ഷിജിൻ കെപി
ജൂണ്‍ 23 ന് പട്നയില്‍ നടന്ന പ്രതിപക്ഷ കൂട്ടായ്മയില്‍ 15 പ്രതിപക്ഷ പാര്‍ട്ടികളാണ് പങ്കെടുത്തത്. ബിജെപിക്കെതിരെ സംയുക്തമായി മത്സരിക്കാനാണ് തീരുമാനമെന്നാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചത്. ഈ വർഷം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കും 2024 ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പുകൾക്കും മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ ഐക്യനിര രൂപം കൊണ്ടിരിക്കുകയാണ്. കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ കഴിഞ്ഞതോടെ കോൺഗ്രസ് ക്യാമ്പും ഉണർന്നിരിക്കുകയാണ്. രാജ്യതാൽപ്പര്യം മുൻനിർത്തി നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് എല്ലാവരും സമ്മതിച്ചിട്ടുണ്ടെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
പഞ്ചാബും ഡൽഹിയും ഭരിക്കുന്ന ആം ആദ്മി പാർട്ടി (എഎപി) പ്രതിപക്ഷ വാർത്താ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നത് ഭിന്നതയുടെ സൂചനയാണ്.ഡൽഹിയിൽ എഎപിയുടെ അധികാരം തടയാനുള്ള മോദിയുടെ ഫെഡറൽ സർക്കാരിന്റെ നീക്കത്തിനെതിരെ കോൺഗ്രസ് എഎപിയെ പിന്തുണച്ചില്ലെങ്കിൽ കോൺഗ്രസുമായുള്ള സഖ്യത്തിന്റെ ഭാഗമാകാൻ പ്രയാസമാണെന്ന് എഎപി അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പട്‌ന യോഗത്തെ “ഫോട്ടോ സെഷൻ” എന്നാണ് വിളിച്ചത്.”പ്രതിപക്ഷ ഐക്യം സാധ്യമല്ല. അത് സാധ്യമായാലും മോദി-ജിയുടെ നേതൃത്വത്തിൽ ബിജെപി 300-ലധികം സീറ്റുകൾ നേടും,”എന്നാണ് അമിത് ഷാ പ്രതികരിച്ചത്. കോണ്‍ഗ്രസ്, ആര്‍ ജെ ഡി സിപിഎം, സിപിഐ എം എല്‍,സിപി ഐ, ഡി എം കെ, ശിവസേന (ഉദ്ധവ് താക്കറെ) ജനതാദള്‍ യുണൈറ്റഡ്, ഝാര്‍ഖണ്ട് മുക്തി മോര്‍ച്ച, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, എന്‍സിപി, എഎപി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്ത പാർട്ടികളുടെ 2019ലെ സീറ്റ് നില

നിലവില്‍ ബിജെപിയ്ക്ക് 303 അംഗങ്ങളാണ് ലോക്‌സഭയില്‍ ഉളളത്. എന്‍ഡിഎയ്ക്ക് 353 അംഗങ്ങളും ലോക്‌സഭയിലുണ്ട്.കോണ്‍ഗ്രസിന് 52 എം പിമാരും യുപിഎയ്ക്ക് 91 പേരുമാണ് സഭയില്‍ ഉള്ളത്. ബിജെപിയുടെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം 37.36 ആണ്. എന്‍ഡിഎയുടെ മൊത്തം വോട്ടിങ് ശതമാനം 38.4 ആണ്. കോണ്‍ഗ്രസിന് 19.46 ശതമാനം വോട്ടുകളാണ് ലഭിച്ചത്. പട്നയില്‍ പങ്കെടുത്ത പ്രതിപക്ഷപാര്‍ട്ടികളുടെ ആകെ വോട്ടിങ് ശതമാനം എന്‍ഡിഎയുടെ തൊട്ടടുത്താണ്, 37.99 ശതമാനം. യോഗത്തില്‍ പങ്കെടുക്കാത്ത ബിഎസ്പിക്ക് 2019 ലെ തിരഞ്ഞെടുപ്പില്‍ 3.62 ശതമാനവും ടിഡിപിക്ക് 2.04 ശതമാനവും വോട്ടുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന് 2.53 ശതമാനം വോട്ടുകളും ലഭിച്ചിരുന്നു.