‘കോടിയേരി ബാലകൃഷ്ണൻ ഒരു ജീവചരിത്രം’ എന്ന പുസ്തകം ഒരു അനിവാര്യതയാണ്

Spread the love

ഹരി ശങ്കർ കർത്ത

കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയജീവിതം സംഭവബഹുലമായിരുന്നെങ്കിലും സവിശേഷമായൊരു പരിവേഷം ഒന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എഴുപതുകളിലെ വിദ്യാർത്ഥിപ്രസ്ഥാനകാലം മുതലെ ഒരു മുഴുവൻ സമയ രാഷ്ട്രീയജീവിതം തിരഞ്ഞെടുത്ത ഒരാളെ സംബന്ധിച്ചിടത്തോളം സംഭവബഹുലതയല്ലാതെ മറിച്ചൊരു നിലയുണ്ടാവാൻ തരമില്ല. തിരിച്ചും മറിച്ചും പലതും സംഭവിച്ചിരിക്കാമെങ്കിലും അതൊക്കെയും ഏറെക്കുറെ സാധാരണസംഗതികൾ മാത്രമായെ ദൃശ്യത കൈവരിച്ചിരുന്നുള്ളൂ.
കോടിയേരിയെ ഇഷ്ടപ്പെട്ടിരുന്നവരും “സാധാരണക്കാർ” എന്ന് വിളിച്ച് പോരുന്ന സവിശേഷവിഭാഗത്തിൽ പെട്ടവരായിരുന്നു. ഒളിവും ഒളിവിലെ ഓർമ്മകളും കഴിഞ്ഞ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ രണ്ടായി പിരിഞ്ഞ്, ഇന്ത്യൻ ജനാധിപത്യത്തിന്റെ ആവാസവ്യവസ്ഥയിൽ സ്വയം സ്ഥാപനവൽക്കരിച്ച് കൊണ്ട് മുന്നേറാൻ പരിശ്രമിച്ച് തുടങ്ങിയ ശേഷമാണ് കോടിയേരിയിലെ എ ബാലകൃഷ്ണൻ രാഷ്ട്രീയപ്രവർത്തനത്തിന്റെ മേഖലയിലേക്ക് കടന്ന് വരുന്നത്. അതികായരുടെ നിഴലിലും അവരുടെ കൺവെളിച്ചത്തിലുമാണ് അദ്ദേഹത്തിന്റെ തലമുറയിലെ മിക്ക നേതാക്കളും നേതാക്കളെന്ന നിലയിൽ തഴച്ച് വളർന്നത്. മുതിർന്ന നേതാക്കളെ വിമർശിച്ച് കൊണ്ട്, പിതൃനിഷേധാദിഭാവുകത്വങ്ങളോടെ വിളഞ്ഞ് പൊന്തിയവരെ വ്യതിചലിച്ച് പോയ തീവ്രനിലപാടുകാരായി അദ്ദേഹത്തിന്റെ പാർട്ടിയും കണിശതരമായി കൈകാര്യം ചെയ്ത് പോന്നു.

