Interview:”മണിപ്പൂർ കലാപത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കുണ്ട് ”: ​ഇറോം ശർമിള

Spread the love

ഇറോം ശർമിള/ ഷിജിൻ കെപി

Q.രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു രണ്ട് പെൺകുട്ടികളെ ആൾക്കൂട്ടം ന​ഗ്നമായി നടപ്പിക്കുന്നതും, പിന്നീട് ബലാത്സം​ഗം ചെയ്തതും. ഇത്തരത്തിൽ നിരവധി ഭയാനകമായ വാർത്തകളാണ് മണിപ്പൂരിൽ നിന്ന് റിപ്പോർട്ട് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇപ്പോൾ സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുന്ന അക്രമങ്ങളെക്കുറിച്ചുളള താങ്കളുടെ കാഴ്ചപ്പാട് പങ്കിടാമോ?

Ans. മണിപ്പൂരിൽ നിന്ന് വരുന്ന വാർത്തകൾ ഹൃദയഭേദകരമാണ്. കലാപം കൺട്രോൾ ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്കാണ് പോകുന്നത്.മണിപ്പൂരിലെ രണ്ട് പെൺകുട്ടികളെ ആൾക്കൂട്ടം ബലാത്സം​ഗം ചെയ്ത വാർത്ത വളരെ വേദനോടെയാണ് കണ്ടത്. അവർ സ്ത്രീകളെയാണ് കൂടുതൽ ടാർ​ഗറ്റ് ചെയ്യുന്നത്. രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു ഇത്. ലജ്ജാകരമായ ഈ പ്രവൃത്തിയുടെ പേരിൽ അറസ്റ്റിലായ കുറ്റവാളികൾ എങ്ങനെയാണ് സ്ത്രീകളെ ലക്ഷ്യം വച്ചുള്ള വിദ്വേഷം സൃഷ്ടിച്ചതെന്ന് ബന്ധപ്പെട്ട അധികാരികൾ അന്വേഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

Q. 5ജി സാങ്കേതിക വിദ്യയുള്ള രാജ്യത്ത് മണിപ്പൂരിൽ നടന്ന ദാരുണമായ സംഭവം അറിയാൻ രണ്ട് മാസത്തിലധികം സമയമെടുത്തു. കലാപം തടയുന്നതിന് ഉചതിമായ നടപടിയെടുക്കാതെ സർക്കാർ ഇന്റർനെറ്റ് നിരോധിക്കുകയാണ് ആദ്യം ചെയ്തത്. ഇതിനോട് താങ്കൾ യോജിക്കുന്നുണ്ടോ?

ans. ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത് ഒരു തരത്തിലുള്ള വിവേചനം ആയിട്ടാണ് എനിക്ക് തോന്നുന്നത്. കേന്ദ്ര ഗവണ്മെന്റിന് മുംബൈ, ബാംഗ്ലൂർ, ഡൽഹി പോലുള്ള മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഇതുപോലെ ഇന്റർനെറ്റ് ബാൻ ചെയ്യാൻ സാധിക്കുമോ? പക്ഷെ കശ്മീരിൽ ഇന്റർനെറ്റ്‌ ബാൻ ചെയ്യാൻ അവർക്ക് സാധിക്കും. അതുപോലെ തന്നെ മണിപൂരിലും. ഇതൊരു നല്ല കാര്യമല്ല. പ്രധാനമന്ത്രി മണിപ്പൂരിനെ അവഗണിക്കുകയും, വിദേശ പര്യടനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. ഇത് മൗലിക അവകാശത്തിന്റെ ലംഘനമാണ്.

Q. രണ്ട് പെൺകുട്ടികളെ ആൾക്കൂട്ടം ന​ഗ്നമായി നടത്തിക്കുന്ന വീഡിയോ വൈറലായതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിഞ്ഞ് പ്രതികരിക്കാൻ തയ്യാറായത്. കേന്ദ്ര-സംസ്ഥാന സർക്കാറിന്റെ നിസം​ഗതയോടുള്ള താങ്കളുടെ അഭിപ്രായം എന്താണ്?

