നമ്മുടെ ദീർഘകാല ശരാശരി അനുസരിച്ച് 648.3 മില്ലിമീറ്റർ മഴ ലഭിക്കേണ്ട മാസമാണ് ജൂൺ (ഏറ്റവും കൂടുതൽ മഴ കിട്ടുന്നത് ജൂലൈയിലാണ്. 653.4 മില്ലിമീറ്റർ മഴയാണ് ജൂലൈ മാസത്തിൽ കേരളത്തിലെ ദീർഘകാല ശരാശരി). പ്രാധാന്യം കുറച്ചു കൂടി മനസ്സിലാവാൻ ഇതിനെ മറ്റൊരു തരത്തിൽ പറയാം.

കേരളത്തിൽ ഒരു വർഷം ലഭിക്കുന്ന ആകെ മഴയുടെ 23% മഴയും ലഭിക്കുന്ന മാസമാണ് സാധാരണ നിലയിൽ ജൂൺ മാസം. എന്നാൽ 2023 ജൂൺ മാസത്തിൽ നമുക്ക് ആകെ ലഭിച്ചത് 260.3 മില്ലിമീറ്റർ മഴ മാത്രമാണ്. 60% എന്ന അതിഭീകരമായ മഴ കുറവ്! വയനാട്, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ 70% ത്തിലധികം മഴക്കുറവാണ് രേഖപ്പെടുത്തപ്പെട്ടത്. 123 വർഷത്തെ കാലാവസ്ഥ വകുപ്പിൻറെ മഴക്കണക്കിന്റെ ചരിത്രം നോക്കിയാൽ 1976 (196.4 mm), 1962 (244.9 mm) എന്നീ വർഷങ്ങൾ കഴിഞ്ഞാൽ ഏറ്റവും മഴ കുറവ് രേഖപ്പെടുത്തപ്പെട്ട വർഷമായി 2023 ജൂൺ മാറുകയാണ്. കാസറഗോഡ് 1962 (357.5 mm), 2023 (379.6 mm), തൃശൂർ 1976 (219.8 mm), 2023 (285.4 mm), കോഴിക്കോട് 1976 (215.4 mm), 2023 (229.0 mm), മലപ്പുറം 1976 (186.3 mm), 2023 (230.2 mm), പാലക്കാട് 1976 (119.4 mm), 2023 (153.6 mm) എന്നീ ജില്ലകളിൽ മഴക്കുറവിൻറെ ചരിത്രത്തിൽ രണ്ടാം സ്ഥാനം നേടിയ വർഷമായി 2023 ജൂൺ. ഇടുക്കിയിലും വയനാടും ഏറ്റവും മഴ കുറവുള്ള ജൂൺ മാസങ്ങളുടെ ചരിത്രത്തിലെ മൂന്നാം സ്ഥാനത്തുമാണ് 2023.

rainy season in kerala

2023 മഴക്കാല സീസൺ എങ്ങനെ അവസാനിക്കുമെന്നത് പ്രവചനാതീതമാണ്. സീസണിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അവരുടെ മെയ് മാസത്തിലെ സീസണൽ പ്രവചനത്തിൽ പറഞ്ഞിരുന്നത്. ഇന്ന് പുറത്തിറക്കിയ ജൂലൈ മാസത്തെ പ്രവചനത്തിൽ വ്യക്തമാക്കുന്നത് ജൂലായിൽ കേരളത്തിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ്. ജൂണിലെ മഴ കുറവ് ജൂലൈ മാസത്തിൽ നികത്തുമോ എന്നാണ് ഇനി കാണേണ്ടത്? അങ്ങനെ സംഭവിക്കുക ആണെങ്കിലും ബുദ്ധിമുട്ടാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മഴ പെയ്യുന്നതാണ് ദുരന്തങ്ങളുണ്ടാക്കുന്നത്. ഇനിയും മഴ കുറഞ്ഞാൽ വരും വേനലിൽ കനത്ത വരൾച്ചയെ അഭിമുഖീകരിക്കേണ്ടി വരും. അതിതീവ്ര സ്വഭാവത്തിൽ മൊത്തം മഴയും പെയ്താൽ ദുരന്തങ്ങളുമുണ്ടാകും. 2019 ൽ ജൂൺ-ജൂലൈ മഴ കുറയുകയും പിന്നീട് ആഗസ്റ്റിൽ അതിതീവ്ര മഴ വഴി ഉരുൾപൊട്ടലും പ്രളയവും ഉണ്ടാകുന്ന സാഹചര്യമുണ്ടായി. ഏതായാലും കേരളത്തിൻറെ മൺസൂൺ മഴക്കാലം ഒരു പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.


Spread the love

Leave a Reply

Your email address will not be published. Required fields are marked *