ബിനോജ് നായർ
ചിലർക്ക് കഷ്ടകാല സമയത്ത് ചില ബുദ്ധി ഉദിക്കും. അപ്പോൾ അവർ ചെയ്യുന്ന പ്രവർത്തി ഓർത്ത്പിന്നീട് കുറെയേറെ കാലം അവർക്ക് 2പശ്ചാത്തപിക്കേണ്ടി വരും. ചിലർക്കെങ്കിലും ആ പ്രവർത്തി മൂലം ഉണ്ടാവുന്ന നഷ്ടങ്ങൾ വളരെ വലുതായിരിക്കും.
ഞാൻ പറഞ്ഞു വരുന്നത് സബ്രീന സിദ്ദീഖി എന്ന അമേരിക്കൻ പത്രപ്രവർത്തകയുടെ കാര്യമാണ്. The Wall Street Journalന്റെ White House reporter ആണ് സബ്രീന. മുൻപ് ഗാർഡിയൻ, Huffington Post തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇവർ അമേരിക്കയിൽ ജനിച്ച പാക്കിസ്ഥാൻ വംശജയാണ്. സബ്രീനയെക്കുറിച്ച് ഇപ്പോൾ പറയാൻ കാരണം അവരിപ്പോൾ ഇന്ത്യയിലെ ദേശസ്നേഹികളുടെ നോട്ടപ്പുള്ളിയാണ് എന്നതുകൊണ്ടാണ്. അവർ ചെയ്ത കുറ്റം പത്രക്കാരെ കാണുന്നത് തന്നെ അലർജി ആയ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വാദി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇന്നലെ ജോബൈഡനുമായി ചേർന്നു നടത്തിയ പത്ര സമ്മേളനത്തിൽ വച്ച് ഒരു ചോദ്യം ചോദിച്ചു എന്നതാണ്.
ചോദ്യം ചോദിക്കുന്നത് ഒരു തെറ്റാണോ എന്ന് ചോദിച്ചാൽ അല്ല. പക്ഷേ അത് ചോദിക്കുന്നത് മോദിയെ പോലൊരു ജനാധിപത്യവാദിയായ ഏകാധിപതിയോട് ആകുമ്പോൾ അതിൽ ഒരു പ്രശ്നമുണ്ട്. എങ്കിൽ പോലും മോദിത്തമ്പുരാന് തിരുവുള്ളക്കേട് ഉണ്ടാവാത്ത വിധം എന്തെങ്കിലും ചോദിച്ചാൽ വലിയ പ്രശ്നമില്ല. ഉദാഹരണത്തിന് ഇന്നലത്തെ പത്രസമ്മേളനത്തിൽ മോദിയ്ക്ക് നേരിടേണ്ടി വന്നത് രണ്ട് ചോദ്യങ്ങളായിരുന്നു. ഒന്ന് ഇന്ത്യയിൽ നിന്ന് മോദി തന്നെ ഉടുപ്പൊക്കെ ഇടീച്ച് കൂടെ കൊണ്ടുപോയി ചോദ്യവും എഴുതിക്കൊടുത്തു് അത് ചോദിപ്പിച്ച ഒരു സ്വാഭിമാനി മാധ്യമ അടിമ. അയാൾ ചോദിച്ചതോ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പത്താം ക്ലാസ് പോലും പാസ്സാവാത്ത വിശ്വ ഗുരുവിൻറെ അഭിപ്രായം. മോദിയുടെ അതിന് ഒരു ഒന്നൊന്നര ഉത്തരവും കൊടുത്തു.അപ്പോഴാണ് ഒരുമാതിരി കൂനിഷ്ട് ചോദ്യവുമായി സബ്രീന സിദ്ദീഖി എന്ന അമേരിക്കൻ വേഷമിട്ട പാക്കിസ്ഥാൻ വംശജയുടെ വരവ്. ചോദിച്ചതോ, മുസ്ലിമുകൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന മോദി ഭരണകൂടത്തെക്കുറിച്ചും.