കോടിയേരിയെ പോലെയുള്ളവർ മിക്കവാറും അകാൽപനികരായാണ് വിലയിരുത്തപ്പെടുന്നത്; സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ആവാസവ്യവസ്ഥയുടെ ഭാഗമായി സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും കെട്ടിപ്പെടുത്തവരുടെ ഒരു പൊതുവായ അവസ്ഥ അതാണ്. വിദ്യാർത്ഥിപ്രസ്ഥാനകാലത്ത് ഇതര സംഘടനപ്രവർത്തകർ ആക്രമിച്ചപ്പോൾ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ബാലകൃഷ്ണൻ നാട് വിടുകയാണ് ഉണ്ടായത്. പിന്നീട് തിരിച്ച് വന്ന് സംഘടനയിൽ സജീവമായി. ഇതിനൊരു കാൽപനികപരിവേഷം ചാർത്തി കൊടുക്കാൻ കഴിയുന്ന ഭാഷ, അറുപതുകളിൽ സമാരംഭിച്ച കഠിനപ്രയത്നങ്ങളിലൂടെ സ്വയം സ്ഥാപനവൽകരിച്ച് തുടങ്ങിയ തരം ഇടത് പക്ഷത്തിനില്ല.
അത് പോലെ, അടിയന്തരവസ്ഥകാലത്ത് ജയിലാവുന്നതായിരുന്നു അവരുടെ സംഘടനപരമായ ശരി. ബാലകൃഷ്ണൻ എന്ന വിദ്യാർത്ഥിനേതാവ് ഒന്നരവർഷം ജയിലിൽ കഴിഞ്ഞ് കൂടി. അടി വാങ്ങി. പുറത്തിറങ്ങിയ പാടെ വീണ്ടും വിദ്യാർത്ഥികളെ വിളിച്ച് കൂട്ടുന്ന പരിപാടി പൂർവ്വാധികം ശക്തിയായി തുടർന്ന് പോന്നു. അടി വാങ്ങി.
തലമുടിയും താടിയും നീട്ടി വിഷാദഗ്രസ്തമായ് അലഞ്ഞ് തിരിയാതെ, ജയിലിൽ വെച്ച് ആത്മീയാനുഭവങ്ങൾ കൊണ്ട് സിദ്ധി കൂടാതെ, ആധുനിക സാഹിത്യം വായിച്ച് സന്ദേഹഭരിതമായൊരു മാസശബളജീവിതം ജീവിക്കാതെ ഒരു രാഷ്ട്രീയസംഘടനയുടെ ഭാഗമായി മുദ്രാവാക്യം വിളിച്ച് നടന്ന ഒരു യുവാവ് ചിട്ടപ്പടി ജില്ല നേതാവായ്, ആഭ്യന്തരമന്ത്രിയായ്, ദേശീയ കമ്മിറ്റിയിലെ മെമ്പറായ്, സംസ്ഥാന സെക്രട്ടറിയായ് പരിണമിച്ച് മാറുന്നു. ആ വഴിക്ക് കുറച്ചേറെ ആരോപണങ്ങൾക്ക് വിധേയനാവുന്നു. ആർക്കും വരാവുന്ന ഒരു രോഗം വന്ന് മരിച്ച് പോവുന്നു. വ്യക്തിപരമായി അടുപ്പമുള്ളവരെ മാറ്റി നിർത്തിയാൽ, അയാളെ രാഷ്ട്രീയമായി പിന്തുടർന്നവർ ഒരു നിമിഷത്തിന്റെ തീവ്രമായൊരു കൊളുത്ത് വലി അനുഭവിക്കുന്നു; പിന്നീട് ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യത്തിലൂടെ അതിനെ അതിജീവിക്കുന്നു. അതാണതിന്റെ രാഷ്ട്രീയശരിയെന്ന് വിചാരിച്ചും സ്വയം വിശ്വസിപ്പിച്ചും കടന്ന് പോവുന്നു.

