പുതുപ്പള്ളിയേക്കാൾ പ്രധാനപ്പെട്ട രണ്ട് പരാജയങ്ങൾ സി.പി.ഐ.എമ്മിന് ഇന്നുണ്ടായിട്ടുണ്ട്

Spread the love

എഴുത്ത് : ശ്രീജിത്ത് ദിവാകരൻ


ത്രിപുരയിലെ ബോക്‌സ നഗർ മണ്ഡലത്തിൽ ബി.ജെ.പി ജയിച്ചിരിക്കുന്നത് ഏതാണ്ട് തൊണ്ണൂറു ശതമാനം വോട്ട് നേടിയാണ്. കൃത്യമായി 87.97 ശതമാനം. പത്തുശതമാനത്തിനല്പം മുകളിലാണ് സി.പി.ഐ.എമ്മിന്റെ വോട്ട്. ബി.ജെ.പി അധികാരത്തിലെത്തിയ 2018-ലും 2023-ലും ഇടത്പക്ഷത്ത് ഉറച്ച് നിന്ന മണ്ഡലമാണ്. എന്നിട്ടീ ഉപതിരഞ്ഞെടുപ്പിൽ എങ്ങനെ ഇതുപോലൊരു ഒഴുക്ക് ബി.ജെ.പിയിലേയ്ക്ക് സംഭവിച്ചു? സി.പി.ഐ.എമ്മിലും കോൺഗ്രസിനും വോട്ട് ചെയ്തിരുന്ന സകലരും ബി.ജെ.പിയിലേയ്ക്ക് പോയോ? വിശ്വസിക്കാൻ പ്രയാസമാണ്. ഏതാണ്ട് 80 ശതമാനത്തോളം വോട്ടർമാരും മുസ്ലീങ്ങളായ മണ്ഡലം കൂടിയാണ് ബോക്‌സ നഗർ. ബി.ജെ.പി രാജ്യത്തിനോട് ചെയ്യുന്നതെന്തെന്ന് അറിയാത്ത, പൗരത്വ നിയമം വന്നാൽ ആദ്യം തടവിലാകുന്ന കൂട്ടരാണ് തങ്ങളെന്ന് മനസിലാകാത്തവരാണോ അവർ? ആകാൻ വഴിയില്ല. തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുകയാണ് എന്നുള്ള ആരോപണം ത്രിപുരയിൽ നിന്ന് ഉയരുന്നത് വനരോദനം പോലെ അവസാനിക്കുകയാണ്.

ത്രിപുരയിലെ തന്നെ ധൻപൂരാണ് മറ്റേ മണ്ഡലം. ഇക്കഴിഞ്ഞ 2023 തിരഞ്ഞെടുപ്പിന് മുമ്പ് ആറുതവണ സാക്ഷാൽ സഖാവ് മണിക് സർക്കാർ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം. 2013 അസംബ്ലി തിരഞ്ഞെടുപ്പിൽ പാർട്ടി തോറ്റത് 3500 വോട്ടിനാണെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ തോറ്റത് 18,000 പ്ലസ് വോട്ടുകൾക്കാണ്. ആദിവാസി വോട്ടുകൾ നിർണായകമായ ഈ മണ്ഡലത്തിൽ ആകെയുള്ള വോട്ടുകളുടെ എണ്ണം നോക്കുമ്പോൾ ഇത് വലിയ ഭൂരിപക്ഷമാണ്. ബി.ജെ.പി 70 ശതമാനത്തിന് മുകളിൽ വോട്ട് പിടിച്ചു. എങ്കിലും ഈ രണ്ട് മണ്ഡലത്തിലും കുറച്ച് ഇടത്പക്ഷക്കാർ ബാക്കിയുണ്ട്. അവർ ഇനിയും കൊടികൾ പിടിച്ചിറങ്ങും. സമ്മേളനങ്ങളും യോഗങ്ങളും ചേരും. പിരിവിട്ട് രക്തസാക്ഷി ദിനങ്ങൾ ആചരിക്കും. മനുഷ്യർക്ക് ഗുണം കിട്ടുന്ന കാര്യങ്ങൾക്ക് ഒരുമിക്കും. അടിയും കൊലയും അതിജീവിച്ച് രാഷ്ട്രീയം സംസാരിക്കും. എവിടെയാണ് പിഴച്ച് പോയത് എന്ന് തിരിച്ചറിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ അതിന് കാരണക്കാരായ പലരേയും അപ്പുറത്തെ പാളയത്തിൽ ഭരണക്കസേരകളിൽ കണ്ട് ദീർഘ ശ്വാസം വിടുന്നുണ്ടാകും. പെട്ടെന്നൊന്നും ഭരണത്തിൽ തിരിച്ചെത്തില്ല എന്നും സ്വാതന്ത്ര്യസമരം പോലെ ഏതോ ഭാവികാലത്തിന് വേണ്ടിയുള്ള പോരാട്ടമായിരിക്കുമിനിയെന്നും അവർക്കറിയാമായിരിക്കും.