ഉള്ളിലെ വെറുപ്പും നീരസവും ഒരു ചിരിയിൽ ഒളിപ്പിച്ച് ജനാധിപത്യത്തെ കുറിച്ച് ഒരു നീണ്ട കവിതയും വായിച്ച് വിശ്വ ഗുരു തൽക്കാലം തടി തപ്പിയെങ്കിലും പാവം സബ്രീനയുടെ ഗതികേട് അവിടെ തുടങ്ങി. നാട്ടിലുള്ള സ്വാഭിമാനി ഭ്രാന്തന്മാർ ഇതോടെ സബ്രീനയുടെ Twitter അക്കൗണ്ടിൽ പൊങ്കാല മഹോത്സവം ആരംഭിച്ചു. തങ്ങളുടെ സർവ്വസംഹാരമൂർത്തിയായ മോദി ദൈവത്തോട് ചോദ്യം ചോദിക്കാൻ മാത്രം ധിക്കാരം കാണിച്ച പാക്കിസ്ഥാന്റെ ചാരവനിതയെ ഏകപക്ഷീയമായി തെറിവിളിച്ച് അവർ ആത്മനിർഭരത കൈവരിച്ചു.
ഒടുവിൽ പാക്കിസ്ഥാനുമായി ദേശസ്നേഹികൾ ആരോപിക്കുന്ന യാതൊരു ബന്ധവും തനിക്ക് ഇല്ലെന്നും താൻ അമേരിക്കയിൽ ജനിച്ച ഒരു അമേരിക്കക്കാരിയാണെന്നും തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ പാവം സബ്രീനയ്ക്ക് ട്വിറ്ററിലൂടെ പ്രഖ്യാപിക്കേണ്ടി വന്നു. കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനോടുള്ള തൻറെ കടുത്ത ആരാധനയ്ക്കുള്ള തെളിവായി 2011 ൽ ഇന്ത്യ വേൾഡ് കപ്പ് നേടുന്നത് പിതാവിന് ഒപ്പമിരുന്ന് ആവേശത്തോടെ കണ്ടു കയ്യടിക്കുന്ന പഴയ ചിത്രവും പങ്കുവെച്ചുനോക്കി. ചിത്രത്തിൽ ഇവർ ഇന്ത്യൻ ടീമിൻറെ ജേഴ്സിയാണ് അണിഞ്ഞിട്ടുള്ളത്. പക്ഷേ ദേശസ്നേഹികൾ ഉണ്ടോ അടങ്ങുന്നു. സബ്രീന ഇന്ത്യയ്ക്ക് വേണ്ടി കൈയ്യടിച്ചതോ തലയിൽ തട്ടമിടാത്തതോ ഒന്നും ദേശസ്നേഹികളുടെ വെറുപ്പിന്റെ അഗ്നിയുടെ നാളങ്ങളെ അല്പംപോലും ശമിപ്പിക്കുന്നില്ല. സബ്രീനയുടെ പേരും മതവും അവരുടെ രക്തത്തിലുള്ള പാക്കിസ്ഥാന്റെ പച്ചക്കൊടിയും സ്വാഭിമാനികളുടെ ഉറക്കം കെടുത്താൻ ധാരാളമാണ്. അതുകൊണ്ട് ഇപ്പോൾ സംഘികൾ ട്വിറ്ററിൽ സബ്രീനയെ തെറി വിളിക്കുന്ന തിരക്കിലാണ്.
ഈ പറഞ്ഞതിൽ നിന്ന് ഒരു കാര്യം നാം പ്രത്യേകമായി എടുത്ത് മനസ്സിലാക്കേണ്ടത് മുസ്ലിം എന്ന സ്വത്വം അല്ലെങ്കിൽ muslim identity സംഘപരിവാറുകാരെ എത്രമാത്രം വെറി പിടിപ്പിക്കുന്നു എന്നതാണ്. ഇന്ത്യയിലെ മുസ്ലീമുകൾ ഒരു വംശഹത്യയുടെ മുനമ്പിൽ ആണെന്ന് Genocide Watch രോഗ ലക്ഷണങ്ങൾ അക്കമിട്ട് നിരത്തി നമ്മളോട് പറഞ്ഞത് ഓർമ്മയുണ്ടല്ലോ. മുസ്ലിം സ്വത്വം ബോധമണ്ഡലത്തിൽ പടരുന്ന മാത്രയിൽ ഉന്മാദസമാനമായ അസ്വസ്ഥതയും അപരന്റെ ജീവൻ എടുക്കാനുള്ള മൃഗതൃഷ്ണയും ഉള്ളിൽ നിറയുന്നത് വടക്കേ ഇന്ത്യയിലെ സംഖ്യകളിൽ മാത്രമല്ല സാധാരണ ഹിന്ദുക്കളിൽ കൂടിയാണെന്ന് നാം തിരിച്ചറിയുമ്പോഴാണ് Genocide Watch പറഞ്ഞാ മഹാസത്യത്തിന്റെ ഗൗരവം നമുക്ക് മനസ്സിലാവുക.