Ans. പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടൽ മണിപ്പൂരിൽ ഉണ്ടായിട്ടില്ല. പട്ടാളത്തെ മണിപ്പൂരിലേക്ക് പറഞ്ഞയച്ചത് കൊണ്ട് മാത്രം പ്രശ്നങ്ങൾ തീരില്ല. ആർമിയെ മണിപ്പൂരിലെ ജനങ്ങൾ വിശ്വസിക്കുന്നില്ല. AFSPA കാരണം മണിപ്പൂരിലെ ജനങ്ങൾ ആർമിക്ക് എതിരാണ്. മണിപ്പൂരിലെ കലാപം പരിഹരിക്കുന്നതിൽ മണിപ്പൂർ സർക്കാരും പരാജയപ്പെട്ടിരിക്കുകയാണ്.

Q. കലാപം സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥയെ എങ്ങനെയാണ് ബാധിച്ചത് ?

Ans. മണിപ്പൂർ മാറിമാറി ഭരിച്ച ഗവൺമെന്റുകൾ എല്ലാം corrupted ആണ്. മണിപ്പൂർ ഭരിച്ചവരാരും സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ബജറ്റിൽ പോലും വികസനത്തിന് വേണ്ടി കാര്യമായി തുക മാറ്റി വെച്ചിട്ടില്ല. അതിനാൽ തന്നെ തൊഴിലില്ലായ്മയും കൂടുതലാണ്. കലാപ സമയത്ത് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ ആയ ഭക്ഷണം, വസ്ത്രം എന്നിവ കിട്ടുന്നുണ്ടോ എന്നത് സംശയമാണ്. ഈ അവസ്ഥ ഭയാനകമാണ്.

Q. വ്യക്തികളിലും സമൂഹത്തിലും കലാപം ഏൽപ്പിക്കുന്ന ആഘാതം ദീർഘകാലം നിലനിൽക്കും. സംഘർഷം ബാധിച്ചവർക്ക് മാനസികാരോഗ്യ പിന്തുണയും പുനരധിവാസവും നൽകുന്നതിന് എന്തൊക്കെ പ്രതിവിധികളാണുള്ളത് ?

Ans. സ്ത്രീകൾ കുട്ടികൾ തുടങ്ങിയവരെല്ലാവരും തന്നെ മാനസികാഘാതത്തിലായിരിക്കും. യൂറോപ്പ്യൻ യൂണിയൻ, യു. എൻ പോലുള്ള സംഘടനകൾ മണിപ്പൂരിലേക്ക് വന്ന് റീഹാബിലിറ്റേഷൻ പ്രോഗ്രാമുകൾ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

Q. കലാപം അവസാനിപ്പിക്കാൻ ഇനി എന്താണ് ചെയ്യേണ്ടത് ?

Ans. രണ്ട് സമുദായങ്ങളും പരസ്പരം കുറ്റപ്പെടുത്തുന്നു. എം.എൽ.എ മാരുടെ ഉത്തരവാദിത്തമാണ് അവരുടെ മണ്ഡലങ്ങളിലെ ആളുകളുമായി സംസാരിച്ച് ഈ പ്രശ്നം പരിഹരിക്കുക എന്നത്. മണിപ്പൂർ സർക്കാറിന് കേന്ദ്ര ഗവൺമെന്റുമായി സഹകരിച്ച് ഈ വിഷയത്തിൽ ഫലപ്രദമായി ഇടപെടാമായിരുന്നു.കൃത്യമായ നേതൃത്വം ഇല്ലായ്മയാണ് ഈ വിഷയം ഇത്ര വഷളാവാൻ കാരണം. പ്രതിപക്ഷ പാർട്ടികൾ മണിപ്പൂരിലേക്ക് പോയി ഇരു വിഭാഗങ്ങളിലുമുള്ള ആളുകളോട് സംസാരിച്ച് ഈ വിഷയത്തിൽ ഒരു പരിഹാരം കണ്ടെത്തണം. പ്രധാനമന്ത്രിയുടെ ഇടപെടലും ഇവിടെ കാര്യമായി ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി ഇനിയും ആ കസേരയിൽ തുടരാൻ യോഗ്യനല്ല. അദ്ദേഹം പൂർണമായും ഈ വിഷയത്തെ നിസ്സാരവൽക്കരിക്കുകയാണ് ചെയ്തത്.

whatsapp

Spread the love

Leave a Reply

Your email address will not be published. Required fields are marked *