ആശ റാണി
വർഷങ്ങൾക്ക് മുമ്പ് ഒരു സത്യൻ അന്തിക്കാട് ഓണദിന ഇന്റർ വ്യു, മഴവിൽകാവടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ദിനങ്ങൾ ഓർക്കുകയാണ് പ്രസ്തുതൻ. അന്നും ഒരു പൊന്നാവണി തിരുവോണമായിരുന്നത്രെ. ഷൂട്ടിങ്ങ് മാറ്റി വയ്ക്കാൻ സാധിക്കില്ല. ടെെറ്റ് ഷെഡ്യൂളാണ്, അന്ന് എടുക്കേണ്ട സീൻ ഒടുവിൽ ഉണ്ണികൃഷ്ണനും ഇന്നസെന്റും ഒക്കെയുളള ഒരു സീനാണ്. ഉണ്ണികൃഷ്ണന് അതിൽ ചെത്തുകാരന്റെ വേഷമാണ്. കളളിന്റെ കുടവും മറ്റ് ചെത്താനുളള ഉപകരണങ്ങളുമായി ചെത്തുകാരന്റെ കോസ്റ്റ്യൂമിൽ തെങ്ങിന്റെ മുകളിലിരിക്കുന്ന സീനാണ് ഒരെണ്ണം . ഒടുവിൽ ഉണ്ണികൃഷ്ണനെ പോലെ ഒരാളെ ഓണദിനത്തിൽ ചെത്തുകാരന്റെ വേഷം കെട്ടിച്ച് തെങ്ങിൽ കയറ്റുന്ന സീനെടുത്തതിന് സത്യൻ അന്തിക്കാടിന് അതീവ കുണ്ഠിതമുണ്ട്. എന്താണ് കാര്യം എന്ന് ചോദിച്ചാൽ ചെത്ത് ഒരു നീചകുല തൊഴിലാണല്ലോ.
നല്ലൊരു ദിവസമായിട്ട് അത്തൊരം ഒരു സീനിൽ ഉണ്ണികൃഷ്ണനെ അഭിനയിപ്പിച്ചത് ശരിയായില്ല അദ്ദേഹം ആ സ്മരണ ദുഖത്തോടെ പങ്കിടുകയാണ് സുഹൃത്തുക്കളെ പങ്കിടുകയാണ്. ഇനി ഓണദിനത്തിൽ ശ്രീകോവിലിൽ നിന്ന് പൂജിച്ച് ഇറങ്ങി വരുന്ന ഒരു പൂജാരി വേഷമാണെങ്കിൽ ഈ പറഞ്ഞ അന്തിക്കാടിന് ഇത്രമാത്രം കുണ്ഠിതം തോന്നില്ല. കാരണം മറ്റൊന്നുമല്ല അദ്ദേഹത്തിന്റെ നന്മ നാറുന്ന ഗ്രാമീണ സങ്കല്പത്തിലെ അത്യൂഗ്രൻ സീനാകും ആ ദിവസം എടുത്തത്,അത് വേണെമെങ്കിൽ ഓണദിനത്തിൽ ഒടുവിൽ ഉണ്ണികൃഷ്ണന് കിട്ടിയ സുകൃതമായി അദ്ദേഹം കണക്കാകും. ഇനി അത് ചെണ്ട കൊട്ടുന്ന മാരാറായാലും ,കല്പാത്തി തേര് വലിക്കുന്ന വെങ്കിടിയായാലും ഇനി പോട്ടെ നെല്പാടത്ത് കുടയും ചൂടി പോകുന്ന ശശിതരൂർ സ്റ്റെെൽ നായർ കോസ്റ്റ്യൂം ഇട്ട കാര്യസ്ഥൻ സീനായാലും കുഴപ്പമില്ല ഇത്തരം ദുഖമുണ്ടാകില്ല. That director knows well how caste work in this progressive malayalee society. ഇത് പറഞ്ഞാൽ അയാളുടെ പുരോഗമനത്തിനോ ഗ്രാമീണ നന്മക്കോ യാതൊരു കോട്ടവും ഇവിടെ സംഭവിക്കില്ല.
അതൊക്കെ കഴിഞ്‍ഞു കാലം കുറെ ആയില്ലെ .. പക്ഷെ
2023 മറ്റൊരു ഇന്റർവ്യൂ.