ഇപ്രകാരം Muslim identity വെറി പിടിപ്പിക്കുന്നത് സോഷ്യൽ മീഡിയയിലെ വെറും സംഘികൾക്ക് മാത്രമാണ് എന്ന് നിങ്ങൾ ധരിച്ചെങ്കിൽ തെറ്റി. അസാമിന്റെ മുഖ്യമന്ത്രിയായ ഹേമന്ത ബിശ്വാസ് ഒരു ട്വീറ്റ് ഞാൻ ഇപ്പറഞ്ഞ പുതിയ ഇന്ത്യൻ യാഥാർഥ്യം നിങ്ങളെ ബോധ്യപ്പെടുത്തും. ബരാക് ഒബാമ എന്ന പേരിൽ ലോകം അറിയുന്ന മുൻ അമേരിക്കൻ പ്രസിഡന്റിനെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പരിചയപ്പെടുത്തുന്നത് ഹുസൈൻ ഒബാമ എന്നാണ്. നരേന്ദ്ര മോദി അമേരിക്കയിൽ പോയി കൊട്ടിഘോഷിച്ച സമത്വ സുന്ദരമായ ഇന്ത്യൻ ജനാധിപത്യത്തിൻറെ തലപ്പത്ത്, അല്ലെങ്കിൽ ഇന്ത്യയുടെ ജനാധിപത്യ ശരീരത്തിൻറെ മസ്തിഷ്കത്തിനുള്ളിൽ കടന്നു കൂടിക്കഴിഞ്ഞ മുസ്ലിം വെറിയുടെ നേർ സാക്ഷ്യമാണ് അസമിന്റെ മുഖ്യമന്ത്രിയുടെ ഈ ട്വീറ്റ്.
സ്വന്തം ജോലി വൃത്തിയായി ചെയ്തതിന് മഹത്തായ ഇന്ത്യൻ ജനാധിപത്യം ഒരു വിദേശ മാധ്യമപ്രവർത്തകയെ ഏത് വിധം കൈകാര്യം ചെയ്തു എന്നതാണ് നമ്മൾ സബ്രീനയുടെ ദുരനുഭവത്തിൽ നിന്ന് മനസ്സിലാക്കേണ്ടത്. ഈ വിധം ഒരു വനിതയോട് പെരുമാറിയതോ നാഴികയ്ക്ക് നാൽപതു വട്ടം നാരി ശക്തിക്ക് വേണ്ടി തുടിക്കുന്ന ഒരു ഹൃദയവുമായി കറങ്ങുന്ന ഒരു പ്രധാനമന്ത്രിയുടെ കൂലിത്തല്ലുകാരും. ഇരിക്കാൻ പറയുമ്പോൾ മുട്ടിലിഴയുകയും കാലു നക്കുകയും മാത്രമല്ല നല്ല വൃത്തിയായി കുരയ്ക്കുകയും ചെയ്യുന്ന മാധ്യമങ്ങളെ ചെല്ലും ചെലവും കൊടുത്ത് വളർത്തുന്ന ഒരു നെറികെട്ട ജനാധിപത്യത്തെപ്പറ്റിയാണ് രാജ്യത്തിൻറെ പ്രധാനമന്ത്രി അമേരിക്കയിലെ വൈറ്റ് ഹൗസിൽ പോയി ബഡായി അടിച്ചത്.
ഇന്ത്യൻ ജനാധിപത്യത്തിൽ മതവിവേചനത്തിനോ സ്ത്രീവിരുദ്ധതയ്‌ക്കോ വംശീയമായ മുൻവിധികൾക്കോ ചാപ്പ കുത്തലുകൾക്കോ സ്ഥാനമില്ലെന്ന് ഗീർവാണമടിച്ച മോദി തൻറെ ടെലിപ്രോംറ്റർ ഓഫാക്കും മുമ്പ് തന്നെ മൂപര് പറഞ്ഞതെല്ലാം ശുദ്ധമായ കളവാണെന്ന് അദ്ദേഹത്തിൻറെ അരുമ ശിഷ്യന്മാർ അമേരിക്കക്കാർക്ക് ബോധ്യപ്പെടുത്തി കൊടുത്തിരിക്കുകയാണ്. മോദിയെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് നമ്മൾ പറയുമ്പോൾ പറയുന്നവരെ രാജ്യദ്രോഹി ആക്കിയവർ തന്നെ ഒടുവിൽ അക്കാര്യം ലോകത്തോട് വിളിച്ചു പറയുന്ന കാഴ്ചയല്ലേ നമ്മൾ ഈ കാണുന്നത്?