പുതുപ്പള്ളി മണ്ഡലക്കാരനും കോട്ടയത്തെ പ്രമുഖ നേതാവുമായ അഡ്വ. റെജി സഖറിയ ആണ് വലിയ ബഹുമാനം തോന്നിയിട്ടുള്ള ജനകീയ നേതാക്കളിൽ ഒരാൾ. സഖാവ് റെജി ചേട്ടന്റെ പ്രായത്തോളം കാലമായി ഉമ്മൻ ചാണ്ടിയെന്ന അതികായന്റെ തട്ടകമാണ് പുതുപ്പള്ളി. പക്ഷേ, മനുഷ്യർക്കിടയിൽ പ്രവർത്തിക്കുന്നതിന്, അവർക്ക് വേണ്ടി സംസാരിക്കുന്നതിന്, ജനകീയ പ്രവർത്തനങ്ങൾ നടത്തുന്നതിന് അവിടെ തിരഞ്ഞെടുപ്പ് ജയിക്കാൻ പ്രയാസമാണ് എന്ന സത്യമൊന്നും ഒരു തടസമല്ല. റെജി ചേട്ടനും മുമ്പ് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചിട്ടുണ്ട്. ജയിക്കില്ല എന്ന ബോധ്യം ഉണ്ടായിട്ട് തന്നെയാകും പ്രവർത്തനം തടത്തുന്നത്. പക്ഷേ അതിന് ശേഷവും കോട്ടയത്തും പാമ്പാടിയിലും മണർകാടും പുതുപ്പള്ളിയിലും മനുഷ്യർക്കാവശ്യമുള്ള സമയത്ത് റെജി ചേട്ടൻ ഉണ്ട്. ഇക്കാലത്തിനിടയിൽ ജെയ്ക്കും അത് ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതിന് തിരഞ്ഞെടുപ്പ് ഫലങ്ങളൊന്നും തടസമല്ല. ഇവരൊക്കെ ഉദാഹരണങ്ങൾ മാത്രമാണ്.
പഞ്ചാബിലെ മലേർകോട്‌ലയിലും ഉത്തർപ്രദേശിലെ കാൺപൂരിലും രാജസ്ഥാനിലെ സിംഗൂരിലുമടക്കം എത്രയോ ഇടങ്ങളിൽ ജയിച്ചാലുമില്ലേലും മനുഷ്യർക്കിടയിലുണ്ടാകുമെന്ന് നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഒട്ടേറെ കമ്മ്യൂണിസ്റ്റുകാരെ കണ്ടിട്ടുണ്ട്. അത് തുടരും.
പക്ഷേ ഒരു സംസ്ഥാനം ഭരിക്കുന്ന സമയത്ത് ഭരണത്തിനെതിരെയുള്ള വികാരമുണ്ടായാൽ അത് തടയാനാവശ്യമായ പ്രവർത്തനം ചെയ്യാനുള്ള ബാധ്യത ജയിച്ചവർക്കും പാർട്ടിക്കുമുണ്ട്. വലത് പക്ഷത്തായിരിക്കും പൊതുസമൂഹം മിക്കവാറുമെന്നത് പ്രശ്നമല്ല. സാധാരണക്കാർക്ക് ഭരണത്തിനെതിരെ വികാരമുണ്ടോ എന്ന് പരിശോധിക്കേണ്ട സന്ദർഭങ്ങളാണ് ഒരോ തിരഞ്ഞെടുപ്പും. അത് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തെ മാത്രം ബാധിക്കുന്നതല്ല,

ജാർഖണ്ഡിൽ, ഉത്തർപ്രദേശിൽ, പശ്ചിമ ബംഗാളിൽ ബി.ജെ.പി തോറ്റിട്ടുണ്ട്. പുതുപ്പള്ളിയിൽ മൂക്കും കുത്തെ അവരുടെ വോട്ട് ശതമാനം കുറഞ്ഞിട്ടുമുണ്ട്. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ ഒരോ തിരഞ്ഞെടുപ്പിൽ നിന്നും സന്തോഷിക്കാനുള്ള വക പെറുക്കിയെടുക്കും. അടുത്ത തിരഞ്ഞെടുപ്പ് വരെ അതാണൂർജ്ജം.


Spread the love

Leave a Reply

Your email address will not be published. Required fields are marked *