‘പൊന്മുട്ടയിടുന്ന താറാവ്’ എന്ന അന്തിക്കാടൻ സിനിമയുടെ ആദ്യ പേര് ‘പൊന്മുട്ടയിടുന്ന തട്ടാൻ’ വിവാദങ്ങളെ തുടർന്ന് മാറ്റിയതിനെ പറ്റിയാണ്. വിവാദം അനാവശ്യമായിരുന്നു എന്നും അന്തിക്കാട് വിചാരിക്കാത്ത തരത്തിലാണ് അത് വ്യഖ്യാനിച്ചതെന്നും, തട്ടാൻ എന്ന് ഉദ്ദേശിക്കുന്നത് സൂര്യനെ ആണന്നുമാണ് പുളളി വാദിച്ചത് (ഇവിടെയൊക്കെ നന്മനാറുന്നത് ആവിഷ്കാര സ്വാതന്ത്ര്യവുമായി കുഴച്ച് വായിക്കണം.) താറാവുകൾ വിവാദമുണ്ടാക്കില്ല എന്ന ഉറപ്പിലാണ് പേര് പിന്നീട് ‘പൊന്മുട്ടയിടുന്ന താറാവ് ‘ എന്നാക്കി മാറ്റിയതെന്ന് പുളളി പറയുന്നു. അന്ന് സാംസ്കാരിക കേരളം മുഴുവൻ ‘തട്ടാൻ’ എന്ന പേര് വിവാദമാക്കിയ ആളുകളെ പരമപുച്ഛത്തോടെ നോക്കിക്കാണും ഉറപ്പാണ്.
ഇനി സിനിമ നോക്കു, തട്ടാൻ ഭാസ്കരൻ ഭാസ്കരനെ പ്രേമിക്കുകയും മുതലെടുക്കുകയും ചെയ്യുന്ന സ്നേഹലത, സ്നേഹലതയുടെ കളളക്കളിക്ക് കൂട്ടു നിൽക്കുന്ന പണിക്കരും ഭാര്യയും. സ്നേഹലതയെ പത്തുപവന്റെ മാലകൊടുത്ത് വഞ്ചിച്ച കാര്യം ഭാസ്കരൻ പറയുമ്പോൾ ‘തട്ടാൻ തട്ടി’ എന്ന ജാതി അധിക്ഷേപ പഴഞ്ചൊല്ലാണ് നന്മയുടെ നാറ്റത്തോടെ ആദ്യം പുറത്ത് വരുന്നത്.അത് ഗ്രാമം ഏറ്റുചൊല്ലുകയാണ്. പണിയിൽ കളളം കാണിക്കുന്നവനാണ് തട്ടാനെന്ന ജാതി അധിക്ഷേപം വളരെ സാധാരണത്തോടെ ‘തട്ടാൻ തട്ടി’ എന്ന് നന്മഗ്രാമത്തെ കൊണ്ട് ഏറ്റ് ചൊല്ലിക്കുമ്പോൾ അന്തിക്കാടിന് കുണ്ഠിതമുണ്ടോ എന്ന് ആരും ചോദിക്കുന്നില്ല.
എന്തിന് അനാവശ്യ വിവാദം. അടുത്ത സീനിൽ സ്ത്രീധനം ക്രിമിനൽ കുറ്റമായ നാട്ടിൽ ഭാര്യയെ അപമാനിച്ച് വീട്ടിലേക്ക് ആനയിക്കുന്ന നായകൻ ഭാര്യപിതാവിനോട് ആരാണ് തന്നെ ചതിച്ചത് എന്ന് ചോദിക്കുമ്പോൾ അതും തട്ടാനാണന്ന് ഉറപ്പിച്ച് പറയുന്നു. വീണ്ടും നന്മ . അവിടെ നിന്ന് അടുത്ത സീനിലേക്ക് പോകുമ്പോൾ നിന്നെ ആരാണ് ചെമ്പ് ചേർത്തു സ്വർണ്ണം ഉണ്ടാക്കി പറ്റിക്കാൻ പഠിപ്പിച്ചതെന്ന് ഭാസ്കരനോട് സ്വന്തം പിതാവ് ചോദിക്കുമ്പോൾ തന്റെ അമ്മക്ക് കൊടുത്ത സ്വർണ്ണമെല്ലാം ചെമ്പല്ലെ എന്ന് തിരിച്ച് ചോദിച്ചുകൊണ്ട് അച്ഛനിൽ നിന്നാണ് ഇത് പഠിച്ചതെന്ന് ഭാസ്കരൻ പറയുമ്പോൾ സ്വന്തം പാരമ്പര്യം പറ്റിക്കലാണന്ന ജാതി അധിക്ഷേപ പഴഞ്ചൊല്ല് ഒരു തട്ടാനെ കൊണ്ട് പറയിപ്പിക്കുന്നതും നന്മ. ഇത്തരം നന്മകളൊക്കെ വഴിഞ്ഞൊഴുകുന്ന സിനിമയുടെ പേര് വിവാദമാക്കിയവരെ ഈ രണ്ടായിരത്തിമൂന്നിലും വന്നിരുന്ന് അപഹസിക്കാനുളള ആ തൊലികട്ടിക്ക് പറയുന്ന പേരാണ് ‘കേരള പുരോഗമനം , സവർണ്ണ ഹിന്ദു സ്പോൺസേഡ്’ .