വി വേണു പുതിയ ചീഫ് സെക്രട്ടറി; ദര്‍വേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവി

Spread the love

വി വേണുവിനെ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വി പി ജോയ് ഈ മാസം വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ആണ് പുതിയ സംസ്ഥാന പൊലീസ് മേധാവി. കെ പത്മകുമാറിനെ മറികടന്നാണ് ഷേഖ് ദർവേഷ് സാഹിബ് പൊലീസ് മേധാവിയായത്.

1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വേണുവിന്റെ തുടക്കം പാലാ സബ്കളക്ടറായിട്ടായിരുന്നു. സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായിരുന്നു. കേരള ട്രാവൽ മാർട്ട്, ഉത്തരവാദിത്ത ടൂറിസം എന്നിവ തുടങ്ങിയത് വി വേണുവാണ്. കണ്ണൂർ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സ്പെഷ്യൽ ഓഫീസറായിരുന്നു. പ്രളയത്തിന് ശേഷം കേരള പുന‍ർനി‍ർമ്മാണത്തിന്റെ ചുമതലയും സർക്കാർ നൽകിയത് വി വേണുവിനാണ്. നിലവിൽ ആഭ്യന്തര പരിസ്ഥിതി വകുപ്പുകളുടെ സെക്രട്ടറിയാണ്.

1990 ബാച്ചിലെ ഐപിഎസ് ഓഫീസറായ ഡോ. ഷേഖ് ദര്‍വേഷ് സാഹിബ് നിലവില്‍ ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലാണ്. കേരള കേഡറില്‍ എഎസ്പിയായി നെടുമങ്ങാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ് പിയായും എംഎസ്പി, കെഎപി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടന്‍റ് ആയും പ്രവര്‍ത്തിച്ചു. ഗവര്‍ണറുടെ എഡിസിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്‍റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.ആന്ധ്രാപ്രദേശ് സ്വദേശിയാണ്. ഷെയ്ഖ് ഫരീദാ ഫാത്തിമയാണ് ഭാര്യ. ഡോ.അയിഷാ ആലിയ, ഫറാസ് മുഹമ്മദ് എന്നിവരാണ് മക്കള്‍. മരുമകന്‍ മുഹമ്മദ് ഇഫ്ത്തേക്കര്‍.


Spread the love

Leave a Reply

Your email address will not be published. Required fields are marked *