അത് കൊണ്ട് തന്നെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ ബില്ലും കേരള പോലീസ് ഭേദഗതി ബില്ലും സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയവും ഒക്കെ കൂടി തുന്നിച്ചേർത്ത് വെക്കുന്നതും കോടിയേരി ബാലകൃഷ്ണന്റെ ജീവചരിത്രമായി തീരുന്നു. സംഘടനപരമായ അച്ചടക്കം പാലിച്ച് കൊണ്ട് പരസ്യമായി ജീവിക്കേണ്ടി വരുന്നതിലെ ഒരു “രസക്കേടായ്” കൂടി ഇതിനെ വിചാരിക്കാവുന്നതാണ്.
കോടിയേരിയടക്കമുള്ള രാഷ്ട്രീയനേതാക്കളെ കക്ഷിരാഷ്ട്രീയത്തിന്റെ വാൾപ്പയറ്റുകൾക്കപ്പുറം വിമർശനാത്മകമായി അപഗ്രഥിക്കാനുള്ള ഒരു രീതിയൊന്നും ഇവിടെ നിലവിലുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെയൊരു അഭാവത്തിന്റെ വിരുദ്ധപ്രഭാവം അതിന്റെ ഉച്ചകോടിയിലേക്ക് കടക്കയും ചെയ്തിരിക്കുന്നു. പക്ഷേ “കോടിയേരി ബാലകൃഷ്ണൻ ഒരു ജീവചരിത്രം” എന്ന പുസ്തകം ഒരു അനിവാര്യതയാണ്. അതൊരു ആദരാഞ്ജലി മാത്രമല്ല, ചരിത്രനിർമ്മാണപ്രക്രിയയുടെ ഭാഗം കൂടിയാണ്.
കോടിയേരിയുടെ നിര്യാണാനന്തരം ഒരു പുസ്തകം എഴുതിയുണ്ടാക്കി പൊതുമണ്ഡലത്തിലേക്ക് വിക്ഷേപിക്കേണ്ടത് അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെ കർത്തവ്യമായ്, അത്യാവശ്യമായ് അവർ കരുതുന്നുണ്ടാവണം. നിർവിവാദമായൊരു തുടക്കത്തിലൂടെ അവർക്ക് അവരുടെ പോളിറ്റ് ബ്യൂറോ മെമ്പറുടെ ജൈവികമായൊരു സ്മാരകം പണിതുയർത്തേണ്ടതുണ്ട്. ഇത് എല്ലാത്തരം രാഷ്ട്രീയവിഭാഗങ്ങളും യഥേഷ്ടം ചെയ്ത് പോരുന്നതാണ്. അതാത് വിഭാഗങ്ങളുടെ അനുഭാവിവൃന്ദവും അവിടെ സന്നിഹിതരായി കൊണ്ട് അവരുടെ ചരിത്രപരമായ കർത്തവ്യങ്ങൾ തങ്ങളാലാവും വിധം നിർവഹിക്കുന്നു.

വളരെ വൈകാരികമായൊരു നിശബ്ദതയിലേക്ക് വീണ് പോവുന്നതിലൂടെ കൊടിയേരിയെ കുറിച്ചുള്ള സന്ദർഭോചിതമായ അനുസ്മരണപ്രഭാഷണത്തെ അതിന്റെ വഴിക്ക് വിട്ട് കൊണ്ട് തന്റെ കസേരയിലേക്ക് ചാഞ്ഞ് പോയ പിണറായി വിജയന്റെ പേരിൽ ചേർത്തിരിക്കുന്ന ലേഖനം പോലും അതിലെ യാന്ത്രികവും ഔദ്യോഗികവുമായ കർത്തവ്യബോധം കൊണ്ടാണ് ശ്രദ്ധേയമായിരിക്കുന്നത്. കോടിയേരിയെ കുറിച്ച് അവരെപ്പോലുള്ള എല്ലാവർക്കും തന്നെ ധാരാളത്തിലധികം ഓർമ്മകൾ ഉണ്ടാവും. അവരുടെ വ്യക്തിപരമായ നിമിഷങ്ങളിൽ അവരതെല്ലാം എടുത്ത് വെച്ച് നെടുവീർപ്പിടുകയും ചെയ്യുന്നുണ്ടാവാം. പക്ഷേ അതിനേക്കാൾ പ്രധാനമായത് രാഷ്ട്രീയപരമായ തങ്ങളുടെ കർത്തവ്യബോധമാണെന്ന നിലയിലാണ് ഈ ജീവചരിത്രപുസ്തകം സങ്കല്പിക്കപ്പെട്ടിരിക്കുന്നത്.
കോടിയേരിയുടെ ജീവിതം വിവാദസമ്പുഷ്ടമായൊരു സംവാദഭൂമികയാക്കുന്നതിലപ്പുറം ആ ജീവിതം കൊണ്ട് സാധ്യമായ രാഷ്ട്രീയവിജയങ്ങളെ മുന്നോട്ട് കൊണ്ട് പോവുന്നതാണ് പ്രധാനം എന്ന് കരുതുന്നവരാണ്, അഥവാ അങ്ങനെയൊരു ആശയമാണ് ഈ പുസ്തകത്തിന് പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്. അങ്ങനെയൊരു മുന്നോട്ട് പോക്ക് തന്നെയാവും കോടിയേരിക്ക് വേണ്ടിയുള്ള ഏറ്റവും മികച്ച സ്മാരകം എന്നും അവർ അവരുടെ മാനുഷികമായ പരിമിതികൾക്കുള്ളിൽ നിന്നും വിശ്വസിക്കുന്നുണ്ടാവണം.

എന്നിരുന്നാലും അങ്ങനെയൊരു മുന്നേറ്റത്തിന്റെ തിരക്കുകൾക്കൊപ്പം തങ്ങളുടെ സഹപ്രവർത്തകനെ, സഖാവിനെ, നേതാവിനെ, സുഹൃത്തിനെ പൊതുമണ്ഡലത്തിൽ അടയാളപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അവർക്ക് അറിയാം. വ്യാജചരിത്രങ്ങൾ അരങ്ങ് വാഴുന്ന സത്യാനന്തര മുഖ്യധാരയിൽ അതിന്റെ വിപരീതദിശയിൽ മെനക്കെട്ട് സഞ്ചരിക്കാൻ വിധിക്കപ്പെട്ടിരിക്കുന്ന ഒരു രാഷ്ട്രീയയാഥാർത്ഥ്യത്തിന് വേണ്ടിയുള്ള ഒരു എളിയ തുടക്കമാണ് ഈ പുസ്തകം എന്ന് അനുമാനിക്കാവുന്നതാണ്. രാഷ്ട്രീയസ്ഥിരതയുടെ മറ്റൊരു ഭാവികാലത്ത് അടിയന്തരാവസ്ഥ കഴിഞ്ഞ് ഉയർന്ന് വന്ന ഓരൊ ജനനേതാക്കളെയും സൂഷ്മമായ്, സമഗ്രമമായ്, സർഗാത്മകമായ് വിമർശിക്കേണ്ട ഒരു സന്ദർഭം ഉളവായി വരേണ്ടതാണ്. അന്നത്തേക്കുള്ള ഒരു കരുതലാണീ പുസ്തകവും ഈ പുസ്തകം വരച്ചിടുന്ന കോടിയേരി ബാലകൃഷ്ണന്റെ സംഭവബഹുലജീവിതത്തിന്റെ ഏകദേശാഖ്യാനവും എന്ന് അനുമാനിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല.
കൃത്യമായൊരു അടിത്തറ കെട്ടിപ്പണിയുന്നതിലൂടെ എതിരാളികളുടെ ചുമലിൽ കൈ വെച്ച് സൗഹാർദ്ദപൂർവ്വം നടന്ന് പോകാനാവും വിധം സൗമ്യദീപ്തമായൊരു പൊതുജീവിതം സാധ്യമാണെന്ന് തന്നെയാണല്ലൊ, ആധുനികകേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയസംഘാടകരിൽ ഒരാളായ് വിലയിരുത്തപ്പെടാനിരിക്കുന്ന കോടിയേരി ബാലകൃഷ്ണൻ എന്ന കണിശക്കാരനായ മാർക്സിസ്റ്റ് പാർട്ടി നേതാവ്, സ്വതസിദ്ധമായ പുഞ്ചിരിയോടെ, തന്റെ അനന്തരകാല രാഷ്ട്രീയതലമുറയോട്, സ്വന്തം കർമ്മകാണ്ഡത്തിലെ വിജയപതാകകൾ തെളിവായ് ഉയർത്തിപ്പിടിച്ച് കൊണ്ട്, എഴുന്ന് നിൽക്കുന്ന ഒരു ഓർമ്മ എന്ന നിലയിൽ പ്രസംഗിച്ച് കൊണ്ടേയിരിക്കുന്നതും…


Spread the love

Leave a Reply

Your email address will not be published. Required fields are marked *